തിരുവനന്തപുരം: കേരള സർവകലാശാലയിലെ എൽ.എൽ.ബി പരീക്ഷയുടെ 160 ഉത്തരക്കടലാസുകൾ തിരിച്ചു നൽകാതെ തമിഴ്നാട്ടിലെ അദ്ധ്യാപിക. മൂല്യനിർണയത്തിന്റെ പ്രതിഫലം ലഭിച്ചാലേ ഇത് തിരിച്ചു നൽകൂവെന്നാണ് അവർ പറയുന്നത്. കഴിഞ്ഞദിവസം അസി. രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സംഘം തിരുനെൽവേലിയിൽ എത്തിയെങ്കിലും അദ്ധ്യാപികയെ കാണാനായില്ല. താൻ അകലെയുള്ള ആശുപത്രിയിലാണെന്നാണ് അദ്ധ്യാപിക അറിയിച്ചത്. ഇതോടെ കേരള സർവകലാശാല തിരുനെൽവേലിയിലെയും തിരുവനന്തപുരം കന്റോൺമെന്റിലെയും പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. 35,000ത്തോളം രൂപ ഇവർക്ക് പ്രതിഫലമായി നൽകാനുണ്ട്. സ്റ്റേഷനിൽ വച്ച് അദ്ധ്യാപികയെ കാണാൻ സൗകര്യമൊരുക്കാമെന്ന് തിരുനെൽവേലി പൊലീസ് അറിയിച്ചതിനെത്തുടർന്ന് കേരള സർവകലാശാലയിലെ സംഘം ഇന്ന് വീണ്ടും അവിടേക്ക് പോവും. ത്രിവത്സര,പഞ്ചവത്സര എൽഎൽ.ബിയുടെ വിവിധ സെമസ്റ്ററുകളിലെ ഉത്തരക്കടലാസുകളാണ് കിട്ടാനുള്ളത്. മൂന്നുവർഷമായി മൂല്യനിർണയം നടത്തുന്നവർക്ക് സർവകലാശാല പ്രതിഫലം നൽകുന്നില്ല. പുനർമൂല്യനിർണയത്തിന് കേരള സർവകലാശാലയുടെ പരിധിക്ക് പുറത്തെ അദ്ധ്യാപകർക്കാണ് ഉത്തരക്കടലാസുകൾ അയയ്ക്കാറുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |