തിരുവനന്തപുരം: അഴിമതിക്കെതിരായ പോരാട്ടം സർക്കാർ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി തുടങ്ങിയ ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പിൽ സംസ്ഥാനത്തൊട്ടാകെ കൈക്കൂലിക്കാരായ 700 ഉദ്യോഗസ്ഥരുടെ ലിസ്റ്റ് വിജിലൻസ് തയ്യാറാക്കി. അഴിമതിക്കാരായ കേന്ദ്ര സർക്കാർ ഉദ്യോസ്ഥരും വിജിലൻസ് നിരീക്ഷണത്തിലുണ്ട്.
വിജിലൻസ് ആൻഡ് കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടത്തിവരുന്ന 'അഴിമതി മുക്ത കേരളം" ക്യാമ്പയിൻ നിർണായക നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സർക്കാർ അർദ്ധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ സാദ്ധ്യതയുള്ള അഴിമതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുക എന്നതും പ്രധാനമാണ്.'സീറോ ടോളറൻസ് ടു കറപ്ഷൻ' എന്നൊരു നയം തന്നെ ഇതിനായി നടപ്പാക്കുകയാണ്.
ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പിന്റെ ഫലമായി ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി അഴിമതിക്കാരായ 36 പേരെ അറസ്റ്റ് ചെയ്തു. 25 കേസുകൾ രജിസ്റ്റർ ചെയ്തു . വിജിലൻസ് ചരിത്രത്തിൽ മൂന്നു മാസത്തിനുള്ളിൽ ഇത്രയധികം ട്രാപ്പ് കേസുകളും അറസ്റ്റും നടക്കുന്നത് ആദ്യമാണ്.
അധികവരുമാനം 500 കോടി
വിജിലൻസിന്റെ മിന്നൽ പരിശോധനകളെ തുടർന്ന് മോട്ടോർ വാഹനം, മൈനിംഗ് ആൻഡ് ജിയോളജി, ജി.എസ്.ടി വകുപ്പുകളിൽ നിന്ന് അധിക പിഴ, റോയൽറ്റി, പെനാൽറ്റി, നികുതി എന്നിങ്ങനെ സർക്കാരിന് 500 കോടിയുടെ അധിക വാർഷിക വരുമാനം ലഭിച്ചു. വിജിലൻസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണ രീതികളെ കുറിച്ച് പരിശീലനം നൽകിയിട്ടുണ്ട്. സങ്കീർണമായ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഉദ്യോഗസ്ഥരുടെ അന്വേഷണമികവ് വർദ്ധിപ്പിക്കാനുള്ള പരിശീലനം ആരംഭിച്ചു. അഴിമതി സംബന്ധിച്ച് ജനങ്ങളുടെ പരാതികൾ പരിശോധിച്ച് തുടർ നടപടിയിലേക്ക് പോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |