തിരുവനന്തപുരം: പിന്നിലൂടെ പതുങ്ങിയെത്തി, ഇരകളുടെ സ്വനപേടകത്തിന് മുറിവേൽപ്പിച്ച് ശബ്ദം പുറത്തുകേൾപ്പിക്കാതെ കത്തിക്ക് തുടരെ കുത്തി കൊന്നുതള്ളുന്ന കൊടുംക്രൂരനാണ് രാജേന്ദ്രൻ. വിനീതയെയും തമിഴ്നാട്ടിലെ മൂന്നുപേരെയും കൊലപ്പെടുത്തിയത് ഇതേരീതിയിലാണ്. തമിഴ്നാട്ടിൽ കൊലപ്പെടുത്തിയ സുബ്ബയ്യ, വാസന്തി, അഭിശ്രീ എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്ത ആശാരിപ്പള്ളം ഗവ. മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ദ്ധനായ ഡോ.ആർ.രാജമുരുഗനാണ് കോടതിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. നാല് കൊലപാതകങ്ങളിലും മുറിവിന്റെ ആഴവും ഉപയോഗിച്ച ആയുധവും സമാനമാണ്. വിനീതയെ പോസ്റ്റ്മോർട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് അസി.പ്രൊഫസർ ഡോ.സരിതയും സമാനമായ മൊഴിയാണ് നൽകിയത്.
ഓൺലൈൻ ട്രേഡിംഗിന് പണം കണ്ടെത്താനായിരുന്നു എല്ലാ കൊലപാതകങ്ങളും.അവിടെ നിന്നെല്ലാം സ്വർണം കവർന്നു. കൊലപാതകത്തിൽ മാത്രമല്ല, മൃതദേഹങ്ങൾ മറച്ചുവയ്ക്കുന്നതിലും ഒരേ രീതിയാണ് പ്രതി പിന്തുടർന്നത്. സുബ്ബയ്യനെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച പ്രതി മൃതദേഹം ചവറുകൾ കൊണ്ട് മൂടിയിട്ടു. വാസന്തിയെയും അഭിശ്രീയെയും കൊലപ്പെടുത്തിയ ശേഷം രണ്ട് സാരികൾ കൊണ്ട് മൂടിയിട്ടു. വിനീതയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ഫ്ലക്സിട്ട് മൂടുകയായിരുന്നു. സുബ്ബയ്യനിൽ നിന്ന് ഒരുപവൻ മോതിരവും വീട്ടിൽ നിന്ന് 93പവനുമാണ് കവർന്നത്. വിനീതയുടെ നാലര പവൻ മാലയും.
സുബ്ബയ്യനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വൈകിയതിനെത്തുടർന്ന് 2015 ഡിസംബറിൽ രാജേന്ദ്രൻ ജാമ്യത്തിലിറങ്ങുകയായിരുന്നു. ജോലിതേടി തിരുവനന്തപുരത്തെത്തിയ രാജേന്ദ്രൻ പേരൂർക്കടയിൽ ചായക്കടയിൽ ജോലിക്കാരനായി. ഇതിനടുത്തുള്ള കടയിലാണ് വിനീത ജോലിചെയ്തിരുന്നത്.
പ്രധാന തെളിവായി ചുമരിലെ രക്തം
അക്രമം തടയാനുള്ള വിനീതയുടെ ശ്രമത്തിനിടയിൽ രാജേന്ദ്രന്റെ വലത് കൈയിലെ വിരലുകൾക്ക് മുറിവേറ്റിരുന്നു. അയാളുടെ രക്തം കടയിലെ ചുമരിൽ പതിഞ്ഞത് പ്രധാന തെളിവായി മാറി. സയന്റിഫിക് അസിസ്റ്റന്റ് സുനിത കൃഷ്ണൻ ശേഖരിച്ച രക്തസാമ്പിളുകളും കൊലനടത്തിയ കത്തിയിലുണ്ടായിരുന്നതും രാജേന്ദ്രന്റെയും വിനീതയുടേയും രക്തമാണെന്ന് ഫോറൻസിക് ഡി.എൻ.എ പരിശോധനയിൽ കണ്ടെത്തിയത് നിർണായകമായി. കൊലയ്ക്കുപയോഗിച്ച കത്തി പേരൂർക്കടയിൽ രാജേന്ദ്രൻ ജോലി ചെയ്തിരുന്ന ഹോട്ടലിലെ ജീവനക്കാർ താമസിച്ചിരുന്ന മുറിയിൽ നിന്നാണ് കണ്ടെടുത്തത്. രാജേന്ദ്രൻ ധരിച്ചിരുന്ന ഷർട്ട് മുട്ടടയിലെ കോർപ്പറേഷന്റെ അലപ്പുറം കുളത്തിൽ നിന്ന് ഫയർഫോഴ്സ് കണ്ടെടുത്തിരുന്നു.
ജില്ലാ കോടതിയിലെ
രണ്ടാമത്തെ വധശിക്ഷ
തിരുവനന്തപുരം ജില്ലാ കോടതി വിധിക്കുന്ന രണ്ടാമത്തെ വധശിക്ഷയാണ് രാജേന്ദ്രന്റേത്. 14വർഷം മുൻപ് കൊല്ലം കച്ചേരിവിള വീട്ടിൽ ഉണ്ണിയെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. നെടുമങ്ങാട് വേണാട് ആശുപത്രിയിൽ സുഹൃത്തിനൊപ്പം ചികിത്സയ്ക്കെത്തിയ വിനോദിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലായിരുന്നു ഇത്. ഈ കേസിൽ വധശിക്ഷ വിധിച്ചതും ജഡ്ജി പ്രസൂൺ മോഹനായിരുന്നു. 3പ്രതികൾക്ക് ജീവപര്യന്തവും വിധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |