ആലപ്പുഴ : കാഴ്ചപരിമിതിയുടെ പേരിൽ അക്ഷരലോകമന്യമായിരുന്നവരെ കൈപിടിച്ചുയർത്തി സംസ്ഥാന സാക്ഷരതാ മിഷന്റെ 'ദീപ്തി ' പദ്ധതി. കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻഡ്, ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് ടീച്ചേഴ്സ് ഫോറം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ നാല് പഠനകേന്ദ്രങ്ങളിലായി 42 പഠിതാക്കൾ ബ്രെയിൽ ലിപിയിൽ അക്ഷരാഭ്യാസം നടത്തുന്നുണ്ട്. നാൽപ്പത് ശതമാനത്തിലധികം കാഴ്ച പരിമിതിയുള്ള 15 വയസ്സ് പിന്നിട്ടവരാണിവർ.
സംസ്ഥാനത്ത് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കാതിരുന്ന 2855 കാഴ്ചപരിമിതരെ അങ്കണവാടികൾ വഴിയുള്ള സർവ്വേയിൽ കണ്ടെത്തിയിരുന്നു. ഇവരിൽ പകുതിയിലധികം പേരും പഠനത്തിന് സന്നദ്ധരാണ്. പത്ത് ജില്ലകളിലായി 350 പഠിതാക്കളാണ് ആദ്യബാച്ചിൽ പഠനം നടത്തുന്നത്. കാഴ്ചപരിമിതിയുള്ള അദ്ധ്യാപകരും ക്ലാസ് നയിക്കുന്നുണ്ട്.
ബ്രെയിൽ ലിപിക്ക് പുറമേ കേട്ട് പഠിക്കാനും സൗകര്യമുണ്ട്. ബ്ലോക്ക് തലത്തിൽ സ്കൂളുകൾ, പൊതുസ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വായനശാലകൾ എന്നിവയാണ് പഠനകേന്ദ്രങ്ങൾ. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. കാഴ്ചപരിമിതിയുള്ള പഠിതാവിനും, ഒപ്പമെത്തുന്ന സഹായിക്കും യാത്രാബത്തയും ലഘുഭക്ഷണവും തദ്ദേശസ്ഥാപനങ്ങൾ വഴി ലഭ്യമാക്കുന്നുണ്ട്.
ജില്ലയിൽ പഠനകേന്ദ്രങ്ങൾ
4
പഠിതാക്കൾ
42
പഠനസമയം
160 മണിക്കൂർ
പാഠാവലി
1. ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് അദ്ധ്യാപക ഫോറത്തിന്റെ സഹായത്തോടെ ബ്രെയിൽ ലിപിയിൽ തയാറാക്കിയതാണ് പാഠാവലി
2. എസ്.സി.ഇ.ആർ.ടിയുടെ അംഗീകാരവുമുണ്ട്. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡിന്റെ തിരുവനന്തപുരം പ്രസിലാണ് പാഠപുസ്തകങ്ങൾ തയാറാക്കിയത്
3. പഠിതാക്കൾക്ക് എഴുതിപ്പഠിക്കാൻ പ്രത്യേകതരം സ്ലേറ്റുകളും ലഭ്യമാക്കുന്നുണ്ട്.പാട്ട്, കഥ, കളികൾ എന്നിവയിലൂടെ പഠനം രസകരമാക്കുന്നു
കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് ജീവിതോപാധി കണ്ടെത്തി മാറ്റങ്ങൾ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. രണ്ടാം ബാച്ച് ഉടൻ അരംഭിക്കും
-ജില്ലാ സാക്ഷരത മിഷൻ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |