തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിനും കശ്മീർ കൂട്ടക്കുരിതിക്കുമിടയിൽ നടന്ന എ.കെ.ജി സെന്റർ ഉദ്ഘാടനം അനൗചിത്യമാണെന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി ആഘോഷപൂർവമാണ് ഉദ്ഘാടനം നടത്തിയത്. എ.ഐ.സി.സിയുടെ പ്രഥമ മലയാളി അദ്ധ്യക്ഷൻ ചേറ്റൂർ ശങ്കരൻനായരുടെ 91-ാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് കെ.പി.സി.സിയിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരസേനാനികളെ ദത്തെടുക്കാൻ ബി.ജെ.പി ഓടി നടക്കുന്ന കാലമാണിത്. ആർ.എസ്.എസിനെ നിരോധിച്ച സർദാർ വല്ലഭായി പട്ടേലിനെയാണ് ആദ്യം ദത്തെടുക്കാൻ നോക്കിയത്. ഇപ്പോൾ ചേറ്റൂർ ശങ്കരൻനായരുടെ പിന്നാലെയാണ്.
ജാലിയൻവാലാ ബാഗ് കൂട്ടക്കുരുതി വരെ അദ്ദേഹം ബ്രിട്ടീഷ് ഭരണകൂടത്തോട് മയമുള്ള സമീപനമാണ് സ്വീകരിച്ചിരുന്നത്. അതുകൊണ്ടാകാം എ.ഐ.സി.സിയും കെ.പി.സി.സിയും ചേറ്റൂരിന്റെ സ്മരണകൾക്ക് പ്രാധാന്യം നല്കാതിരുന്നത്. പാലക്കാട് ഡി.സി.സി വിപുലമയായി ആചരിച്ചുവരാറുണ്ടെന്നും മുരളീധരൻ പറഞ്ഞു.
ചേറ്റൂർ ശങ്കരൻനായർ രാജ്യം കണ്ട ബൗദ്ധിക ഭീമനായിരുന്നെന്ന് പ്രധാനമന്ത്രിയുടെ മുൻ ഉപദേശകൻ ടി.കെ.എ. നായർ അനുസ്മരിച്ചു.
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ലിജു, വൈസ് പ്രസിഡന്റുമാരായ വി.പി. സജീന്ദ്രൻ, എൻ. ശക്തൻ, ജനറൽ സെക്രട്ടറിമാരായ ജി.എസ്. ബാബു, ജി. സുബോധൻ, കെ.പി. ശ്രീകുമാർ, എ.ഐ.സി.സി സെക്രട്ടറി മാത്യു ആന്റണി, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, രാജശേഖരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |