മാള: പീഡനം ചെറുത്ത ആറുവയസുകാരനെ കുളത്തിൽ ചവിട്ടി താഴ്‌ത്തി കൊലപ്പെടുത്തിയ പ്രതി റിമാൻഡിൽ. അയൽവാസി മാള കൂഴൂർ സ്വദേശി കൈതാരത്ത് വീട്ടിൽ ജോജോയെ (19) മാള പൊലീസ് ഇന്നലെ തെളിവെടുപ്പിനെത്തിച്ചു. കഴിഞ്ഞദിവസം ചാമ്പക്ക കൊടുക്കാമെന്ന് പറഞ്ഞ് വശീകരിച്ച് തൊട്ടടുത്തുള്ള പറമ്പിലേക്ക് തട്ടിക്കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കുട്ടി എതിർത്തപ്പോൾ പറമ്പിലുള്ള കുളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. മഞ്ഞളി വീട്ടിൽ അജേഷിന്റെയും നീതുവിന്റെയും മകൻ ആബേലാണ് കൊല്ലപ്പെട്ടത്. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. എതിർത്തതോടെ പിൻവാങ്ങിയെങ്കിലും കുട്ടി വിവരം പുറത്തുപറയുമെന്ന് ഭയപ്പെട്ട പ്രതി തൊട്ടടുത്തുള്ള കുളത്തിലേക്ക് തള്ളിയിട്ടു. കുട്ടി കരയിലേയ്‌ക്ക് കയറാൻ ശ്രമിച്ചതോടെ ചവിട്ടി താഴ്‌ത്തി കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ ഇന്നലെ വൈകിട്ട് ആറോടെ കുടുംബവും നാട്ടുകാരും തെരച്ചിലാരംഭിച്ചു. ഇതിൽ പ്രതിയും ഉൾപ്പെട്ടിരുന്നു. ഇതിനിടെ പ്രദേശത്തെ സി.സി ടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് പ്രതിക്കൊപ്പം കുട്ടി പോകുന്നത് കണ്ടത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. റൂറൽ എസ്.പി ബി.കൃഷ്ണകുമാർ,ഡിവൈ.എസ്.പി കെ.ജി.സുരേഷ്,മാള എസ്.എച്ച്.ഒ സജിൻ ശശി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ രാത്രി തെക്കൻ താണിശേരി പള്ളിയിൽ സംസ്‌കരിച്ചു.
പ്രതിക്ക് നേരെ ജനരോഷം
ജോജോയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ജനരോഷം അണപൊട്ടി. കനത്ത പൊലീസ് വലയത്തിൽ കൊണ്ടുവന്ന പ്രതിക്കെതിരെ കൈയേറ്റ ശ്രമവുമുണ്ടായി. കുറ്റബോധവുമില്ലാതെയായിരുന്നു പ്രതിയുടെ പെരുമാറ്റം . സംഭവം നടന്ന സ്ഥലത്തെത്തിച്ചപ്പോൾ പ്രതി പൊലീസിനോട് എല്ലാം വിശദീകരിച്ചു. മാള പള്ളിപ്പുറത്ത് നിന്ന് മോട്ടോർസൈക്കിൾ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ. കാക്കനാട് ബോസ്റ്റൽ സ്‌കൂളിൽ റിമാൻഡിലായിരുന്ന ഇയാളെ അടുത്തിടെയാണ് ജാമ്യത്തിൽ വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |