ആലപ്പുഴ: നിർമ്മാണത്തിലുള്ള ആലപ്പുഴ സമാന്തര ബൈപ്പാസ് മേൽപ്പാലത്തിൽ സ്ഥാപിക്കാൻ കൂറ്റൻ ഗർഡറുമായെത്തിയ ട്രെയിലർ മറിഞ്ഞു. ആളപായമില്ല. അപകടത്തിന്റെ ആഘാതത്തിൽ ട്രെയിലറിലുണ്ടായിരുന്ന 100 ടൺ ഭാരമുള്ള ഗർഡർ തകർന്നു. ഇന്നലെ രാവിലെ 8.45ഓടെ ആലപ്പുഴ മാളികമുക്ക് മുളക്കട ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. നിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ നേരത്തെ മണ്ണിട്ട് മൂടിയ ഓടയുടെ സ്ലാബ് തകർന്ന് ട്രെയിലർ മറിയുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
ട്രെയിലർ ഓടിച്ചിരുന്ന യു.പി സ്വദേശി രാധേഷ് ശ്യാമിനെ (45) വാഹനത്തിന്റെ ചില്ല് പൊട്ടിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ ഇയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുമ്പുണ്ടായിരുന്ന കോൺക്രീറ്റ് കാന അലക്ഷ്യമായി മണ്ണിട്ട് മൂടിയ ദേശീയപാത അധികൃതരുടെ അനാസ്ഥയാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞമാസം മൂന്നിന് ആലപ്പുഴ ബീച്ചിലെ വിജയ് പാർക്കിന് സമീപം നിർമാണത്തിലിരുന്ന മേൽപ്പാലത്തിൽ നിന്ന് നാല് കൂറ്റൻ ഗർഡറുകൾ നിലംപതിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |