കോട്ടയം : തിരുവാതുക്കലിൽ വ്യവസായി വിജയകുമാറിനെയും, ഭാര്യ ഡോ.മീരയേയും കൊലപ്പെടുത്തിയ അസം സ്വദേശി അമിത് ഉറാംഗിനെ (23) കോടതി മേയ് എട്ടുവരെ റിമാൻഡ് ചെയ്തു. കസ്റ്റഡി അപേക്ഷ ഉടൻ നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് പറഞ്ഞു. ഇന്നലെ രാവിലെ കോഴിച്ചന്തയിലെ കടയിലും, ഇയാൾ താമസിച്ച ലോഡ്ജിലും തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ ശേഷം സി.സി.ടി.വി ഡി.വി.ആർ ഉപേക്ഷിക്കാൻ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. അമിത് വീട്ടിലേക്ക് പോകുന്നതും തിരിച്ചു പോയതും ഒരേ വഴിയിലൂടെയാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മോഷണക്കേസിൽ അറസ്റ്റിലായപ്പോൾ അമിതിനെ ജാമ്യത്തിലിറക്കിയ അപരിചിതരായ രണ്ട് സ്ത്രീകളെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.
വിജയകുമാർ തന്നോട് അടിമയെപ്പോലെ പെരുമാറിയെന്ന് അമിത് മൊഴി നൽകി. 20 ദിവസത്തെ ശമ്പളക്കുടിശിക പലതവണ ചോദിച്ചിട്ടും നൽകിയില്ല. തുടർന്നാണ് മൊബൈൽ മോഷ്ടിച്ചത്. ഫോണിലുണ്ടായിരുന്ന സിംകാർഡ് സ്വന്തം മൊബൈലിലേക്ക് മാറ്റി ഗൂഗിൾ പേ ഇൻസ്റ്റാൾ ചെയ്തു. നമ്പർ ലിങ്ക് ചെയ്തിരുന്ന വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 2.78 ലക്ഷം രൂപ മാറ്റി. എന്നാൽ ഭാര്യ പറഞ്ഞതനുസരിച്ച് ഈ പണം തിരികെ കൊടുക്കാൻ ശ്രമിച്ചു. പൊലീസ് കേസെടുത്തതിനാൽ പണം തിരികെ ട്രാൻസ്ഫർ ചെയ്യാനാകില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം പണം തിരികെ നൽകാമെന്നും കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും നിഷേധിച്ചു. റിമാൻഡിലായതോടെ ഭാര്യയുടെ ഗർഭം അലസി. ഇതിനൊക്കെ കാരണക്കാരൻ വിജയകുമാറാണെന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അമിതിന്റെ മൊഴിയിലുണ്ട്. വിജയകുമാറിന്റെ മകന്റെ മരണവുമായി കൊലപാതകത്തിന് ബന്ധമില്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |