തോപ്പുംപടി: ബി.എസ്.എൻ.എൽ ഓഫീസിനു സമീപത്തെ അന്തിമാർക്കറ്റിൽ ചീഞ്ഞതും ഫോർമാലിൻ കലർന്നതുമായ മത്സ്യവില്പന തകൃതിയെന്ന് പരാതി. ഇവിടെനിന്ന് വാങ്ങിയ മീൻ കഴിച്ച് വയറിളക്കും ഛർദ്ദിയുമുണ്ടായ പള്ളുരുത്തി എം.എൽ.എ റോഡ് ഐഷാകോട്ടേജിൽ സിയാദിനെ (49) കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം മകനാണ് മാർക്കറ്റിൽനിന്ന് മീൻ വാങ്ങിയതെന്ന് സിയാദ് പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് ഫുഡ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മാർക്കറ്റിൽ പരിശോധന നടത്തി കിലോക്കണക്കിന് ചീഞ്ഞമീൻ പിടിച്ചെടുത്തിരുന്നു. ഇവിടെയുള്ള ഒന്നാ രണ്ടോ വില്പനക്കാർ മാത്രമാണ് നല്ലമീൻ വിൽക്കുന്നതെന്ന് പറയുന്നു. ഹാർബറിൽനിന്ന് ശേഖരിക്കുന്ന നല്ല മീനിന്റെ കൂടെ കാസർകോട് ഭാഗത്തുനിന്നും പുലർച്ചെ കൊച്ചിയിൽ എത്തിക്കുന്ന മാസങ്ങൾ പഴക്കമുള്ള മീനും ചേർത്താണ് വില്പന നടത്തുന്നതെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പൊതുപ്രവർത്തകൻ മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു. സംഭവത്തിൽ ഫുഡ് ഇൻസ്പെക്ടർക്ക് പരാതി നൽകിയതായി കോൺഗ്രസ് ഇടക്കൊച്ചി ബ്ലോക്ക് സെക്രട്ടറി ടി.എ. സിയാദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |