തിരുവനന്തപുരം: നടി വിൻസി അലേഷ്യസിന്റെ പരാതിയിൽ പ്രതികരിച്ച് സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകർ. നിർമ്മാതാവ് ശ്രീകാന്ത് കണ്ഡ്രഗുളയും സംവിധായകൻ യൂജിൻ ജോസ് ചിറമ്മേലും അടക്കമുള്ളവരാണ് മാദ്ധ്യമങ്ങളെ കണ്ടത്. തങ്ങൾക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും മാദ്ധ്യമങ്ങൾ വഴിയാണ് പ്രശ്നങ്ങൾ അറിഞ്ഞതെന്നും ശ്രീകാന്ത് വ്യക്തമാക്കി.
'സംഭവം ഒതുക്കിത്തീർക്കാൻ ഞങ്ങൾ ഒരു തരത്തിലും ശ്രമിച്ചിട്ടില്ല. നിർമാതാവ് എന്ന നിലയിൽ ഈ ആരോപണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഐസിസി, ഫിലിം ചേംബർ തുടങ്ങിയവ ഉൾപ്പട്ട ഒരു മിറ്റിംഗ് ഏപ്രിൽ 21ന് ഈ വിഷയം അന്വേഷിക്കുന്നതുമായി സംബന്ധിച്ച് ചേരുന്നതാണ്. ഇത് ഒന്നോ രണ്ടോ ആളുകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. സെറ്റിൽ ഇതുപോലെഗുരുതരമായ സംഭവങ്ങൾ നേരിടേണ്ടി വന്ന മറ്റ് വ്യക്തികൾ ഉണ്ടോയെന്ന് അന്വേഷിക്കും. സിനിമയ്ക്ക് വേണ്ടി സംസാരിക്കാനാണ് വന്നിരിക്കുന്നത്. ഞങ്ങളുടെ സെറ്റ് ലഹരി മുക്തമായിരുന്നു, സത്യം പുറത്തുവരാനുള്ള എല്ലാ നടപടിക്കും ഞങ്ങളുടെ പൂർണ പിന്തുണയുണ്ട്. ഈ ഒരു പ്രശ്നത്തിൽ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരെ ക്രൂശിക്കരുത്',- ശ്രീകാന്ത് പറഞ്ഞു.
സിനിമയിൽ ആർക്കാണ് പ്രശ്നങ്ങൾ അറിയാവുന്നതെന്ന് വിൻസി കൃത്യമായി പറഞ്ഞിട്ടില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് റെജിൻ എസ് ബാബു പറഞ്ഞു. സിനിമയുടെ സംവിധായകൻ അടക്കം ആർക്കും ഇങ്ങനെ ഒരു വിഷയം അറിയില്ലായിരുന്നു. വിൻസി സെറ്റിലെ പരിചയമുള്ള ആരോടെങ്കിലും പറഞ്ഞു കാണുമെന്നും റെജിൻ വ്യക്തമാക്കി. ഷെെനിനെ കൊണ്ട് സിനിമയിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും സമയം കൃത്യമായി പാലിച്ചെന്നും സംവിധായകൻ യുജീൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |