കൊച്ചി: ദേശസ്നേഹം തുടിക്കുന്ന മുദ്രാവാക്യങ്ങളും സർക്കാരിന്റെ ഗൺ സല്യൂട്ടും മുഴങ്ങവേ, കാശ്മീർ ഭീകരരുടെ തോക്കിനിരയായ എൻ. രാമചന്ദ്രന് നിറമിഴികളോടെ ജന്മനാടിന്റെ യാത്രാമാെഴി.
ഭാര്യ ഷീലയും അരുംകൊലയ്‌ക്ക് സാക്ഷിയായ മകൾ ആരതിയും മൃതദേഹത്തിനരികിൽ നിന്ന് 'ഭാരത് മാതാ കീ ജയ്..." വിളിച്ചപ്പോൾ കണ്ടു നിന്നവരുടെ ഉള്ളുലഞ്ഞു.
വസതിയായ ഇടപ്പള്ളി മങ്ങാട്ട് റോഡ് നീരാഞ്ജനത്തിൽ വികാരനിർഭരമായ നിമിഷങ്ങൾക്ക് ആയിരങ്ങൾ സാക്ഷിയായി.
ഗവർണർമാരും മന്ത്രിമാരും മുതൽ സാധാരണക്കാർ വരെയുള്ള ആയിരക്കണക്കിനാളുകൾ അന്ത്യയാത്രയിൽ പങ്കുകൊണ്ടു.
പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ നിന്ന് ഇന്നലെ രാവിലെ 7.10നാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലേക്ക് പൊതുദർശനത്തിനായി മൃതദേഹം എത്തിച്ചത്. ആയിരങ്ങൾ ഒഴുകിയെത്തി. റോഡിലേക്കും ആളുകളുടെ നിര നീണ്ടു. കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ, ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ പി. രാജീവ്, എ.കെ. ശശീന്ദ്രൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, റിട്ട. ജസ്റ്റിസ് കെമാൽ പാഷ, അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി, മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ്, ആർ.എസ്.എസ് പ്രാന്തപ്രചാരക് എസ്. സുദർശൻ, ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആർ.വി. ബാബു, വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ തുടങ്ങിയവർ അടക്കം പ്രമുഖരുടെ നീണ്ട നിരയായിരുന്നു അന്ത്യോപചാരം അർപ്പിക്കാൻ.
പത്തുമണിയോടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ ബന്ധുക്കളുടെ നിലവിളികളും ദേശസ്നേഹ മുദ്രാവാക്യങ്ങളും ഇടകലർന്ന് വികാരനിർഭരമായ നിമിഷങ്ങൾ. മൂന്നു പതിറ്റാണ്ടോളം നാട്ടിൽ നിന്ന് വിട്ടുനിന്ന് പ്രവാസജീവിതം നയിച്ചയാളാണ് രാമചന്ദ്രനെങ്കിലും ചെറുപ്പകാലത്തെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പരിചയക്കാരും ഒഴുകിയെത്തി. ആർ.എസ്.എസ് മുഖ്യശിക്ഷകായും ബി.ജെ.പിയുടെ കോർപ്പറേഷൻ സ്ഥാനാർത്ഥിയായും ഇടപ്പള്ളിയിലെ കാലിത്തീറ്റ വ്യാപാരിയായും കളരി നടത്തിപ്പുകാരനായും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്നയാളായിരുന്നു രാമചന്ദ്രൻ. രണ്ട് വർഷം മുമ്പ് തിരിച്ചെത്തിയ ശേഷം പഴയ പ്രവർത്തന മണ്ഡലങ്ങളിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് കാശ്മീരിലെ പഹൽഗാമിൽ ഭീകരരുടെ കൂട്ടക്കൊലയ്ക്കിരയായത്.
ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് ഇടപ്പള്ളി ശ്മശാനത്തിൽ രാമചന്ദ്രന്റെ മകൻ അരവിന്ദ് ചിതയ്‌ക്ക് തീകൊളുത്തി.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുൻകേന്ദ്രമന്ത്രി വി. മുരളീധരനും വീട്ടിലും ശ്മശാനത്തിലും ചടങ്ങുകൾ പൂർത്തിയാകും വരെ ഉണ്ടായിരുന്നു. വീട്ടിലും ശ്മശാനത്തിലും പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |