മലപ്പുറം: ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളിൽ പ്രസവം നടത്താൻ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടർ വി.ആർ. വിനോദ് വിളിച്ചു ചേർത്ത മതനേതാക്കളുടെ യോഗത്തിൽ സമവായം. ആരോഗ്യമുള്ള ഭാവിതലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന കാമ്പയിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.
ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്‌കർഷിക്കുകയാണ് ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത വിവിധ മതനേതാക്കൾ അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിലുള്ളവർക്ക് മത സംഘടനകളുടെയോ മത തത്വങ്ങളുടെയോ പിൻബലമില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് തടയാൻ ശക്തമായ ബോധവത്ക്കരണം നടത്തണം. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിന്റെയും ജില്ലാഭരണ കൂടത്തിന്റെയും ശ്രമങ്ങൾക്ക് എല്ലാ മത സംഘടനാ നേതാക്കളും പിന്തുണ ഉറപ്പ് നൽകി. അതേ സമയം, അനാവശ്യമായി സിസേറിയൻ നടത്തുന്നതായും മറ്റും ആശുപത്രികളെ കുറിച്ച് സംശയമുളവാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് ജാഗ്രത പുലർത്തണമെന്നും യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. സിസേറിയന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ കൃത്യമായ ഓഡിറ്റിംഗിന് സർക്കാർ തലത്തിൽ സംവിധാനമുണ്ടെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ആശുപത്രികളിലെ പ്രസവത്തെ സംബന്ധിച്ച് ആളുകളുടെ ഇടയിൽ എന്തെങ്കിലും ആശങ്കകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഗാർഹിക പ്രസവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന താനാളൂർ, മംഗലശ്ശേരി, ചെറിയമുണ്ടം എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. വനിതകളെയും പിന്നാക്ക വിഭാഗത്തിൽ പെട്ടവരെയും യുവജനങ്ങളെയും ബോധവത്കരിക്കും. മതനേതാക്കൾ വഴിയും ബോധവത്കരണ പരിപാടികളും ആശുപത്രികളിലെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങളും പ്രചരിപ്പിക്കും. ജനങ്ങളുടെ മനസ്സിലെ ആശങ്ക അകറ്റി ആശുപത്രികൾ ഗർഭിണി ശിശു സൗഹൃദമാക്കി മാറ്റും. ഭാവി തലമുറയെ കൂടി ബാധിക്കുന്ന സാമൂഹിക പ്രശ്നമായി തന്നെയാണ് ഗാർഹിക പ്രസവത്തെ കാണുന്നത്. ഇത് പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കും. ക്യാംപയിന്റെ ഭാഗമായി തുടർയോഗങ്ങളും ചർച്ചകളും നടത്തും.
ആരോഗ്യസൂചികയിൽ ഉയർന്നു നിൽക്കുന്ന കേരളം ലോകത്തിനുതന്നെ മാതൃകയാണ്. 2024 25 വർഷത്തിൽ 192 ഗാർഹിക പ്രസവങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സാമൂഹിക സാഹചര്യങ്ങളും പിന്നോക്കാവസ്ഥയും ആശുപത്രികളെ കുറിച്ചുള്ള ആശങ്കകളും ഇതിനൊരു കാരണമാണെന്നും യോഗം വിലയിരുത്തി. ഈ അവസ്ഥകൾ പരിഹരിക്കുന്നതിനും ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ജില്ലാ കളക്ടർ യോഗം വിളിച്ചു ചേർത്തത്.
യോഗത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി ഷുബിൻ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.എൻ. പമീലി, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിക്കലി, എം.ഇ.എസ് മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ധൻ ഡോ. പുരുഷോത്തമൻ, ഇന്ത്യൻ അസോ. ഒഫ് പീഡിയാട്രീഷൻ പ്രസിഡന്റ് ഡോ.ഇ എസ് സജീവൻ, എംഇഎസ് മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ.പി മുംതാസ്, മഞ്ചേരി മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം തലവൻ ഡോ. സി പി അഷ്രഫ്, വിവിധ മതസംഘടനകളെ പ്രതിനിധീകരിച്ച് അലിയാർ അമ്പാടി, പി. ഇബ്രാഹിം, കെ. യൂസഫ്, സി.പി. അബ്ദുൾ നാസർ, ഇസ്മായിൽ, പി.കെ. മുഹമ്മദ് ഹബീബ് റഹ്മാൻ, ഫാ. ബിജു നിരപ്പേൽ, പി.കെ. ലത്തീഫ് ഫൈസി, തറയിൽ അബു, പി.കെ. അബ്ദുൽ ഹക്കീം, കെ. മുഹമ്മദ് കുട്ടി ഫൈസി തുടങ്ങിയവർ പങ്കെടുത്തു.
(ഫോട്ടോ സഹിതം)
നിലമ്പൂർ ജില്ലാ ആശുപത്രിക്ക് രണ്ട് ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ
എൻക്യുഎസ്, ലക്ഷ്യ അംഗീകാരങ്ങൾ ഒരുമിച്ച്
നിലമ്പൂർ ജില്ലാ ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരങ്ങളായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻ.ക്യു.എ.എസ്.), ലക്ഷ്യ എന്നിവ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മികച്ച ആശുപത്രി സൗകര്യങ്ങളും സേവനങ്ങളും ഒരുക്കിയതിന് 92 ശതമാനം സ്‌കോറോടെയാണ് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻ.ക്യു.എ.എസ്.) അംഗീകാരം നേടിയത്. മാതൃ ശിശു പരിചരണത്തിന് ലക്ഷ്യ സ്റ്റേന്റേഡ്സിലേക്ക് ഉയർത്തിയതിന് മെറ്റേണൽ ഓപ്പറേഷൻ തീയറ്റർ 95.74 ശതമാനം സ്‌കോറും ലേബർ റൂം 90.25 ശതമാനം സ്‌കോറും നേടിയാണ് ലക്ഷ്യ അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ ആകെ 227 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരവും 14 ആശുപത്രികൾക്ക് ലക്ഷ്യ അംഗീകാരവും ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.
ഈ സർക്കാരിന്റെ കാലത്ത് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള ബഹുമതിയാണ് ഈ ദേശീയ അംഗീകാരങ്ങൾ. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 21 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. 3 നെഗറ്റീവ് പ്രഷർ ഐസൊലേഷൻ ഐസിയുകൾ സജ്ജമാക്കി. ആധുനിക സജ്ജീകരണങ്ങളോട് കൂടി സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക വയോജന വാർഡുകൾ സജ്ജമാക്കി. സർക്കാരിന്റ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ നിർണയ ഹബ് ആന്റ് സ്‌പോക്ക് ലാബ് നെറ്റ് വർക്കിംഗിലെ ഹബ് ലാബായി തിരഞ്ഞെടുത്ത മലപ്പുറം ജില്ലയിലെ ആദ്യത്തെ ലാബോട്ടറിയാണ് നിലമ്പൂർ ജില്ലാശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള ലാബ്.
ഈ സർക്കാരിന്റെ കാലത്താണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രക്തഘടകങ്ങൾ വേർതിരിക്കാനുള്ള സൗകര്യത്തോടെയുള്ള രക്ത ബാങ്ക്, മോഡ്യുലാർ ഓപ്പറേഷൻ തീയേറ്റർ എന്നിവ സജ്ജമാക്കിയത്. സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്.
അത്യാഹിത വിഭാഗം, ജനറൽ, സ്‌പെഷ്യാലിറ്റി വിഭാഗം എന്നിവയിലെല്ലാം മികച്ച സേവനങ്ങളാണ് നൽകിവരുന്നത്. ദിവസവും രണ്ടായിരത്തോളം പേരാണ് ഒപിയിൽ ചികിത്സ തേടിയെത്തുന്നത്. 300 ഓളം പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ചികിത്സിക്കുന്നതിനായി ഐസിയു സംവിധാനം സജ്ജമാണ്. ആദിവാസി മേഖലയിലെ ഈ ആശുപത്രിക്ക് കാത്ത് ലാബിനായി ബജറ്റിൽ 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇവിടത്തെ ഡയാലിസിസ് യൂണിറ്റിൽ ദിവസവും 4 ഷി്ര്രഫിൽ നാൽപതോളം പേർക്ക് ഡയാലിസിസ് നൽകുന്നുണ്ട്. ഇങ്ങനെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ബഹുമതി കൂടിയാണ് ഈ ദേശീയ അംഗീകാരം.
(ഫോട്ടോ സഹിതം)
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പി ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യതഡിഗ്രി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത എസ്.എസ്.എൽ.സി) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് സഹായം ലഭിക്കും. ഫോൺ: 7994449314.
വിദ്യാർത്ഥികൾക്കായി ദുരന്തനിവാരണ പരിശീലന പരിപാടി
വർദ്ധിച്ചുവരുന്ന ദുരന്തസാധ്യതകളെ നേരിടാൻ പുതുതലമുറയെ പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജില്ലയിലെ യു.പി, ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്കായി ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രിൽ 22ന് രാവിലെ 10 മുതൽ വൈകിട്ട് നാലു വരെയാണ് പരിശീലനം. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ 20. പ്രാഥമിക ജീവൻ രക്ഷ മാർഗങ്ങൾ (ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ് മലപ്പുറം), ദുരന്ത നിവാരണ തയ്യാറെടുപ്പുകൾ (ജില്ലാ ദുരന്തനിവാരണ അതോറിറ്റി മലപ്പുറം) എന്നിവയാണ് പരിശീലന വിഷയങ്ങൾ. ഫോൺ: 04832736320,8848922188.
(ഫോട്ടോ സഹിതം)
ഹോട്ടൽ മാനേജ്‌മെന്റ് സൗജന്യ പ്രവേശന പരീക്ഷാ പരിശീലനം
ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയും നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയും സംയുക്തമായി നടത്തുന്ന ബിഎസ് സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള സൗജന്യ പരിശീലനം 2025 ഏപ്രിൽ 22, 23 തീയതികളിൽ കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ക്യാംപസിൽ നടക്കും. ഇംഗ്ലീഷ് ഒരു വിഷയമായി പ്ലസ് ടു പാസായവർക്കും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. ഫോൺ : 0495 2385861 , 9037098455.
ഓവർസിയർ നിയമനം
മമ്പാട് ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ തേർഡ് ഗ്രേഡ് ഓവർസിയറെ നിയമിക്കുന്നു. സിവിൽ എൻജിനീയറിംഗിൽ ഐടിഐ / ഡിപ്ലോമ/ ബിടെക് എന്നിവയാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25. ഫോൺ : 04931 200260.
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ എഫ്.പി.ഒ പ്രോത്സാഹന പദ്ധതി പ്രകാരമുള്ള പൊൻമുണ്ടം ബ്ലോക്കിലെ തിരൂർ ബെറ്റൽ ലീഫ് ഫാർമർ കമ്പനിയിൽ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുടെ (സി.ഇ.ഒ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.എ/ അഗ്രി ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം അല്ലെങ്കിൽ ബി.എസ്.സി/ബി.ടെക് അഗ്രി/വെറ്റിനറി/ബി.എഫ്.എസ്.സി/ ഗ്രാമീണ വികസനം / മറ്റു വിഷയങ്ങളിൽ ബിരുദം ഉളളവർക്കും അപേക്ഷിക്കാം.
താത്പര്യമുളള ഉദ്യോഗാർത്ഥികൾ പ്രവൃത്തി പരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റയോടൊപ്പം ശേൃൗൃയലലേഹഹലമളുൃീറൗരലൃരീാുമി്യ@ഴാമശഹ.രീാ എന്ന ഇമെയിൽ വിലാസത്തിൽ ഏപ്രിൽ 21ന് വൈകുന്നേരം ആറിന് മുൻപായി അയക്കണം. വെബ്‌സൈറ്റ് ംംംശേൃൗൃയലലേഹളുര.രീാ, ഫോൺ9605400366, 9846233808.
റോഡ് സുരക്ഷ ബോധവൽക്കരണ വാഹന പ്രചരണ ജാഥ ഏപ്രിൽ 21ന് തുടങ്ങും
വർധിച്ചു വരുന്ന വാഹനാപകടങ്ങൾക്കെതിരെ റോഡുസുരക്ഷ നിയമപരിപാലനം, ലഹരിവ്യാപനം തടയൽ, ശുചിത്വ പരിപാലനം എന്നിവ ലക്ഷ്യം വെച്ച് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം സംഘടിപ്പിക്കുന്ന വിപുലമായ വാഹനപ്രചരണ ജാഥ ഏപ്രിൽ 21ന് ആരംഭിക്കും. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് പത്ത് ദിവസങ്ങളിലായി നടക്കുന്ന പ്രചരണ ജാഥ ജില്ലാ കലക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പ്രധാന ടൗണുകൾ, ബസ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് വീഡിയോവാൾ സംവിധാനത്തോടെയാണ് പ്രചരണം നടത്തുന്നത്. പൊലീസ്, മോട്ടോർ വാഹനം, എക്‌സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രചരണജാഥയിൽ ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, എ.ഡി.എം എൻ.എം മെഹറലി, റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം അബ്ദു തുടങ്ങിയവർ സംബന്ധിക്കും.
ക്വട്ടേഷൻ ക്ഷണിച്ചു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിനും മറ്റു ഉദ്യോഗസ്ഥർക്കും ഉപയോഗിക്കുന്നതിനായി ടാക്സി വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഇന്നോവ ക്രിസ്റ്റ / എസ് യു വി വാഹനങ്ങളാണ് ആവശ്യം. താത്പര്യമുള്ളവർ ഏപ്രിൽ 22 ന് രാവിലെ 11നകം അപേക്ഷിക്കണം.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ലാപ് ടോപ്പ്, കമ്പ്യൂട്ടർ, സിസിടിവി, യുപിഎസ്, പ്രിന്ററുകൾ, വിഡിയോഗ്രഫി എന്നിവ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ ഏപ്രിൽ 22 ന് രാവിലെ 11നകം അപേക്ഷിക്കണം.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിഎം വെയർഹൗസ്, പോളിംഗ് സാംഗ്രികളുടെ വിതരണ കേന്ദ്രം, സ്വീകരണ കേന്ദ്രം, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പന്തൽ, കൗണ്ടർ, പവലിയൻ, ലൈറ്റ്, ഇളക്ട്രിഫിക്കേഷൻ എന്നിവ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ ഏപ്രിൽ 22 ന് രാവിലെ 11നകം അപേക്ഷിക്കണം.
ട്യൂട്ടർ നിയമനം
തച്ചിങ്ങനാടം ഗവ.പ്രിമെട്രിക് ഹോസ്റ്റലിലെ ഹൈസ്‌കൂൾ വിഭാഗത്തിലെ വിദ്യാത്ഥികൾക്ക് ഇംഗ്ലീഷ്, കണക്ക്, നാച്ച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഹിന്ദി എന്നീ വിഷയങ്ങൾക്ക് ട്യൂഷൻ നൽകുന്നതിനായി ട്യൂട്ടർമാരെ നിയമിക്കുന്നു. പ്രതിമാസം 6000 രൂപ ഹോണറേറിയം വ്യവസ്ഥയിലാണ് നിയമനം.
യു.പി.വിഭാഗം വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കുന്നതിനായി പ്രതിമാസം 4500 രൂപയാണ് ഹോണറേറിയം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30തിന് വൈകീട്ട് അഞ്ചിന് മുൻപായി പെരിന്തൽമണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷകൾ നൽകണം.
ഫോൺ: 8547630139,9495675595.
ട്യൂഷൻ അധ്യാപക നിയമനം
നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന മൂക്കുതല ഗവൺമെന്റ് പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്ക് 20252026 അധ്യയന വർഷത്തിൽ ട്യൂഷൻ നൽകുന്നതിനായി അർഹരായ അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങൾക്കായി ഓരോ അധ്യാപകരെയും യുപി വിഭാഗത്തിൽ മൂന്ന് അധ്യാപകരെയുമാണ് നിയമിക്കുന്നത്. ഹൈസ്‌ക്കൂൾ അധ്യാപകർക്ക് 6,000, യുപി അധ്യാപകർക്ക് 4,500 എന്നിങ്ങനെയാണ് ഹോണറേറിയം നൽകുന്നത്. ബിരുദവും ബിഎഡ്/ടിടിസി(ഡി.എൽഎഡ്) യോഗ്യതയുള്ള പെരുമ്പടപ്പ് ബ്ലോക്ക് പരിധിയിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം പെരുമ്പടപ്പ് ബ്ലോക്ക് പട്ടികജാതി ഓഫീസർക്ക് അപേക്ഷ നൽകണം. അവസാന തീയതി ഏപ്രിൽ 30. ഫോൺ: 7012517764, 9188920074.
പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം: വിദ്യാർത്ഥിനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന മൂക്കുതല ഗവൺമെന്റ് പ്രീമെട്രിക് ഹോസ്റ്റലിലേക്ക്(പെൺകുട്ടികൾ) 202526 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ പട്ടികജാതി, മറ്റർഹ വിഭാഗം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
പ്രവേശനം ലഭിയ്ക്കുന്ന വിദ്യാർത്ഥിനികൾക്ക് ഹോസ്റ്റൽ താമസം, ഭക്ഷണം, യൂണിഫോം, ചെരുപ്പ്, ബാഗ്, നൈറ്റ് ഡ്രസ്, ട്യൂഷൻ എന്നിവ സൗജന്യമായിരിക്കും. കൂടാതെ, പോക്കറ്റ് മണി, പ്രതിമാസ അലവൻസ് എന്നിവ വിദ്യാർത്ഥിനികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.
നിലവിൽ പഠിയ്ക്കുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ വാർഷിക പരീക്ഷയിൽ ലഭിച്ച മാർക്ക്ലിസ്റ്റ്, ജനനത്തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.ആകെ സീറ്റുകളുടെ 10% ആണ് മറ്റർഹ വിഭാഗം വിദ്യാർത്ഥിനികൾക്ക് നൽകുക. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം പെരുമ്പടപ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നൽകണം. ഫോൺ: 9188920074, 9526742647, 7012517764.
വാക് ഇൻ ഇന്റർവ്യൂ
കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന സുരക്ഷാ പ്രോജക്ടിൽ കൗൺസിലർ തസ്തികയിലേയ്ക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എം.എസ്.ഡബ്ളിയു അല്ലെങ്കിൽ സൈക്കോളജിയിലോ സോഷ്യോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത.പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഏപ്രിൽ 22 ന് രാവിലെ 10.30 തിന് ജില്ലാ പഞ്ചായത്ത് ഭവനിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. ഫോൺ: 8078018652.
മികവ് തെളിയിച്ചവരെ ആദരിച്ചു
വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയവരെ കുടുംബശ്രീ ആദരിച്ചു. കോട്ടക്കൽ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടത്തിയ പദ്ധതി പുരോഗതി അവലോകന യോഗത്തിലാണ് ജില്ലാതല അവാർഡുകൾ വിതരണം ചെയ്തത്. ബ്ലോക്ക് തലത്തിലെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ അവതരണവും മൂല്യനിർണയവും കഴിഞ്ഞ മാസം നടത്തിയിരുന്നു. ഇതിൽ മികച്ച മാർക്ക് നേടിയ ഒന്ന് ,രണ്ട്,മൂന്ന് സ്ഥാനക്കാരാണ് ചടങ്ങിൽ പങ്കെടുത്തത്. മികച്ച അയൽക്കൂട്ടം,എ. ഡി.എസ്, ഓക്സിലറി ഗ്രൂപ്പ്, ബഡ്സ് സ്ഥാപനം, ജി.ആർ.സി,സംരംഭം, സംരംഭക, ഓക്സിലറി സംരംഭം, തുടങ്ങി ആകെ പതിമൂന്ന് വിഭാഗങ്ങളിൽ കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം കാഴ്ച വെച്ച ആദ്യ മൂന്നൂ സ്ഥാനക്കാരാണ് അവാർഡുകളും ക്യാഷ് പ്രൈസും ഏറ്റുവാങ്ങിയത്. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയവരുടെ സംസ്ഥാന തല അവതരണം ഏപ്രിൽ 21 മുതൽ 26 വരെ തൃശൂർ കില ക്യാംപസിൽ നടക്കും. അവാർഡ് ദാന ചടങ്ങ് നിലമ്പൂർ നഗരസഭ ചെയർമാനും കുടുംബശ്രീ സംസ്ഥാന ഗവേണിംഗ് ബോഡി അംഗവുമായ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബി. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. കോട്ടക്കൽ നഗസഭ വൈസ് ചെയമാൻ സി മുഹമ്മദലി അധ്യക്ഷത വഹിച്ചു.
അംഗീകാരങ്ങളുടെ നെറുകയിൽ അമരമ്പലം സി.ഡി.എസ്
കുടുംബശ്രീ പ്രവർത്തനത്തിൽ അംഗീകാരങ്ങൾ കരസ്ഥമാക്കി ജില്ലയിലെ മികച്ച സി.ഡി.എസ് ആയി മാറിയിരിക്കുകയാണ് അമരമ്പലം. മികച്ച സി.ഡി.എസ് (സംയോജന പ്രവർത്തനം, തനത്, ഭരണ നിർവ്വഹണം, മൈക്രോ ഫിനാൻസ് ), മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനവും ഉൾച്ചേർക്കലും) മികച്ച ഓക്സിലറി സംരംഭം, മികച്ച ഓക്സിലറി ഗ്രൂപ്പ് എന്നീ വിഭാഗങ്ങളിലാണ് മായ ശശികുമാർ ചെയർപേഴ്സണായ അമരമ്പലം സി.ഡി.എസ് ഒന്നാം സ്ഥാനം നേടിയത്. മികച്ച സി.ഡി.എസ് (ക്രൃഷി, മൃഗസംരക്ഷണം) വിഭാഗത്തിൽ വേങ്ങര സി.ഡി.എസും, മികച്ച സി ഡി എസ് കാർഷികേതര വിഭാഗത്തിൽ കൂട്ടിലങ്ങാടി സി.ഡി.എസും, മികച്ച സി.ഡി.എസ് ട്രൈബൽ വിഭാഗത്തിൽ ചാലിയാർ സി.ഡി.എസും ഒന്നാം സ്ഥാനം നേടി. പള്ളിക്കൽ സി.ഡി.എസിലെ തുടക്കം അയൽക്കൂട്ടം അയൽക്കൂട്ട വിഭാഗത്തിലും, പാണ്ടിക്കാട് സി.ഡി. എസിലെ തെയ്യമ്പാടിക്കുത്ത് എ.ഡി.എസ് വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. മലപ്പുറം സി.ഡി.എസിലെ ഷെരീഫ മികച്ച സംരംഭകയും താഴെക്കോട് സി.ഡി.എസിലെ സഞ്ജീവനി ഫുഡ്സ് മികച്ച സംരംഭമായും തെരഞ്ഞെടുക്കപ്പെട്ടു. മാറഞ്ചേരി സ്‌പെക്ട്രം സ്‌പെഷൽ ബഡ്സ് സ്‌കൂളും ജെൻഡർ റിസോഴ്സ് സെന്ററായും മികവിനുള്ള അംഗീകാരത്തിനർഹമായി.ഒന്നാം സ്ഥാനം നേടിയ എല്ലാവരും സംസ്ഥാന തലത്തിൽ അതാത് മത്സരവിഭാഗത്തിൽ അവതരണം നടത്താനുള്ള യോഗ്യത നേടി.
കുഫോസ് അഡ്മിഷൻ അപേക്ഷ ക്ഷണിച്ചു
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ഫിഷറീസ്, സമുദ്രശാസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ എം.എഫ്.എസ്.സി, എം.എസ്.സി, എൽ.എൽ.എം. എം.ബി.എ, എം.ടെക് , പി .എച്ച് .ഡി കോഴ്സുകളിലേക്ക് മെയ് അഞ്ച് വരെ ംംം.മറാശശൈീി.സൗളീ.െമര.ശി ൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതിക്ക് മുമ്പായി ഫീസ് നൽകാത്തവരുടെ അപേക്ഷ പരിഗണിക്കില്ല. ബിരുദാനന്തര ബിരുദ കോഴ്സുകളിൽ രണ്ടു എൻആർഐ സീറ്റുകൾ വീതം ഉണ്ട്. ഈ ക്വാട്ടയിലും ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ ംംം.സൗളീ.െമര.ശി ൽ അറിയാം. ഫോൺ : 0484 2275032 ഇമെയിൽ : മറാശശൈീി@െസൗളീ.െമര.ശി.
പാലിയേറ്റീവ് നഴ്സ് ഒഴിവ്
കാവനൂർ ഗ്രാമ പഞ്ചായത്ത് പരിരക്ഷ പദ്ധതിയിൽ പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തുന്നു. എഎൻഎം/ജെപിഎച്ച്എൻ പാസായ മൂന്ന് മാസത്തെ ബിസിസിപിഎൻ/ സിസിസിപിഎഎൻ പരിശീലനം അല്ലെങ്കിൽ ജി.എൻ.എം/ ബി.എസ്.സി നഴ്സിംഗ്, പാലിയേറ്റീവ് നഴ്സിംഗിൽ ബേസിക് സർട്ടിഫിക്കറ്റ് (ബി.സി.സി.പി.എൻ) എന്നീ യോഗ്യതകളുള്ള 40 വയസ്സ് തികയാത്തവർക്ക് കൂടികാഴ്ചയിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഏപ്രിൽ 22ന് രാവിലെ 11ന് കാവനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തണം. ഫോൺ 0483 2959021.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |