റോം: ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ മണിക്കൂറുകൾക്ക് മുൻപാണ് ലോകത്തോട് വിട പറഞ്ഞത്. റോമൻ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിൻ അമേരിക്കൻ അദ്ധ്യക്ഷനാണ് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. വീഡിയോ പ്രസ്താവനയിലൂടെ വത്തിക്കാനാണ് ഇക്കാര്യം അറിയിച്ചത്.
മാർപാപ്പയുടെ മരണം
കാമെർലങ്കോ (വത്തിക്കാനിലെ അഡ്മിനിസ്ട്രേറ്റർ) ആണ് മാർപാപ്പയുടെ മരണം സ്ഥിരീകരിക്കുന്നത്. ആദ്യം കാമെർലങ്കോ മൂന്ന് തവണ മാർപാപ്പയുടെ സ്നാന നാമം വിളിക്കും. ഇതിൽ പ്രതികരിച്ചില്ലെങ്കിൽ മരണം സ്ഥിരീകരിക്കും. 1963ന് മുൻപ് മരണം സ്ഥിരീകരിക്കാൻ ചെറിയ സിൽവർചുറ്റിക ഉപയോഗിച്ച് നെറ്റിയിൽ ചെറുതായി തട്ടി നോക്കുമായിരുന്നു. എന്നാൽ 1963ൽ ഇങ്ങനെ ചെയ്യുന്നത് നിർത്തലാക്കി. ശേഷം മരണം വത്തിക്കാന്റെ ഓദ്യോഗിക ചാനലിലൂടെ ലോകത്തെ അറിയിക്കും. 4-6 ദിവസത്തിനുള്ളിൽ ശവസംസ്കാരം നടത്തേണ്ടതുണ്ട്.
കോൺക്ലേവ്
വത്തിക്കാനിൽ നടക്കുന്ന കോൺക്ലേവ് എന്നറിയപ്പെടുന്ന യോഗത്തിലാണ് മാർപാപ്പയെ തിരഞ്ഞെടുക്കുന്നത്. ഒരു മാർപാപ്പ മരിക്കുകയോ രാജിവയ്ക്കുകയോ ചെയ്യുമ്പോഴാണ് കോൺക്ലേവ് ചേരുക. നിലവിൽ 252 കർദ്ദിനാൾമാർ കോളേജ് ഒഫ് കർദ്ദിനാൾസിലുണ്ട്.
ഇതിൽ 80 വയസിൽ താഴെയുള്ള 138 പേർക്ക് കോൺക്ലേവിൽ വോട്ടവകാശമുണ്ട്. വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിലാണ് കോൺക്ലേവ് നടക്കുക. മാർപാപ്പയുടെ മരണശേഷം ചാപ്പലിനുള്ളിൽ എത്തുന്ന ഇവർക്ക് പുറം ലോകവുമായി ഒരു ബന്ധവും ഉണ്ടായിരിക്കില്ല. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നത് വരെ ഫോൺ പോലും ഉപയോഗിക്കാൻ പാടില്ല. കോൺക്ലേവിൽ ഒന്നിലധികം തവണ വോട്ട് ചെയ്യണം. മാർപാപ്പ സ്ഥാനാർത്ഥികളിൽ ഒരാൾക്ക് മൂന്നിൽ രണ്ട് വോട്ട് ലഭിക്കും വരെ ഈ പ്രക്രിയ തുടരും. ഓരോ വോട്ടിംഗിന് ശേഷവും ബാലറ്റുകൾ കത്തിക്കും.
മാർപാപ്പയുടെ മരണശേഷം 15- 20 ദിവസത്തിനിടെ കോൺക്ലേവ് തുടങ്ങും. പ്രക്രിയ അതീവ രഹസ്യമാണ്. ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് ഉയരുന്ന പുകയുടെ നിറത്തിലൂടെയാണ് മാർപാപ്പയെ തിരഞ്ഞെടുത്തോ ഇല്ലയോ എന്ന് പുറംലോകം അറിയുന്നത്. കറുത്ത പുകയാണെങ്കിൽ തിരഞ്ഞെടുത്തില്ലെന്ന് അർത്ഥം. വെളുത്ത പുകയെങ്കിൽ തിരഞ്ഞെടുത്തുവെന്നാണ് അർത്ഥം. മാർപാപ്പയാവാൻ സമ്മതമാണോയെന്ന് പുതിയതായി തിരഞ്ഞെടുത്ത വ്യക്തയോട് ചോദിക്കും.
സമ്മതം എന്ന് പറഞ്ഞാൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി പുതിയ പേര് സ്വീകരിക്കണം. തുടർന്ന് മുതിർന്ന കർദ്ദിനാൾ ഡീക്കൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിലെത്തി മാർപാപ്പയെ പ്രഖ്യാപിക്കും. പിന്നാലെ പുതിയ മാർപാപ്പ ബാൽക്കണിയിൽ വന്ന് വിശ്വാസി സമൂഹത്തെ അനുഗ്രഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |