പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെ സി.പി.എം സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവാക്കിയതിനെതിരെ പരസ്യ പ്രതികരണം നടത്തിയ എ.പത്മകുമാറിനെ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പുതിയ സെക്രട്ടേറിയേറ്റ് അംഗങ്ങളെ യോഗം തിരഞ്ഞെടുത്തു. പത്മകുമാറിനു പകരം ആരേയും തിരഞ്ഞെടുത്തിട്ടില്ല. അതിനാൽ, അദ്ദേഹത്തെ പിന്നീട് സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നാണ് സൂചന. ജില്ലാ സെക്രട്ടറി രാജു എബ്രഹാം, ടി.ഡി.ബൈജു, പി.ആർ. പ്രസാദ്, പി.ബി.ഹർഷകുമാർ, ആർ.സനൽകുമാർ, ഒാമല്ലൂർ ശങ്കരൻ, പി.ജെ.അജയകുമാർ, സി.രാധാകൃഷ്ണൻ, കോമളം അനിരുദ്ധൻ എന്നിവരാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ.
പി. ഗഗാറിൻ വയനാട് ജില്ല സെക്രട്ടേറിയറ്റിൽ
കഴിഞ്ഞ സമ്മേളനത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കപ്പെട്ട പി.ഗഗാറിനെ സി.പി.എം വയനാട് ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണൻ, കെ.എസ്. സലീഖ, എം.വി.ജയരാജൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്ത ജില്ലാ കമ്മിറ്റിയോഗത്തിലാണ് ഗഗാറിൻ ഉൾപ്പെട്ട പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കപ്പെട്ടതോടെ ഗഗാറിൻ കടുത്ത അതൃപ്തിയിലായിരുന്നു. ജില്ലാ സെക്രട്ടറി കെ.റഫീഖ്, വി.വി.ബേബി, പി.വി.സഹദേവൻ,
പി.കെ.സുരേഷ്, എ.എൻ.പ്രഭാകരൻ, രുഗ്മിണി സുബ്രഹ്മണ്യൻ,എം.മധു എന്നിവരാണ് മറ്റ് സെക്രട്ടേറിയറ്റ് അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |