കോന്നി: അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡിലൂടെയാണോ യാത്ര?. കാഴ്ചയുടെ കൗതുകം മതിവരുവോളം ആസ്വദിക്കാം.
പുതുക്കുളം മുതൽ ചെങ്ങറ വരെയുള്ള നാലു കിലോമീറ്റർ ദൂരത്തിൽ സഞ്ചാരികളെ ആകർഷിക്കുന്ന കാഴ്ചകൾ നിരവധിയാണ്. നാലുവർഷം മുമ്പ് ബി എം ആൻഡ് ബിസി നിലവാരത്തിൽ വികസിപ്പിച്ച റോഡിന്റെ ഇരുവശത്തുമുള്ള ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തോട്ടമാണ് പ്രധാന ആകർഷണം. അധികം വാഹനങ്ങൾ കടന്നുപോകാത്ത ഈ റോഡിൽ വാഹനത്തിരക്കില്ല. എസ്റ്റേറ്റിലെ മലമടക്കുകളിൽ പുലർച്ചെയുള്ള കോടമഞ്ഞും വൈകിട്ടുള്ള സൂര്യാസ്തമയവും മനോഹര കാഴ്ചകളാണ് .
125 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷുകാർ പണികഴിപ്പിച്ച മൂന്ന് എസ്റ്റേറ്റ് ബംഗ്ലാവുകൾ ഇവിടെയുണ്ട്. ചെങ്ങന്നൂർ വഞ്ചിപ്പുഴ മഠത്തിന്റെ അധീനതയിലായിരുന്ന 1100 ഹെക്ടർ സ്ഥലം 150 വർഷങ്ങൾക്കു മുമ്പ് രാജഭരണ കാലത്ത് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിച്ച മലയാളം പ്ലാന്റേഷൻസ് (യു.കെ) ഹോൾഡിങ് ലിമിറ്റഡ് കമ്പനി തേയിലയും റബറും കൃഷി ചെയ്യാനായി പാട്ടത്തിനെടുത്ത സ്ഥലങ്ങളാണിത്. ഇവിടെ ഉത്പാദിപ്പിക്കുന്ന തേയില സംസ്കരിക്കുന്നതിനായി നിർമ്മിച്ച വലിയ ഫാക്ടറി പത്തു വർഷങ്ങൾക്കു മുമ്പ് പൊളിച്ചുമാറ്റി. പുതുതായി പ്ലാന്റ് ചെയ്ത റബറിന് ഇടവിളയായി ഇവിടെ ഇപ്പോൾ വ്യാപകമായ തോതിൽ കൈതച്ചക്ക കൃഷി ചെയ്യുന്നു. എസ്റ്റേറ്റ് ബംഗ്ലാവിൽ വൈകിട്ട് കത്തിക്കുന്ന വിളക്ക് ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ളാഹ എസ്റ്റേറ്റിലെ ബംഗ്ലാവിൽ ഇരുന്ന് കാണത്തക്ക രീതിയിലാണ് ഇതിന്റെ നിർമ്മിതി.
കാഴ്ചയായി കാട്ടാനക്കൂട്ടങ്ങളും
എസ്റ്റേറ്റിന്റെ മൂന്നു വശങ്ങളും ജനവാസ മേഖലകളും ഒരുവശം റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽപ്പെട്ട വനമേഖലയുമാണ്. വനത്തിൽ നിന്ന് കല്ലാറ് മുറിച്ചുകടന്ന് എസ്റ്റേറ്റിലേക്ക് പ്രവേശിക്കുന്ന കാട്ടാനക്കൂട്ടങ്ങളെയും പലപ്പോഴും ഇവിടെ കാണുവാൻ കഴിയും. തമിഴ്നാട്ടിലെ ക്ഷേത്രത്തിന്റെ മാതൃകയിൽ ഗോപുരങ്ങളോട് കൂടി നിർമ്മിച്ച തമിഴ് ക്ഷേത്രങ്ങളും ഇവിടെയുണ്ട്. അഞ്ചു തലമുറയ്ക്ക് മുമ്പ് തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും കുടിയേറിയ തോട്ടം തൊഴിലാളികളുടെ പിന്മുറക്കാരാണ് ഇപ്പോൾ ഇവിടെയുള്ളത്. ഇവർ താമസിക്കുന്ന ലയങ്ങളിൽ ചെന്നാൽ തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ ചെന്ന പ്രതീതിയാണ് ഇപ്പോഴും.
എസ്റ്റേറ്റിലെ തമിഴ് വംശജരായ തൊഴിലാളികളുടെ മക്കൾക്ക് പഠിക്കുന്നതിനായി നിർമ്മിച്ച തമിഴ് സിലബസുള്ള സ്കൂൾ ഇന്ന് പ്രവർത്തിക്കുന്നില്ല. ഈ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ മയിലുകളെ കാണാൻ കഴിയും.
പ്രദേശത്തെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുവാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം. പി എ ബാബു (പ്രദേശവാസി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |