ആലപ്പുഴ: ജാതിഭേദവും മതദ്വേഷവുമില്ലാത്ത നാട്ടിൽ ഭേദചിന്തകളെ തിരികെ കൊണ്ടുവരാനുള്ള ഗൂഢശക്തികളുടെ നീക്കത്തെ സംഘടിച്ച് എതിർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.പി.എം.എസ് 54-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴ കടപ്പുറത്ത് ഡോ.ബി.ആർ.അംബേദ്കർ നഗറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി ഭേദവും മതദ്വേഷവുമില്ലാത്ത നാടാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
ഈ ആഗ്രഹം പുലർത്തുന്ന എല്ലാവരിലും എല്ലാവരുമുണ്ടോയെന്നാണ് ചിന്തിക്കണം. അതിനെതിരെ നിൽക്കുന്നവർക്കെതിരെ നിൽക്കാനുള്ള ശേഷിയുണ്ടാകണം. അവിടെ കാലിടറരുത്. ശക്തമായ നിലപാട് സ്വീകരിച്ചുപോകണം. നാടിന്റെ നവോത്ഥാന മൂല്യങ്ങൾക്ക് പോറലേൽപ്പിക്കാനുള്ള ഒരുപാട് നീക്കങ്ങൾ നടക്കുന്നുണ്ട്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നവോത്ഥാന നായകർ നടത്തിയ പോരാട്ടങ്ങളുടെ ഫലമായി വേറിട്ട് നിൽക്കുന്ന നാടാണ് കേരളം. ഇതിലും ശക്തമായ നവോത്ഥാന പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്ന നമ്മുടെ അയൽനാടുകളിലെ സ്ഥിതിയെന്താണ്. അവിടെ ഈ പറഞ്ഞ കാര്യങ്ങൾ തുടരാൻ പറ്റിയോ? അവിടങ്ങളിലെല്ലാം ഇപ്പോൾ ജാതീയമായും മതപരമായുമുളള വേർതിരിവുകൾ തുടർന്നു പോകുകയല്ലേ? സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് കേരളത്തിൽ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് ശരിയായ പിന്തുടർച്ചയുണ്ടായതാണ് ഭേദചിന്തയില്ലാത്ത നാടായി മാറ്റിയത്-മുഖ്യമന്ത്രി പറഞ്ഞു.
വർണവെറി ചിത്തഭ്രമം:
പുന്നല ശ്രീകുമാർ
നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് വേരോട്ടമുള്ള കേരളത്തിൽ കറുപ്പിന്റെയും വെറുപ്പിന്റെയും വർണവെറി സമൂഹമനസിനുണ്ടായ ചിത്തഭ്രമമാണെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു .ഇത്തരം ചിത്തഭ്രമങ്ങൾക്ക് ഉചിതമായ ചികിത്സ നൽകാൻ ഇടതുപക്ഷ ഭരണത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ്. സി.പി.എം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിലെ സ്വകാര്യ മേഖലാ സംവരണത്തിനും ജാതി സെൻസസ് നടപ്പാക്കാനുമുള്ള പ്രമേയങ്ങൾ പിന്നാക്ക, അധസ്ഥിത വിഭാഗങ്ങൾക്ക് പ്രതീക്ഷ പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് പി.എ അജയഘോഷ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി.പ്രസാദ്, എം.എൽ.എ മാരായ പി.പി ചിത്തരഞ്ജൻ, എച്ച്. സലാം, രമേശ് ചെന്നിത്തല, നഗരസഭാ അദ്ധ്യക്ഷ കെ.കെ ജയമ്മ, തെന്നിന്ത്യൻ സിനിമ സംവിധായകൻ മാരി ശെൽവരാജ്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ,സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എൻ.ബിജു നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |