തൃശൂർ: ആനകളുടെ എണ്ണം കുറയുന്നതും നാട്ടാനപരിപാലന ചട്ടത്തിലെ കാർക്കശ്യവുമെല്ലാം പൂരത്തിലെ ആന എഴുന്നള്ളിപ്പിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. പൂരത്തിലെ പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾക്ക് എട്ട് ഘടക പൂരങ്ങൾക്കുമായി നൂറോളം ആനകളെയാണ് ആവശ്യം. ആദ്യ കാലങ്ങളിൽ ആനകൾ കൂടുതലുള്ള ഉത്സവങ്ങളിൽ പങ്കെടുത്ത് പരിചയ സമ്പന്നരായ ആനകളെയാണ് തൃശൂർ പൂരത്തിന് കൊണ്ടുവരാറ്. എന്നാൽ ഇത്തരത്തിലുള്ള ആനകളുടെ എണ്ണം കുറയുകയാണ്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളാണ് മൊത്തത്തിലുള്ള ആനകളെ തെരഞ്ഞെടുത്ത് ഘടകപൂരങ്ങൾക്ക് നൽകുന്നത്. ഇതിൽ തിരുവമ്പാടി മൂന്ന് ഘടകക്ഷേത്രങ്ങൾക്കും പാറമേക്കാവ് അഞ്ച് ഘടക ക്ഷേത്രങ്ങൾക്കുമാണ് നൽകുന്നത്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾക്കായി 15 ആനകൾ വീതമാണ് അണിനിരക്കുക. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച് നിലനിൽക്കുന്ന അനിശ്ചിതത്വം സുപ്രീംകോടതി വിധിയിലൂടെ ഒഴിവായെങ്കിലും ആനക്ഷാമം വൻവെല്ലുവിളിയാണ് ഉയർത്തുന്നത്.
പരിശോധനകൾ ഏറെ
എഴുന്നള്ളിക്കുന്ന ആനകൾക്ക് എൻട്രി കിട്ടണമെങ്കിൽ നിരവധി കടമ്പകൾ കടക്കണം. വനം വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും കർശന പരിശോധനകൾക്ക് ശേഷമേ പൂരപ്രവേശനം സാദ്ധ്യമാകൂ. പ്രാഥമിക ലിസ്റ്റ് തയ്യാറാക്കുമ്പോൾ ഇത്തരം സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നതിന് പുറമേ പൂരത്തലേന്നും പരിശോധനയുണ്ട്. പാപ്പാന്മാർക്കും പരിശോധനയുണ്ട്. പാറമേക്കാവിനും തിരുവമ്പാടിക്കും മികച്ച ആനകൾ ലഭിക്കുമെങ്കിലും ഘടകപൂരങ്ങൾക്ക് ലഭിക്കുക തിരിവുകളെയാണെന്ന ആക്ഷേപമുണ്ട്. നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫിറ്റ്‌നസ് നൽകാതിരിക്കുന്നതും പ്രതിസന്ധിയാണ്.
പൂരം അവസാനമായതും പ്രതിസന്ധി
മേയ് ആറിന് ഉത്സവ സീസണിന്റെ അവസാനമാണ് ഇത്തവണ തൃശൂർ പൂരം. നിരന്തരമായ എഴുന്നള്ളിപ്പും ഇതിലൂടെ ആനകളുടെ ശാരീരികക്ഷമതയിലുണ്ടാകുന്ന പ്രശ്‌നങ്ങളും പ്രതിസന്ധി സൃഷ്ടിച്ചേക്കും. പല ആനകളും നീരിലായതിനാൽ മികച്ച ആനകളെ ലഭിക്കാനും സാദ്ധ്യത കുറയും. എഴുന്നള്ളിപ്പിന്റെ ചന്തം കൂട്ടണമെങ്കിൽ ഒരേ ഉയരത്തിലുള്ള ആനകളാണ് വേണ്ടത്. എന്നാൽ അത്തരത്തിലുള്ള ആനകളുടെ എണ്ണം കുറഞ്ഞു. ഗുരുവായൂർ ദേവസ്വത്തിലെ ആനകളെ അടക്കം തൃശൂർ പൂരത്തിന് എത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |