കോഴിക്കോട്: കൊടുവള്ളിയിൽ വിവാഹ സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയ മൂന്ന് പ്രതികൾ പിടിയിൽ. കൊളവയൽ അസീസ്, ആട് ഷമീർ, അജ്മൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ പിന്തുടർന്ന് പിടികൂടുന്നതിനിടയിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്രു. വിവാഹ സംഘം സഞ്ചരിച്ച ബസിന് നേരെ പടക്കം എറിഞ്ഞാണ് പ്രതികൾ ആക്രമണം നടത്തിയത്. ബസിൽ നിന്ന് പുറത്തിറങ്ങിയവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ബസ് ഉരസിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കൊടുവള്ളി വെണ്ണക്കാടാണ് സംഭവം നടന്നത്.
പെട്രോൾ പമ്പിനുള്ളിൽ നിന്ന് റോഡിലേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്ന ബസിന് നേരെ പന്നിപ്പടക്കം ഉൾപ്പടെ എറിയുകയും മുൻവശത്തെ ചില്ല് അടിച്ചുതകർക്കുകയും ചെയ്തു. അക്രമികൾ എറിഞ്ഞ പടക്കങ്ങളിൽ ഒന്ന് പമ്പിനുള്ളിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി പെട്രോൾ പമ്പിന്റെ സമീപത്ത് നിന്ന് മാറ്റി. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
സമീപത്തെ കല്യാണ മണ്ഡപത്തിലേക്ക് എത്തിയ ബസ് അവിടെ ആളുകളെ ഇറക്കിയ ശേഷം തിരിക്കാനുള്ള സൗകര്യത്തിനാണ് പെട്രോൾ പമ്പിലേക്ക് കയറ്റിയത്. ഇതിനിടയിൽ അതുവഴി വന്ന കാറിൽ ബസ് ഉരസി എന്ന പേരിലായിരുന്നു ആക്രമണം. കാറിലെത്തിയ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറും സംഘവും കാർ നടുറോഡിൽ നിർത്തിയിട്ട ശേഷം ആക്രമണം നടത്തുകയായിരുന്നു.
ആട് ഷമീർ, കൊളവയൽ അസീസ് എന്നിവർക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൊടുവള്ളിയിൽ ഇവർക്കെതിരെ മുൻപും വധശ്രമത്തിന് കേസുണ്ട്. പ്രവാസിയെയാണ് വധിക്കാൻ ശ്രമിച്ചത്. അജ്മലിനെതിരെ 11 കേസുകളാണ് ഉള്ളത്. ആക്രമണത്തിൽ പങ്കാളിയായ അമൽ എന്നയാളെയാണ് ഇനി പിടികൂടാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |