വാഷിംഗ്ടൺ: ഗ്രീൻലൻഡിലെ യു.എസ് മിലിട്ടറി ബേസ് മേധാവി കേണൽ സൂസന്ന മേയേഴ്സിനെ പദവിയിൽ നിന്ന് പുറത്താക്കി. ബേസിനെ നയിക്കാനുള്ള സൂസന്നയുടെ കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി യു.എസ് മിലിട്ടറിയുടെ സ്പേസ് ഓപ്പറേഷൻസ് കമാൻഡ് പ്രതികരിച്ചു. കേണൽ ഷോൺ ലീയെ പകരം നിയമിച്ചു.
യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നിലപാടിനെ അവഗണിച്ചതാണ് സൂസന്നയുടെ പുറത്താക്കലിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം വാൻസ് ഭാര്യ ഉഷയ്ക്കൊപ്പം ബേസ് സന്ദർശിച്ചിരുന്നു. ഗ്രീൻലൻഡിനെ തങ്ങൾ സ്വന്തമാക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം.
300ഓളം വർഷമായി ഡെൻമാർക്കിന്റെ നിയന്ത്രണത്തിലാണ് ഗ്രീൻലൻഡുള്ളത്. ഗ്രീൻലൻഡുകാർക്ക് വേണ്ടി ഡെൻമാർക്ക് ഒന്നും ചെയ്തിട്ടില്ലെന്നും ഗ്രീൻലൻഡിന്റെ സുരക്ഷയ്ക്ക് വേണ്ടത്ര പണം അവർ ചെലവഴിച്ചിട്ടില്ലെന്നും വാൻസ് സന്ദർശനത്തിനിടെ പറഞ്ഞിരുന്നു. വാൻസിന്റെ അഭിപ്രായം ബേസിനെ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് സൂസന്ന ഇ-മെയിലിലൂടെ സഹപ്രവർത്തകരോട് വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്.
സൂസന്നയുടെ പ്രതികരണം യു.എസ് ഭരണകൂടത്തിന്റെ നിലപാടിനെ അട്ടിമറിക്കുന്ന തരത്തിലാണെന്നാണ് ആരോപണം. ലോകത്തെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലൻഡ്. ഡെൻമാർക്കിന്റെ നിയന്ത്രണത്തിൽ നിന്ന് മോചനം നേടാൻ ഗ്രീൻലൻഡിലെ ഏറിയ പങ്ക് ജനങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കിലും യു.എസിന്റെ ഭാഗമാകാൻ അവർക്ക് താത്പര്യമില്ലെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |