കൊച്ചി: കോട്ടയത്ത് വിജയകുമാറിന്റേയും ഭാര്യ മീരയുടേയും കൊലപാതകത്തിന് പിന്നിൽ മകൻ ഗൗതമിന്റെ ദുരൂഹ മരണവുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടു. ഗൗതമിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ മാതാപിതാക്കൾ കൊല്ലപ്പെട്ടതാണ് സംശയം ബലപ്പെടുത്തുന്നത്. ഗൗതം കൊല്ലപ്പെട്ടതാണെന്ന പ്രാഥമിക നിഗമനത്തിലാണ് സി.ബി.ഐ എന്നാണ് വിവരം.
ഗൗതമിന്റെ മരണത്തിൽ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത് വിജയകുമാറാണ്. ഗൗതം ആത്മഹത്യ ചെയ്തതാണെന്ന് ജില്ലാ ക്രൈംബ്രാഞ്ച് നിഗമനത്തിലെത്തിയ സാഹചര്യത്തിലാണിത്. ഗൗതമിന്റെ കഴുത്തിലെ മുറിവുകൾ സ്വയം ഉണ്ടാക്കിയതാണെന്നും അതിനുശേഷം ട്രെയിനിന് മുമ്പിൽ ചാടിയെന്നുമാണ് അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുണ്ടായിരുന്നത്. അതേസമയം, സംശയനിവാരണത്തിന് വിശദമായ അന്വേഷണം വേണമെന്ന നിലപാടാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഹൈക്കോടതിയിൽ സ്വീകരിച്ചത്.
കൊലപാതക സാദ്ധ്യതയിലേക്ക് വിരൽചൂണ്ടുന്ന നിരീക്ഷണങ്ങളാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവിൽ ജസ്റ്റിസ് കൗസർ എടപ്പഗത്ത് നടത്തിയത്. ഗൗതമിന്റെ ശരീരത്തിലാകെ സാരമായ മുറിവുള്ളതായി ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴുത്തിൽ 11,13 സെന്റിമീറ്റർ നീളമുള്ള രണ്ട് മുറിവുകളുണ്ട്. കഴുത്തിനും നെഞ്ചിനുമേറ്റ മുറിവുകളാണ് മരണകാരണം.
മൃതദേഹം കിടന്നിടത്തുനിന്ന് 240 മീറ്റർ അകലെയായിരുന്നു ഗൗതമിന്റെ കാർ. കാറിന്റെ സീറ്റിൽ രക്തക്കറയുണ്ടായിരുന്നു. മുറിവേൽപ്പിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ബ്ലേഡ് (ബോക്‌സ് കട്ടർ) രക്തത്തിൽ കുളിച്ച് പിൻസീറ്റിലാണ് കിടന്നിരുന്നത്. ഇതൊക്കെ കൊലപാതക സാദ്ധ്യതയിലേക്കാണ് വഴി തുറക്കുന്നതെന്ന് കോടതി വിലയിരുത്തി.
'സാറിനെയാണ് ആദ്യം കണ്ടത്, പകച്ചു പോയി'
'സാറിന്റെ മൃതദേഹം ആണ് ആദ്യം കണ്ടത്. പേടിച്ച് ചേച്ചിയെ വിളിക്കാനായി എത്തിയപ്പോഴാണ് ചേച്ചിയുടെ മൃതദേഹവും കണ്ടത്'. ഞെട്ടൽ മാറാതെ കൊല്ലപ്പെട്ട ദമ്പതികളുടെ വീട്ടുജോലിക്കാരി രേവമ്മ പറഞ്ഞു. പതിവുപോലെ ഇന്നലെ രാവിലെ 8.45 ഓടെയാണ് ജോലിക്കായി എത്തിയത്. പ്രധാന വാതിൽ ഒരാൾക്ക് കയറാവുന്ന രീതിയിൽ തുറന്നു കിടക്കുകയായിരുന്നു. അകത്ത് കയറിയപ്പോൾ പകച്ചുപോയി. തുടർന്ന് ഇവിടെ നിന്നും ഓടി കോമ്പൗണ്ടിന് പുറത്തെത്തി അയൽവാസിയും വ്യാപാരിയുമായ വേണുവിനോട് വിവരം പറയുകയായിരുന്നു.
തിരുവാർപ്പ് സ്വദേശിയായ രേവമ്മ 18 വർഷമായി കൊല്ലപ്പെട്ട ദമ്പതികളുടെ വീട്ടിൽ ജോലി ചെയ്യുന്നു. രാവിലെ എത്തുന്ന രേവമ്മ വൈകുന്നേരം 5.30നാണ് മടങ്ങുന്നത്. പകൽ സമയത്തും രാത്രികാലങ്ങളിലും സെക്യൂരിറ്റി പൊൻരാജുവാണ് ജോലിയിലുള്ളത്. ''ആറ് മാസം മുൻപാണ് ഫോൺ മോഷ്ടിച്ച സംഭവത്തിൽ മുൻ ജോലിക്കാരൻ അമിതിനെതിരെ സാറ് പരാതി നൽകിയത്.
ഇടക്കാലത്ത് ബംഗാൾ സ്വദേശിയായ യുവതിയെ അമിത് ഭാര്യയാണെന്ന് പറഞ്ഞ് വീട്ടുജോലിക്കായി എത്തിച്ചിരുന്നു. ശമ്പളം കൊടുത്തപ്പോൾ, തന്റെ ശമ്പളം വേറെ തന്നാൽ മതിയെന്ന് യുവതി പറഞ്ഞു. ഭാര്യാഭർത്താക്കൻമാരല്ലെന്ന് അറിഞ്ഞതോടെ ഇവരെ പറഞ്ഞു വിട്ടിരുന്നുവെന്നും രേവമ്മ പറഞ്ഞു.
''ഗൗതമിന്റെ മാതാപിതാക്കൾ കൊല്ലപ്പെട്ടത് ഞെട്ടിച്ചു. രണ്ടുകേസുകളും സി.ബി.ഐ അന്വേഷിക്കേണ്ടതാണ്.
-ടി.ആസഫലി,
മുൻ പ്രോസിക്യൂഷൻ
ഡയറക്ടർ ജനറൽ
(വിജയകുമാറിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |