ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദിൽ കെട്ടിടം തകർന്ന് 11 പേർ മരിച്ച സംഭവത്തിന് പിന്നാലെ ആരോപണങ്ങൾ ചൊരിഞ്ഞ് ബി.ജെ.പിയും ആം ആദ്‌മി പാർട്ടിയും. ശനിയാഴ്ച പുലർച്ചെ മൂന്നോടെ നാലു നില കെട്ടിടം തകർന്നുവീണ ദുരന്തത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേരുൾപ്പെടെയാണ് മരിച്ചത്. 22 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ആം ആദ്‌മി ഭരണകാലത്ത് മുസ്ളിം വോട്ടുറപ്പിക്കാൻ അനധികൃത നിർമ്മാണത്തിന് അനുമതി നൽകിയതാണ് ദുരന്തത്തിന് കാരണമെന്ന് ബി.ജെ.പി ആരോപിച്ചു. നഷ്‌ടപരിഹാരം നൽകാതിരിക്കാനാണ് ബി.ജെ.പി ഇത് പറയുന്നതെന്ന് ആം ആദ്മി പാർട്ടി.
ആം ആദ്മി എം.എൽ.എമാരും കോർപറേഷൻ കൗൺസിലർമാരും വോട്ടിന് വേണ്ടി അനധികൃത നിർമ്മാണം പ്രോത്സാഹിപ്പിച്ചെന്ന് ഡൽഹി ബി.ജെ.പി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ ആരോപിച്ചു. മുസ്ളിം ഭൂരിപക്ഷ മേഖലകളിൽ അനധികൃതമായി നാല്, അഞ്ച്, ആറ് നിലകൾ നിർമ്മിക്കാനും വാടകയ്ക്ക് നൽകാനും അനുവാദം നൽകി. അനധികൃതമായി നിർമ്മിച്ച നിലകൾ ഒഴിപ്പിച്ച് പൊളിച്ചുമാറ്റണം. മുസ്തഫാബാദ്, കരാവൽ നഗർ, സീലംപൂർ, ഓഖ്‌ല, ബല്ലിമാരൻ, സദർ ബസാർ തുടങ്ങിയ പ്രദേശങ്ങളിലെ ഘടനാപരമായി സുരക്ഷിതമല്ലാത്ത വീടുകളുടെ സർവേ നടത്താൻ മുനിസിപ്പൽ കമ്മീഷണർ ഉടൻ ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനധികൃത നിർമ്മാണം പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡൽഹി മേയർ മഹേഷ് ഖിച്ചിയും ആം ആദ്മി പാർട്ടി വക്താവ് ആദിൽ അഹമ്മദ് ഖാനും ആവശ്യപ്പെട്ടു. ദുരന്തത്തിൽ ഇരയായവർക്ക് ഡൽഹി സർക്കാർ നഷ്‌ടപരിഹാരം പ്രഖ്യാപിക്കാത്തത് ആശങ്കാജനകമാണെന്നും അവർ പറഞ്ഞു. മരിച്ചവർക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 5 ലക്ഷം വീതവും നഷ്ടപരിഹാരം നൽകണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |