ദേശീയ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം
കൊച്ചി: 580 താരങ്ങൾ മാറ്റുരയ്‌ക്കുന്ന ദേശീയ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇനി നാലു ദിനം എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട് സാക്ഷിയാകും. രാജ്യത്തെ പ്രമുഖ താരങ്ങൾ മാറ്റുരയ്ക്കുന്ന ഈ മീറ്റിൽ നിന്നാണ് അടുത്ത മാസം ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത്.
2021ന് ശേഷം അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ദേശീയ മീറ്റിന് ഇപ്പോഴാണ് കേരളം ആതിഥ്യം വഹിക്കുന്നത്. കേരള അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഗ്രൗണ്ടിലെ ഒരുക്കങ്ങൾ ഇന്നലെ രാത്രി പൂർത്തിയാക്കി. ഇന്ന് രാവിലെ 6.10ന് പുരുഷ വിഭാഗം പതിനായിരം മീറ്റർ ഓട്ടമാണ് ആദ്യ മത്സരം. വനിതാ പോൾവോൾട്ട്, 100 മീറ്റർ, പുരുഷ ജാവലിൻ ത്രോ, 1500 മീറ്റർ ഫൈനലുകളും ഇന്നാണ്. നാലു ദിനങ്ങളിലായി ആകെ 38 ഫൈനലുകൾ. പുരുഷവിഭാഗം 400 മീറ്ററിലാണ് കൂടുതൽ പേർ മത്സരിക്കാനുള്ളത് (41), ഏറ്റവും കുറവ് വനിതാവിഭാഗം 400 മീറ്റർ ഹർഡിൽസിലും ഹാമർത്രോയിലും -- നാല് എൻട്രികൾ മാത്രം.
ദേശീയ റെക്കാഡ് ജേതാക്കളായ ജ്യോതി യാരാജി (ഹർഡിൽസ്), ഗുരിന്ദർവീർ സിങ് (100 മീറ്റർ), മലയാളി താരം മുഹമ്മദ് അഫ്‌സൽ (800 മീറ്റർ) തുടങ്ങി 11 താരങ്ങൾ ഇതിനകം ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത നേടിയിട്ടുണ്ട്. മലയാളി താരങ്ങളായ മുഹമ്മദ് ലസാൻ വി.കെ, മുഹമ്മദ് മുഹസിൻ, സെബാസ്റ്റ്യൻ വി.എസ് എന്നിവർക്കൊപ്പം തേജസ്വിൻ ശങ്കർ, പ്രവീൺ ചിത്രവേൽ ഉൾപ്പെടെയുള്ള 19 പ്രമുഖ താരങ്ങളാണ് ഫെഡറേഷൻ മീറ്റിനെത്തുന്നത്. ദേശീയ ഗെയിംസിൽ കേരളത്തിന്റെ ഏക വ്യക്തിഗത സ്വർണ ജേതാവായ തൗഫീഖ് .എൻ ഡെക്കാത്‌ലണിൽ ഇറങ്ങും. 33 താരങ്ങളാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. പുറമേ 21 മലയാളി താരങ്ങൾ മറ്റു സംസ്ഥാന ഡിപ്പാർട്ട്‌മെന്റ് ടീമുകളിലുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |