ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദികളുടെ വീട് തകര്‍ക്കുന്നത് തുടരുന്നു. ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ ഫാറൂഖ് അഹമ്മദിന്റെ വീടാണ് ഏറ്റവും ഒടുവില്‍ ബോംബ് വച്ച് തകര്‍ത്തത്. കുപ്‌വാരയിലെ ഇയാളുടെ വീടാണ് സുരക്ഷാ സേനയും പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് തകര്‍ത്തത്. എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാനില്‍ ഭീകര സംഘത്തിന് ഒപ്പമാണ് ഇയാള്‍ ഉള്ളതെന്നാണ് വിവരം. പഹല്‍ഗാമയില്‍ വിനോദസഞ്ചാരികളെ ഭീകരര്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സുരക്ഷാ സേനയുടെ നടപടി.
കാശ്മീരില്‍ ഇന്നലെ അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകര്‍ത്തത്. കാശ്മീരിലെ ഷോപിയാന്‍, കുല്‍ഗാം എന്നീ ജില്ലകളില്‍ ഓരോ വീടുകളും പുല്‍വാമയില്‍ മൂന്ന് വീടുകളുമാണ് തകര്‍ത്തത്. ഷോപിയാനില്‍ മുതിര്‍ന്ന ലഷ്‌കര്‍ കമാന്‍ഡര്‍ ഷാഹിദ് അഹ്‌മദ് കുട്ടേയുടെയും കുല്‍ഗാമില്‍ തകര്‍ത്തത് ഭീകരന്‍ സാഹിദ് അഹമ്മദിന്റെയും വീടുകളാണ്. പുല്‍വാമയില്‍ ലഷ്‌കര്‍ ഭീകരന്‍ ഇഷാന്‍ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്‌സാന്‍ ഉള്‍ ഹഖ് ഷെയ്ഖ് എന്നിവരുടെയും വീടുകള്‍ കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു.
അതേസമയം, പഹല്‍ഗാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതല്‍ ഭീകരരുടെ വീടുകള്‍ സുരക്ഷാ സേന തകര്‍ക്കാന്‍ തന്നെയാണ് സാദ്ധ്യത. ഭീകരാക്രമണത്തില്‍ 26 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ഒരാള്‍ വിദേശിയാണ്. ആക്രമണത്തില്‍ പരിക്കേറ്റ് നിരവധിപേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
പഹല്‍ഗാം സംഭവത്തേത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിലും വലിയ വിള്ളല്‍ വീണിരിക്കുകയാണ്. പാക് പൗരന്‍മാര്‍ക്ക് വിസ അനുവദിക്കില്ലെന്നും ഇന്ത്യയില്‍ തങ്ങുന്ന പാക് പൗരന്‍മാര്‍ രാജ്യം വിടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം അതിര്‍ത്തി അടയ്ക്കുകയും, സിന്ധു നദീജല കരാര്‍ റദ്ദാക്കുകയും ചെയ്യുന്ന നടപടിയും ഇന്ത്യ സ്വീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |