കൊല്ലം: യാത്രക്കാരെ പെരുവഴിയിലാക്കി രാത്രി എട്ടിന് മുമ്പേ കൂട്ടത്തോടെ സർവീസ് നിറുത്തി സ്വകാര്യബസുകൾ. ട്രാൻ. ഓർഡിനറി സർവീസ് രാത്രി കുറവായതിനാൽ ഇടറോഡുകൾക്ക് പുറമേ പ്രധാന നഗര റോഡുകളിലും രാത്രി എട്ട് കഴിഞ്ഞാൽ ബസ് കിട്ടാതെ യാത്രക്കാർ വലയുകയാണ്.
ഭൂരിഭാഗം സ്വകാര്യ ബസുകളുടെയും പെർമിറ്റ് രാത്രി 9 മുതൽ 11 വരെയാണ്. എന്നാൽ ഇന്ധനചെലവിന് ആനുപാതികമായി ടിക്കറ്റ് വിൽക്കില്ലെന്ന പേരിലാണ് രാത്രി ഏഴരയോടെ പല സ്വകാര്യ ബസുകളും ഒതുക്കുന്നത്. രാത്രി എട്ടിന് ശേഷം ജോലി ചെയ്യാൻ വലിയൊരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാരും തയ്യാറല്ല. ഇടറോഡുകളിൽ രാത്രികാലങ്ങളിൽ ഒന്നോ രണ്ടോ സ്വകാര്യ ബസുകളേ ആകെയുള്ളു. അതുകൂടി ഓടാത്തതിനാൽ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ കിലോമീറ്ററുകളോളം ഓട്ടോറിക്ഷ പിടിച്ച് പോകേണ്ട അവസ്ഥയാണ്. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലടക്കം ജോലി ചെയ്യുന്ന വനിതാ ജീവനക്കാരാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
ദേശീയപാതയിലെ കുരുക്കും വില്ലൻ
ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായുള്ള കുരുക്കും സർവീസുകൾ നേരത്തെ അവസാനിപ്പിക്കാൻ കാരണമാകുന്നു
കുരുക്കിൽപ്പെട്ട് മണിക്കൂറുകൾ നഷ്ടമാകുന്നതിനാൽ അവസാന ട്രിപ്പ് ഉപേക്ഷിക്കും
ഓരാഴ്ച മുമ്പ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി സ്വകാര്യ ബസുകൾക്ക് പിഴ ചുമത്തി
എന്നിട്ടും പെർമിറ്റ് പ്രകാരം ഓടാൻ സ്വകാര്യ ബസുകൾ തയ്യാറാകുന്നില്ല
രാത്രി എട്ടിന് ശേഷം യാത്രക്കാർ പെരുവഴിയിൽ
യാത്രക്കാർ കുറവുള്ള സമയങ്ങളിലും ഓടാറില്ല
സ്ഥിരം പരിശോധന നടത്താതെ മോട്ടാർ വാഹന വകുപ്പ്
ജില്ലയിൽ സ്വകാര്യ ബസ് പെർമിറ്റ്
850 ഓളം
പരസ്പര ധാരണയോടെ ബസുകൾ ഓടാൻ തയ്യാറായാൽ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാം. മൂന്ന് ബസുകൾ ഒരേ റൂട്ടിൽ ഓടുന്നുണ്ടെങ്കിൽ ഓരോ ദിവസവും ഒരെണ്ണം പരസ്പരധാരണയിൽ പൂർണമായും ഓടാൻ തയ്യാറാകണം. പെർമിറ്റ് ദൂരപരിധി കുറയ്ക്കുകയാണ് മറ്റൊരു പോംവഴി.
ലോറൻസ് ബാബു, സെക്രട്ടറി
ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |