കാസർകോട്:എം.ജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കൗണ്ടറിന്റെ ക്യാഷ് ക്യാബിൻ തകർത്ത് പണം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ബേക്കൽ തായൽ മൗവ്വൽ സ്വദേശിയും പനയാൽ തച്ചങ്ങാട് വാടക ക്വട്ടേഴ്സിൽ താമസക്കാരനുമായ പി.കെ.മുഹമ്മദ് സഫ്വാനെയാണ്(19) കാസർകോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
കാസർകോട് ടൗൺ ഇൻസ്‌പെക്ടർ നളിനാക്ഷന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി.തിങ്കളാഴ്ച പുലർച്ചെയാണ് എം.ജി റോഡ് ഹൈലേൻ പ്ലാസ വ്യാപാരസമുച്ചയത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കൗണ്ടറിന്റെ ഡിജിറ്റൽ ലോക്ക് തകർത്ത് കവർച്ചക്ക് ശ്രമം നടത്തിയത്.
മാതാവിന്റെ കാർഡ് ഉപയോഗിച്ച് 500 രൂപ പിൻവലിച്ച ശേഷമായിരുന്നു എ.ടി.എമ്മിന്റെ ഡിജിറ്റൽ ലോക്ക് തകർത്തത്. എന്നാൽ കവർച്ചാശ്രമം വിഫലമായതോടെ ഉപേക്ഷിച്ചു. പിന്നീട് പഴയ ബസ് സ്റ്റാൻഡ് പരിസരത്തെത്തിയ ശേഷം അവിടെ ഒരു വ്യാപാരസമുച്ചയത്തിന് സമീപം പാർക്ക് ചെയ്ത ആലംപാടി സ്വദേശി നൗഷാദിന്റെ ബൈക്ക് കവർന്നു.
ബൈക്ക് കവർന്ന ദൃശ്യം പതിഞ്ഞതാണ് നിർണായകമായത്. പ്രതിയെ പിടികൂടി കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് എ.ടി.എം കൗണ്ടർ തകർക്കാൻ ശ്രമിച്ച കാര്യം പൊലീസിനോട് പറഞ്ഞത്.
ചൊവ്വാഴ്ച രാവിലെ സമീപത്തെ കടയിലെത്തിയവരാണ് എ.ടി.എമ്മിന്റെ ലോക്ക് തകർന്ന നിലയിൽ കണ്ടത്. തുടർന്ന് ബാങ്ക് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ബാങ്ക് അസി.മാനേജർ കെ.മിഥില നൽകിയ പരാതിയെ തുടർന്ന് കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു.
മുഹമ്മദ് സഫ്വാൻ ആറ് കേസുകളിൽ പ്രതി
കാസർകോട് :എം.ജി റോഡിലെ എ.ടി.എം കൗണ്ടർ തകർത്ത് കവർച്ചക്ക് ശ്രമിച്ച കേസിൽ അറസ്റ്റിലായ മുഹമ്മദ് സഫ്വാൻ കാസർകോട്, ബേക്കൽ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ആറ് കേസുകളിൽ പ്രതി. വാഹനക്കവർച്ച അടക്കമുള്ള കേസുകളാണ് സഫ്വാനെതിരെ നിലവിലുള്ളത്. പതിനാലിന് പുലർച്ചെയാണ് സഫ്വാൻ എ.ടി.എം കൗണ്ടറിൽ കയറി കവർച്ചക്ക് ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെ 15ന് വൈകിട്ട് ആറരക്ക് കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ യു.കെ മാൾ വ്യാപാരസമുച്ചയത്തിന് താഴെയുള്ള പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ആലംപാടിയിലെ നൗഷാദിന്റെ ബൈക്കുമായി കടന്നുകളയുകയായിരുന്നു. ബൈക്ക് മോഷണം സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് എ.ടി.എം കവർച്ചാശ്രമക്കേസിനും തുമ്പുണ്ടാക്കിയത്. രണ്ടിടങ്ങളിൽ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ സമീപത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |