വെള്ളറട: മലയോര ഗ്രാമങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു. കൃഷി ചെയ്ത് കുടുംബം പുലർത്താൻ കഴിയാതെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. കാട്ടിൽ നിന്നും കൂട്ടമായി എത്തുന്ന വന്യജീവികൾ കർഷകരുടെ നാണ്യവിളകൾ പൂർണ്ണമായും നശിപ്പിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇവയുടെ ശല്യത്തിന് പരിഹാരം കാണുമെന്ന് അധികൃതർ പറഞ്ഞെങ്കിലും നടപടിയാകുന്നില്ല.
കാട്ടിൽ നിന്നുമെത്തുന്ന കാട്ടുപന്നിയും വാനരപ്പടയും കൃഷി വ്യാപകമായി നശിപ്പിക്കുന്നതിനു പുറമെ കർഷകരെ ആക്രമിക്കാനും തുടങ്ങിയിട്ടുണ്ട്. ഹെക്ടർ കണക്ക് കൃഷി ഭൂമികളാണ് മലയോരത്ത് കൃഷിയിറക്കാൻ കഴിയാതെ തരിശായിട്ടിരിക്കുന്നത്. കപ്പയും വാഴയും നാളികേരവും പച്ചക്കറയും മറ്റു പഴവർഗങ്ങളൊന്നും തന്നെ കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയാണ്.
കാട്ടുപന്നികൾ വാഴയും മരിച്ചീനിയും വ്യാപകമായി നശിപ്പിക്കുമ്പോൾ വാനരന്മാർ പഴവർഗങ്ങളും പച്ചക്കറിയും നാളികേരവുമാണ് നശിപ്പിക്കുന്നത്. അത്യാവശ്യം കാപ്പികൃഷിപോലും ചെയ്യാൻ കഴിയുന്നില്ല.
കൃഷി നശിപ്പിക്കുന്നു
കാർഷിക മേഖലകളിൽ മുഴുവൻ കൃഷിയും നശിപ്പിക്കുകയാണ് മൃഗങ്ങൾ. നാളികേരത്തിന് ഇപ്പോൾ മലയോരത്തുള്ളവർ മറ്റുള്ള പ്രദേശങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തെങ്ങിൽ വെള്ളയ്ക്ക പരുവം ആകുന്നതുവരെ വാനർമാർ വലിച്ച് നശിപ്പിക്കുകയാണ്. നിരവധി തവണ നിവേദനങ്ങളുമായി കർഷകർ മൃഗസംരക്ഷണ വകുപ്പിനെയും മറ്റും സമീപിച്ചെങ്കിലും ഇവയുടെ ശല്യം ഒഴിവാക്കാൻ കാര്യമായ നടപടിയൊന്നും ഉണ്ടായില്ല.
വാനരപ്പട ശല്യമുണ്ടാക്കുന്നു
മാസങ്ങൾക്കു മുമ്പ് വാനരപ്പടയുടെ ശല്യം കാരണം വീട്ടമ്മ ആന്മഹത്യചെയ്തതോടെ കർഷകർക്കിടയിൽ ശക്തമായ പ്രതിഷേധം ഉണ്ടായത്തിനെ തുടർന്ന് കത്തിപ്പാറയിലെയും അമ്പൂരിയിലെയും ചില പ്രദേശങ്ങളിൽ വനം വകുപ്പ് വാനരൻനാരെ പിടികൂടാൻ കൂടുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇതുകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായില്ല. കർഷകരെ രക്ഷിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെങ്കിൽ മലയോരത്തെ അവശേഷിക്കുന്ന കൃഷികൾ പോലും നശിക്കുന്ന സാഹചര്യമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |