ചിറയിൻകീഴ്: മുതലപ്പൊഴിയിൽ പൊഴി മുറിക്കൽ പൂർത്തിയായി. അഴിമുഖത്ത് 13 മീറ്റർ വീതിയിലും 3 മീറ്റർ ആഴത്തിലുമാണ് പൊഴി മുറിച്ചത്. കണ്ണൂർ അഴീക്കലിൽ നിന്ന് പുറപ്പെട്ട ചന്ദ്രഗിരി ഡ്രഡ്ജർ ഇന്നലെ പുലർച്ചെയോടെ മുതലപ്പൊഴിയിലെത്തി. വേലിയിറക്ക സമയമായ വൈകിട്ട് 3.30ഓടെയായിരുന്നു പൊഴിമുറിക്കൽ. തുടർന്ന് അഴിമുഖത്ത് വീതി കൂട്ടാനുള്ള ശ്രമങ്ങളും നടത്തി. കായലോരമേഖലയിലെ വെള്ളക്കെട്ടിനും ഉടൻ പരിഹാരമാകും. പൊഴി മുറിച്ച് ഒരുക്കിയ പാതയിൽ കൂടി കടലിൽ നങ്കൂരമിട്ടിരുന്ന ചന്ദ്രഗിരി ഡ്രഡ്ജർ ഇന്നലെ രാത്രിയോടെ കായലിലേയ്ക്ക് പ്രവേശിപ്പിക്കാനായിരുന്നു പദ്ധതി. നിലവിൽ മുതലപ്പൊഴിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഡ്രഡ്ജറിനേക്കാൾ ഇരട്ടി കപ്പാസിറ്റി ചന്ദ്രഗിരി ഡ്രഡ്ജറിനുണ്ട്. 10 മീറ്റർ ആഴത്തിൽ വരെ മണ്ണെടുക്കാനാകും. ഒരു മണിക്കൂറിൽ 400 മീറ്റർ ക്യൂബ് മണൽ നീക്കാനും ശേഷിയുണ്ട്. ഈ ഡ്രഡ്ജറിൽ പൈപ്പ് ലൈൻ സെറ്റ് ചെയ്യണമെങ്കിൽ പോലും ക്രെയിൻ ഉപയോഗിച്ച് മാത്രമേ സാദ്ധ്യമാകൂ. 3 ദിവസം കൊണ്ട് പൈപ്പ് ലൈൻ സെറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കി തുടർപ്രവർത്തനങ്ങൾ നടത്താനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. രണ്ട് ഷിഫ്ടായി വർക്ക് ചെയ്ത് മേയ് 15നകം മണൽനീക്കം പൂർത്തിയാക്കാനാണ് ശ്രമം. നീക്കുന്ന മണൽ താഴമ്പള്ളി ഭാഗത്ത് നിക്ഷേപിക്കും.വി.ശശി എം.എൽ.എ,ചീഫ് എൻജിനിയർ മുഹമ്മദ് അൻസാരി,സൂപ്രണ്ടിംഗ് എൻജിനിയർ കുഞ്ഞിമമ്മു പറവത്ത്,എക്സിക്യൂട്ടീവ് എൻജിനിയർ അനിൽകുമാർ ജി.എസ്,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അരുൺ മാത്യു എന്നിവർ പൊഴിമുറിച്ചപ്പോൾ മുതലപ്പൊഴിയിൽ സന്നിഹിതരായിരുന്നു.
ആശങ്ക ഒഴിയുന്നില്ല
വള്ളങ്ങൾക്ക് ഇന്ന് മുതൽ ചെറിയ തോതിൽ മത്സ്യബന്ധനത്തിന് പോകാനാകുമെന്ന് അധികൃതർ പറയുമ്പോഴും പൊഴി ഇനിയും അടയാനുള്ള സാദ്ധ്യത മത്സ്യത്തൊഴിലാളികൾ തള്ളുന്നില്ല. പൊഴി മുറിച്ചപ്പോൾ എത്തുന്ന വെള്ളത്തിന്റെ കുത്തൊഴുക്കിൽ അഴിമുഖത്ത് കുന്നു കൂടിയ മണൽ വീണ്ടും പൊഴിയിൽ വീണ് പൊഴി മൂടുമെന്നാണ് ഇതിന് കാരണമായി മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ഡ്രഡ്ജറുകളും എസ്കവേറ്ററുകളും മുതലപ്പൊഴിയിൽ നിലകൊള്ളുന്ന സാഹചര്യത്തിൽ പൊഴി അടയാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളുമെടുക്കുമെന്നാണ് അധികൃതരുടെ മറുവാദം.
പൊഴി തുറന്നതോടെ താങ്ങുവല വള്ളങ്ങൾക്കടക്കം വരുംദിവസങ്ങളിൽ അഴിമുഖം കടക്കാനാകും. വേണമെങ്കിൽ താത്കാലികമായി മറ്റ് ഹാർബറുകളെ ആശ്രയിക്കാനുമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |