കൊച്ചി: കേരള കാർഷിക സർവകലാശാലയിലെ 213 അനദ്ധ്യാപക തസ്തികകൾ നിറുത്തലാക്കാനുള്ള രജിസ്ട്രാറുടെ ഉത്തരവ് സർവകലാശാലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ നടപ്പാക്കാവൂ എന്ന് ഹൈക്കോടതി. ഹർജിയിൽ തീരുമാനമെടുക്കുംവരെ ഈ തസ്തികകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കി. തസ്തികകൾ നിറുത്തലാക്കിയതിനെതിരെ സർവകലാശാലയിലെ സെക്‌ഷൻ ഓഫീസർ ജോൺ കോശി ഉൾപ്പെടെ ഏതാനും ഉദ്യോഗസ്ഥർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഇടക്കാല ഉത്തരവ്.
ഇ-ഓഫീസ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി തസ്തിക പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ വൈസ്ചാൻസലറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ 2023ൽ നിയമിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോർട്ട് 2024ൽ സർക്കാരിന്റെ അഭിപ്രായത്തിനായി വിട്ടു. 2025 ഏപ്രിൽ അഞ്ചിന് ഈ റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ പേരിൽ 213 തസ്തികകൾ നിറുത്തലാക്കി രജിസ്ട്രാർ ഉത്തരവിറക്കിയതിനെയാണ് ഹർജിക്കാർ ചോദ്യം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |