തിരുവനന്തപുരം: ഇന്ത്യയുടെ മംഗൾയാൻ 2 പേടകം ചൊവ്വയെ ഭ്രമണം ചെയ്യാതെ നേരിട്ട് ചൊവ്വയുടെ പ്രതലത്തിൽ ഇറങ്ങും. ആദ്യമായാണ് ഇത്തരത്തിലുള്ള ഗ്രഹാന്തര ദൗത്യത്തിന് ഇന്ത്യ സജ്ജമാകുന്നത്. ചന്ദ്രയാൻ 3 പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിൽ നിന്ന് വ്യത്യസ്തമാണിത്.
ഐ.എസ്. ആർ.ഒയുടെ രണ്ടാമത്തെ ചൊവ്വാദൗത്യമാണ് മംഗൾയാൻ 2.
ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.വി.നാരായണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗളൂരുവിലെ നവരത്ന സമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. ദൗത്യത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങുന്ന ലാൻഡറും ഹെലികോപ്റ്ററും ആണ് രണ്ടാം ദൗത്യത്തിലുള്ളത്. 4,500 കിലോഗ്രാം ഭാരമുള്ള പേടകം എൽ.വി.എം 3 റോക്കറ്റുപയോഗിച്ച് ഭൂമിയുടെ 190 കിലോമീറ്റർ അടുത്തും 35786 കിലോമീറ്റർ അകന്നും വരുന്ന ഭ്രമണപഥത്തിലെത്തിക്കും. അവിടെനിന്ന് ഭ്രമണപഥം വലുതാക്കി ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് നീങ്ങും. ഇതിനെ ക്രൂയ്സ് ഘട്ടമെന്നാണ് വിളിക്കുന്നത്. ക്രൂയ്സ് സ്റ്റേജിനൊപ്പം ചൊവ്വയിലിറങ്ങുന്ന ഡിസെന്റ് സ്റ്റേജും ചേർന്നതാണ് മംഗൾയാൻ 2. മാസങ്ങളെടുത്താണ് മംഗൾയാൻ 2 ചൊവ്വയിലെത്തുക.
ചൊവ്വയുടെ അന്തരീക്ഷത്തിന്റെ സഹായത്തോടെ ലാൻഡറിന്റെ വേഗത കുറയ്ക്കുക എന്ന എയറോബ്രേക്കിംഗ് എന്ന സാങ്കേതികവിദ്യയാണ് നേരിട്ടുള്ള ലാൻഡിംഗിന് ഉപയോഗിക്കുന്നത്. തീവ്രമായ ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പുറംകവചവും സൂപ്പർസോണിക് പാരച്യൂട്ടുകളും ഇതിനായി ഉപയോഗിക്കും. ഇവ അന്തരീക്ഷത്തിന്റെ ഘർഷണത്തെ അതിജീവിച്ച് പേടകത്തിന്റെ വേഗത ഗണ്യമായി കുറയ്ക്കും.ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 1.3 കിലോമീറ്റർ മുകളിൽ എത്തുമ്പോൾ ലാൻഡറിലെ എൻജിനുകൾ പ്രവർത്തിപ്പിച്ച്, നിയന്ത്രിതവും കൃത്യവുമായ ലാൻഡിംഗ് ഉറപ്പാക്കും.
അമേരിക്കയ്ക്ക് ഒപ്പം
മംഗൾയാൻ 2 വിജയിച്ചാൽ അമേരിക്ക,ചെെന,റഷ്യ എന്നിവയുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടും. 2013ൽ വിക്ഷേപിച്ച മംഗൾയാൻ 1 ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിയ ഇന്ത്യയുടെ ആദ്യ ദൗത്യമായിരുന്നു. ചൊവ്വയുടെ പ്രതലത്തെ പഠിക്കാൻ സഹായിക്കുന്ന ഹെലികോപ്റ്റർ ഈ ദൗത്യത്തിലെ സവിശേഷതയാണ്. 2021ൽ നാസ ചൊവ്വയിലെത്തിച്ച ഇഗ്യുനിറ്റി ഹെലികോപ്റ്ററിന്റെ മാതൃകയാണിതിന് ഉപയോഗിക്കുക. പ്രതലത്തിന് മുകളിൽ പറന്നുനിന്ന് ശാസ്ത്രദൗത്യങ്ങൾ നിർവഹിക്കാൻ ഇതിനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |