തിരുവനന്തപുരം: കനകക്കുന്നിൽ നടക്കുന്ന എക്‌സ്‌പോ 2025 കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ശക്തി വിളിച്ചോതുന്ന പ്രദർശന വിപണന മേളയാണെന്ന് സഹകരണ സംഘം രജിസ്ട്രാർ ഡോ.സജിത്ത് ബാബു. സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ ആരംഭിച്ച എക്‌സ്‌പോയുടെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സഹകരണ എക്സ്‌പോ 2025ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവഹിക്കും.250ൽ അധികം സ്റ്റാളുകളിലായി സഹകരണ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടക്കും. വിവിധ വിഷയങ്ങളിൽ നടക്കുന്ന 12സെമിനാറുകളിൽ ഓസ്‌ട്രേലിയ,ഇന്തോനേഷ്യ,ഫിജി തുടങ്ങിയ ഏഴോളം രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. 70,000ചതുരശ്രയടിയിലുള്ള ശീതീകരിച്ച 250ൽ അധികം പ്രദർശന സ്റ്റാളുകളും വിവിധ ജില്ലകളിൽ നിന്നുള്ള വൈവിദ്ധ്യമാർന്ന വിഭവങ്ങൾ ഒരുക്കിക്കൊണ്ടുള്ള 12,000ചതുരശ്രയടിയിലുള്ള ഫുഡ്‌കോർട്ടും എക്സ്‌പോയിൽ ഒരുക്കിയിട്ടുണ്ട്. സമാപന ദിവസമായ 30വരെ വൈകിട്ട് വിവിധ സാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിക്കും. പ്രോഡക്ട് ലോഞ്ചിംഗ്,പുസ്തക പ്രകാശനം എന്നിവയ്ക്കായി പ്രത്യേകവേദിയും സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം,വികാസ പരിണാമങ്ങൾ,വിവിധ ജനകീയ പദ്ധതികൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പവലിയനും എക്സ്പോയിലുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങൾ,അപെക്സ് സഹകരണ സ്ഥാപനങ്ങൾ,പ്രമുഖ സഹകരണ ആശുപത്രികൾ,ഉത്പാദക സഹകരണ സംഘങ്ങൾ,ഫംഗ്ഷണൽ രജിസ്ട്രാർമാരുടെ ഭരണനിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ എന്നിവ എക്‌സ്‌പോയുടെ ഭാഗമാണ്. രാവിലെ 9 മുതൽ രാത്രി 9.30വരെയാണ് സന്ദർശനം. പ്രവേശനം സൗജന്യമാണ്.എക്‌സ്‌പോയുടെ ക്രമീകരണങ്ങൾ മന്ത്രി വി.എൻ.വാസവൻ വിലയിരുത്തി. ബീഹാർ സഹകരണ വകുപ്പ് മന്ത്രി ഡോ.പ്രേംകുമാർ മന്ത്രി വി.എൻ.വാസവനൊപ്പം സ്റ്റാളുകൾ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |