ആലപ്പുഴ: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇക്കഴിഞ്ഞ സാമ്പത്തികവർഷം
തിമിര ശസ്ത്രക്രിയയിലൂടെ ഏറ്റവും കൂടുതൽ ആളുകളെ വെളിച്ചത്തിലേക്ക്
നയിച്ചതിന്റെ ഖ്യാതി സ്വന്തമാക്കി ഡോ.നവജീവൻ. ജില്ലയിൽ നടന്ന 2305 തിമിര ശസ്ത്രക്രിയകളിൽ 450 എണ്ണത്തിനും നേതൃത്വം നൽകിയത് ഡോ.നവജീവനാണ്.
ആലപ്പുഴ ജനറൽ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റും സഞ്ചരിക്കുന്ന നേത്രവിഭാഗത്തിന്റെ മേധാവിയുമാണ് അദ്ദേഹം. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ.ലക്ഷ്മിക്കാണ് രണ്ടാം സ്ഥാനം.
എല്ലാ വെള്ളിയാഴ്ചകളിലും ആലപ്പുഴ ജനറൽ ആശുപത്രിയിൽ നടക്കുന്ന സർജറിയുടെ ഭാഗമായാണ് ഇത്രയും പേരെ ഒരു വർഷംകൊണ്ട് അദ്ദേഹം കാഴ്ചയുടെ സുതാര്യലോകത്ത് എത്തിച്ചത്. 'നയനപദം' എന്ന പേരിൽ ജില്ലയിൽ സഞ്ചരിക്കുന്ന നേത്രവിഭാഗം ഉൾനാടൻ പ്രദേശങ്ങളിലെത്തി കാഴ്ചപരിമിതരെ കണ്ടെത്തി സൗജന്യചികിത്സ നൽകിവരുന്നു.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിന്റെ ക്യാമ്പ് നടത്തുന്നത്. തിമിരം കണ്ടെത്തുന്നവർക്കുള്ള ഓപ്പറേഷൻ എല്ലാ വെള്ളിയാഴ്ചയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ നടത്തുന്നു.തിമിര ഓപ്പറേഷന് വേണ്ടി രോഗികളെ കൊണ്ടുവരുന്നതും തിരികെ കൊണ്ടുപോകുന്നതും ഉൾപ്പടെ എല്ലാ സേവനങ്ങളും ചികിത്സയും സൗജന്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |