കൊച്ചി: തിരുവനന്തപുരത്ത് ഐ.ബി ഉദ്യോഗസ്ഥയെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിചേർക്കപ്പെട്ട സുഹൃത്ത് സുകാന്ത് സുരേഷിനെതിരെയുള്ള ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി. സുകാന്തിന്റെ മുൻകൂർ ജാമ്യഹർജിയിൽ, കേസ് ഡയറി ഹാജരാക്കാൻ ജസ്റ്റിസ് എസ്. മുരളി കൃഷ്ണ നിർദ്ദേശിച്ചു. പ്രതിയുടെ ജാമ്യത്തെ എതിർത്ത് യുവതിയുടെ അമ്മയും കേസിൽ കക്ഷി ചേർന്നിരുന്നു. ഹർജിയിൽ 25ന് വാദം കേൾക്കും. അറസ്റ്റ് വിലക്കണമെന്ന സുകാന്തിന്റെ ആവശ്യം ഹൈക്കോടതി നേരത്തേ നിരാകരിച്ചിരുന്നു.
ഇ ഹെൽത്തിന് പ്രിയമേറുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇ ഹെൽത്തിന് പ്രിയമേറുന്നു. ഓൺലൈനായി അപ്പോയ്മെന്റ് എടുത്ത് ഡോക്ടറെ കാണുന്നതിനുള്ള സ്ഥിരം സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്ട്രേഷൻ എടുത്തവർ 2.61 കോടി കടന്നു. താത്ക്കാലിക രജിസ്ട്രേഷനിലൂടെ 8.51 കോടിയിലധികം പേരാണ് ചികിത്സ തേടിയതെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. 13.98 ലക്ഷം പേരാണ് ഇ ഹെൽത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്. 3.39 കോടിയിലധികം പ്രീ ചെക്കപ്പ്, 8.16 കോടിയിലധികം ഡയഗ്നോസിസ്, 5.31 കോടിയിലധികം പ്രിസ്ക്രിപ്ഷൻ, 1.82 കോടിയിലധികം ലാബ് പരിശോധനകൾ എന്നിവയും ഇ ഹെൽത്തിലൂടെ നടത്തി.
മന്ത്രിസഭാ വാർഷികാഘോഷം;
വിദ്യാഭ്യാസമന്ത്രിക്ക് കത്ത്
തിരുവനന്തപുരം: മന്ത്രിസഭയുടെ നാലാംവാർഷികാഘോഷങ്ങളുടെ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രചാരണ പരിപാടികളിൽ സർവകലാശാലകളെ പങ്കാളിയാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഉന്നവിദ്യാഭ്യാസമന്ത്രിക്ക് സിൻഡിക്കേറ്റ് മെമ്പറുടെ കത്ത്. വാർഷികാഘോഷത്തിന് സ്വതന്ത്രസ്ഥാപനങ്ങളായ സർവകലാശാലകളെകൂട്ടുപിടിക്കുന്നത് അനുചിതമാണെന്ന് വ്യക്തമാക്കി കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ പി.എസ് ഗോപകുമാറാണ് മന്ത്രി ആർ.ബിന്ദുവിന് കത്ത് നൽകിയത്.വാർഷികാഘോഷ പരിപാടികളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട പരിപാടികളുടെ ഏകോപനച്ചുമതല തിരുവനന്തപുരത്ത് കേരള സർവകലാശാലയ്ക്കും കോട്ടയത്ത് മഹാത്മാഗാന്ധി സർവകലാശാലയ്ക്കുമാണ്.സാമ്പത്തികഞെരുക്കം മൂലം സർവകലാശാലവിഹിതം വൻതോതിൽ വെട്ടിക്കുറച്ച സർക്കാർ ഗവേഷണ പദ്ധതികളടക്കം പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് സർവകലാശാലകൾക്കുമേൽ അധികബാദ്ധ്യത അടിച്ചേല്പിച്ചിരിക്കുന്നതെന്നും കത്തിൽ പറയുന്നു.
ഓപ്പറേഷൻ ഡി-ഹണ്ട്: 94 പേർ അറസ്റ്റിൽ
തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ ഡി-ഹണ്ടിൽ 94 പേർ കൂടി അറസ്റ്രിലായി. 92 കേസുകളെടുത്തു. 2035 പേരെ പരിശോധിച്ചു. എം.ഡി.എം.എ (0.053 കി.ഗ്രാം), കഞ്ചാവ് (23.67 കി.ഗ്രാം), കഞ്ചാവ് ബീഡി (62 എണ്ണം) എന്നിവ പിടിച്ചെടുത്തു.
രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി
ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്നതിന്റെ വീഡിയോ ദൃശ്യം ഫേസ്ബുക്കിൽ പങ്കുവെച്ച സംഭവത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസിൽ പരാതി.ഹൈക്കോടതി അഭിഭാഷകനും കണ്ടാണശ്ശേരി മറ്റം സ്വദേശിയുമായ വി.ആർ.അനൂപാണ് ടെമ്പിൾ പൊലീസിൽ പരാതി നൽകിയത്.ഇന്നലെ രാവിലെ പാർട്ടി നേതാക്കൾക്കൊപ്പം ദർശനത്തിനെത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്.ചിത്രകാരി ജസ്ന സലിം ക്ഷേത്ര നടയിൽ വീഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പോളി. അഫിലിയേഷൻ ഫീസ് കുറച്ചു
തിരുവനന്തപുരം:സ്വാശ്രയ പോളിടെക്നിക്ക് കോളേജുകളിലെ വിവിധ കോഴ്സുകളുടെ അഫിലിയേഷൻ ഫീസ് രണ്ടു ലക്ഷത്തിൽ നിന്ന് ഒരു ലക്ഷം രൂപയാക്കി കുറച്ചു.തുടർ അഫിലിയേഷൻ ഫീസ് ഒരു ലക്ഷത്തിൽ നിന്ന് അമ്പതിനായിരമാക്കി.ഹൈക്കോടതി ഉത്തരവ് പ്രകാരമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |