തൃശൂർ: 2024ലുണ്ടായ കാലവർഷക്കെടുതിയെ തുടർന്ന് വീടുകൾക്ക് നാശം സംഭവിച്ചവർക്ക് വിതരണം ചെയ്യാൻ 5.68 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ.രാജൻ അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാന പ്രകാരമാണ് തുക അനുവദിച്ചത്. 2024ൽ ജില്ലയിലുണ്ടായ അതിശക്തമായ കാലവർഷത്തിലും ഉരുൾപ്പൊട്ടലിലും വീടുകൾക്ക് വൻതോതിൽ നാശനഷ്ടം സംഭവിച്ചിരുന്നു. പ്രസ്തുത നാശനഷ്ടങ്ങൾക്കുളള എസ്.ഡി.ആർ.എഫ് വിഹിതമായ 8.88 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. പ്രത്യേക ദുരന്തമായി സർക്കാർ അംഗീകരിക്കുന്ന പ്രകൃതിക്ഷോഭങ്ങൾക്ക് മാത്രമാണ് എസ്.ഡി.ആർ.എഫ് വിഹിതത്തോടൊപ്പം സി.എം.ഡി.ആർ.എഫിൽ നിന്നുളള വിഹിതം കൂടി ചേർത്ത് പരമാവധി തുക അനുവദിക്കുന്നത്. കനത്ത മഴയിലും വെളളപ്പൊക്കത്തിലും തൃശൂർ ജില്ലയിലെ വീടുകൾക്കുണ്ടായ കനത്ത നാശനഷ്ടം പരിഗണിച്ച് പ്രത്യേക ദുരന്തമായി അംഗീകരിച്ച് പരമാവധി തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ. രാജൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ 2024ലെ പ്രകൃതിക്ഷോഭത്തിൽ വിതരണം ചെയ്യാനായി അനുവദിച്ച ആകെ തുക 14.56 കോടിയായി. 1810 കുടുംബങ്ങൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭ്യമാവുക. 70 ശതമാനത്തിന് മുകളിലുളള നാശനഷ്ടം പൂർണമായ നഷ്ടമായി കണക്കാക്കി നാല് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. ഇതിൽ 1,80,000 രൂപ മാത്രമാണ് എസ്.ഡി.ആർ.എഫ് വിഹിതം. ശേഷിക്കുന്ന 2,20,000 രൂപ സി.എം.ഡി.ആർ.എഫിൽ നിന്നാണ് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |