കോട്ടയം: മാങ്ങാനമെന്ന നാട്ടിൻപുറത്തു നിന്ന്, ലോകം അറിയപ്പെടുന്ന ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനായത് ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ കഠിനാദ്ധ്വാനത്താലാണ്. നാലുപതിറ്റാണ്ട് മുമ്പാണ് രാജ്യത്ത് ആദ്യമായി ആൻജിയോപ്ളാസ്റ്റി നടത്തി അദ്ദേഹം ചരിത്രമെഴുതിയത്. മരിക്കുന്നതിന് ദിവസങ്ങൾ മുമ്പുവരെ വീൽച്ചെയറിലെത്തി ആൻജിയോപ്ളാസ്റ്റി നടത്തിയ കർമ്മോത്സുകമായ ജീവിതസപര്യയ്ക്ക് കൂടിയാണ് അന്ത്യമാകുന്നത്.
കോട്ടയം മെഡിക്കൽ കോളേജിലെ പഠനത്തിനുശേഷം സർജറിക്ക് പ്രവേശനം കിട്ടാത്തതിനെത്തുടർന്നാണ് പീഡിയാട്രിക് സർജറി ട്യൂട്ടറെന്ന ജോലിയിൽ പ്രവേശിച്ചത്. ചെന്നൈയിലെ ഉപരിപഠന ജീവിതമാണ് ഡോ. മാത്യുവിന്റെ തലവരമാറ്റിയത്. ആൻജിയോപ്ലാസ്റ്റിയെക്കുറിച്ച് ഇന്ത്യക്കാർക്ക് വായിച്ചറിവ് മാത്രമുണ്ടായിരുന്ന കാലത്താണ് അത് സ്വന്തം നാട്ടിലും നടപ്പാക്കണമെന്ന ചിന്തയുദിക്കുന്നത്. ആൻജിയോപ്ളാസ്റ്റിയുടെ പരമാചാര്യൻ സൂറിക്കിലെ ഡോ. ആൻഡ്രിയാക് ജെൻസിക്ക് അദ്ദേഹം നിരന്തരം കത്തുകളെഴുതി. കത്തുകളിലെ അടങ്ങാത്ത വിജ്ഞാനദാഹവും പുത്തൻ ആശയങ്ങളും കണ്ട് കൗതുകം തോന്നിയ ഡോ. ആൻഡ്രിയാക് ജെൻസിക്ക്, ഡോ. മാത്യുവിന് സ്‌കോളർഷിപ്പ് സംഘടിപ്പിച്ച് സൂറിക്കിലേക്ക് വിളിപ്പിക്കുകയായിരുന്നു.
1986ൽ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു ആദ്യ ആൻജിയോപ്ലാസ്റ്റി നടത്തിയത്. ആദ്യവർഷം 18 പേരിൽ ആൻജിയോപ്ലാസ്റ്റി നടത്തി. രണ്ടാംവർഷം എഴുപതും പിന്നീടുള്ള വർഷങ്ങളിൽ അതിന്റെ നാലിരട്ടിയുമായി മാറി. 1987 മുതൽ മറ്റ് ഡോക്ടർമാർക്ക് ആൻജിയോപ്ലാസ്റ്റിയിൽ പരിശീലനം നൽകിത്തുടങ്ങി. അങ്ങനെ ഇന്ത്യയിലെ ആൻജിയോപ്ലാസ്റ്റിയുടെ ഗുരുവും നാഥനുമായി അദ്ദേഹം മാറി. കുടുംബവും ചെന്നൈയിലേക്ക് പറിച്ചുനട്ടു. നാട്ടിലേക്കുള്ള വരവും വല്ലപ്പോഴുമായിരുന്നു. ഡോ. ബി.സി.റോയ് പുരസ്‌കാരവും നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |