ഇസ്ലാമാബാദ്: സൈനിക വാഹനം സ്‌ഫോടനത്തിൽ തകർന്ന് പത്ത് പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റയിലെ പ്രാന്തപ്രദേശമായ മാർഗറ്റിലാണ് സ്‌ഫോടനമുണ്ടായത്. സൈനികർ സഞ്ചരിച്ച വാഹനം റിമോട്ട് കൺട്രോളർ സഹായത്തോടെ ഐഇഡി ഉപയോഗിച്ചാണ് തകർത്തത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ ലിബറേഷൻ ആർമി തന്നെയാണ് അവരുടെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. 'സ്‌ഫോടനത്തിൽ ശത്രുവിന്റെ വാഹനം പൂർണമായി തകർന്നു. സുബേദാർ ഷെഹ്‌സാദ് അമീൻ, നായിബ് സുബേദാർ അബ്ബാസ്, ശിപായി ഖലീൽ, ശിപായി സാഹിദ്, ശിപായി ഖുറം സലീം എന്നിവരുൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന പത്തുപേരും കൊല്ലപ്പെട്ടു', ബലൂച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച്ച് പ്രസ്താവനയിൽ പറഞ്ഞു.
പാകിസ്ഥാൻ സൈന്യത്തിനെതിരായ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്നും ബലൂച് ലിബറേഷൻ ആർമി മുന്നറിയിപ്പ് നൽകി. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം നിലയ്‌ക്കില്ല. സർവശക്തിയുമുപയോഗിച്ച് ഞങ്ങൾ ശത്രുവിനെ ലക്ഷ്യം വയ്ക്കുന്നത് തുടരുമെന്നും അവർ വ്യക്തമാക്കി.
വ്യാഴാഴ്ച ബലൂചിസ്ഥാനിൽ നടന്ന വിവിധ ആക്രമണങ്ങളിലായി ഏഴ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സമുരാൻ, കോൽവ, കലാത്ത് ജില്ലകളിലാണ് ഈ ആക്രമണങ്ങൾ നടന്നത്. ചില സ്ഥലങ്ങളിൽ സുരക്ഷാ പോസ്റ്റുകൾ പിടിച്ചെടുത്തതായും സംഘടന പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |