തിരുവനന്തപുരം : ഹിയറിംഗ് നടപടികൾ റെക്കോഡ് ചെയ്യാനും ലൈവ് സ്ട്രീമിംഗ് നടത്താനും സാധിക്കില്ലെന്ന് എൻ. പ്രശാന്തിന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മറുപടി നൽകി. ഹിയറിംഗ് രഹസ്യ സ്വാഭാവമുള്ളതാണെന്ന് ചീഫ് സെക്രട്ടറി അയച്ച കത്തിൽ വ്യക്തമാക്കുന്നു. ബുധനാഴ്ച വൈകിട്ട് നാലരയ്ക്കാണ് ഹിയറിംഗ്
സസ്പെൻഷനിലുള്ള പ്രശാന്തിന് പറയാനുള്ളത് കേൾക്കാൻ മുഖ്യമന്ത്രി ഇടപെട്ടാണ് ചീഫ് സെക്രട്ടറിയോട് ഹിയറിംഗിന് നിർദ്ദേശിച്ചത്. അതിനിടെയാണ് നടപടികളിൽ ലൈവ് സ്ട്രീമിംഗ് വേണമെന്ന് പ്രശാന്ത് ആവശ്യപ്പെട്ടത്. ഉപാധികൾ തള്ളിയ സാഹചര്യത്തിൽ പ്രശാന്ത് ഹിയറിംഗിന് എത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം ചീഫ് സെക്രട്ടറിയുടെ മറുപടിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രശാന്ത് വീണ്ടും രംഗത്തെത്തി. ജയതിലകിനെ പിന്തുണച്ചാണ് ഒരു വിഭാഗം മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നതെന്നും അദ്ദേഹം പോസ്റ്റിൽ കുറ്റപ്പെടുത്തി. സ്വകാര്യമായ കേസുകൾ കോടതി ഹിയറിംഗ് നടത്തുന്നത് തുറന്ന കോടതികളിലാണ്. ഇന്ന് കോടതികൾ ലൈവ് സ്റ്റ്രീം ചെയ്യുന്നു. വിവരാവകാശ പ്രകാരം എല്ലാ വിവരങ്ങളും പൊതുജനത്തിന് അറിയാൻ അവകാശമുണ്ട് എന്നതും ഓർക്കുക. സർക്കാർ മീറ്റിങ്ങുകൾ ലൈവ് സ്റ്റ്രീം ചെയ്ത് പൊതുജനം അറിയാൻ കൃഷിവകുപ്പ് വെളിച്ചം എന്ന പ്രോജക്റ്റിന് അംഗീകാരം നൽകി ഉത്തരവിറങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സുതാര്യത എന്തിനെന്നല്ല മറച്ച് വെക്കുന്നത് എന്തിന് എന്നാണ് സാമാന്യബുദ്ധിയുള്ളവർ ചോദിക്കുകയെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |