വത്തിക്കാൻ: ഉയിർത്തെഴുന്നേൽപ്പിന്റെ വെളിച്ചം നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കട്ടെ എന്ന് ഫ്രാൻസിസ് മാർപാപ്പയുടെ ഈസ്റ്റർ ദിന സന്ദേശം. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ഈസ്റ്റർ വിജിൽ ചടങ്ങുകൾക്കിടെ കർദ്ദിനാൾ ജിയോവനി ബാറ്റിസ്റ്റ റേയാണ് മാർപാപ്പയ്ക്കായി സന്ദേശം വായിച്ചത്.
ആശുപത്രിവാസത്തിന് ശേഷം സുഖംപ്രാപിച്ചുവരുന്ന മാർപാപ്പ പൊതുപരിപാടികൾ പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ഈസ്റ്റർ ആഘോഷങ്ങൾക്ക് ജിയോവനി ബാറ്റിസ്റ്റയാണ് നേതൃത്വം നൽകിയത്. ബസിലിക്കയിലും പുറത്തെ ചത്വരത്തിലുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഒത്തുകൂടിയത്. എന്നിരുന്നാലും വിശ്വാസികളെ അനുഗ്രഹിക്കാൻ മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഹ്രസ്വ സന്ദർശനം നടത്തി.
ഇന്നലെ ഈസ്റ്റർ ദിവ്യബലിക്ക് ശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപാപ്പ തന്റെ പ്രത്യേക വാഹനത്തിലെത്തി വിശ്വാസികളെ ആശിർവദിച്ചു. ദിവ്യബലിക്ക് നേതൃത്വം നൽകിയില്ലെങ്കിലും ചടങ്ങിന്റെ അവസാനം നൽകാറുള്ള അനുഗ്രഹ സന്ദേശം നൽകാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന ബാൽക്കണിയിൽ മാർപാപ്പ സഹായികൾക്കൊപ്പം വിശ്വാസികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഗാസയിൽ അടിയന്തര വെടിനിറുത്തൽ വേണമെന്ന് മാർപാപ്പ അനുഗ്രഹ സന്ദേശത്തിൽ ആവർത്തിച്ചു. ആർച്ച്ബിഷപ്പ് ഡീഗോ റാവേല്ലി ആണ് സന്ദേശം വായിച്ചത്. ഗാസയിലെ സ്ഥിതി പരിതാപകരമാണെന്നും ഗാസയിൽ ശേഷിക്കുന്ന ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നും പട്ടിണിയിലായ ജനങ്ങൾക്ക് സഹായമെത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്ത് ഉയരുന്ന ആശങ്കാജനകമായ ജൂതവിരുദ്ധ പ്രവണതയെ അദ്ദേഹം അപലപിക്കുകയും ചെയ്തു. അതേസമയം, യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്നലെ വത്തിക്കാനിലെത്തി മാർപാപ്പയെ കണ്ടു. ആരോഗ്യസ്ഥിതി പരിഗണിച്ച് ഏതാനും മിനിറ്റുകൾ മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. ഫെബ്രുവരി 14ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാർപാപ്പ മാർച്ച് 23നാണ് വത്തിക്കാനിൽ തിരിച്ചെത്തിയത്. ഗുരുതര ന്യുമോണിയയെ അതിജീവിച്ച മാർപാപ്പയ്ക്ക് ഡോക്ടർമാർ രണ്ട് മാസത്തെ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |