തിരുവനന്തപുരം : ശാരീരിക അവശതകൾ വകവയ്ക്കാതെ കണിക്കൊന്നപ്പൂക്കളുമായി നടൻ ശ്രീനിവാസൻ എത്തി . 17 വർഷമായി തന്റെ സാരഥിയായ ഡ്രൈവർ ഷിനോജിന് സ്നേഹസമ്മാനമായി പുതിയ വീട് നൽകുന്ന ചടങ്ങിന് എത്തിയതാണ് ശ്രീനിവാസൻ. വിഷുദിനത്തിലായിരുന്നു വീടിന്റെ ഗൃഹപ്രവേശം. ഗൃഹപ്രവേശ ചടങ്ങിന് ശ്രീനിവാസനൊപ്പം ഭാര്യ വിമല, മകൻ ധ്യാൻ, മരുമകൾ അർപ്പിത, പേരക്കുട്ടി ആരാധ്യ സൂസൻ ധ്യാൻ എന്നിവരും എത്തി. വിമല പാലുകാച്ചി. ഇതിനുശേഷം എല്ലാവർക്കും വിഷു കൈനീട്ടം നൽകി. ശ്രീനിവാസൻ ഇപ്പോൾ താമസിക്കുന്ന എറണാകുളം കണ്ടനാട് തന്നെയാണ് ഷിനോജിനും പുതിയ വീട് ഒരുക്കിയത്. കുറച്ചുകാലമായി ഷിനോജിന്റെ വീടിനെക്കുറിച്ച് ശ്രീനിവാസൻ പറയുന്നുണ്ടായിരുന്നു. ഇഷ്ടമുള്ള സ്ഥലം കണ്ടെത്താൻ ഷിനോജിനോട് ശ്രീനിവാസൻ തന്നെ പറഞ്ഞു. അങ്ങനെ കണ്ടെത്തിയ സ്ഥലത്താണ് വീട് പണികഴിപ്പിച്ചത്. കോഴിക്കോട് പയ്യോളി സ്വദേശിയാണ് ഷിനോജ്. തിരക്കഥാകൃത്തും ശ്രീനിവാസന്റെ ബന്ധുവുമായ രാകേഷ് മണ്ടോടിയും ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തു. വ്‌ളോഗർ ഷൈജു ആണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ഡ്രൈവറെയും തന്റെ കുടുംബത്തിന്റെ ഭാഗമായി കണ്ട ശ്രീനിവാസന്റെ പ്രവൃത്തിയെ ആരാധകർ അഭിനന്ദിക്കുന്നു. കുറച്ച് നാളുകളായി രോഗങ്ങൾ അലട്ടുന്ന ശ്രീനിവാസൻ അടുത്തിടെ ആപ്പ് കൈസേ ഹേ എന്ന ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |