കണ്ണൂർ: വർഷം തോറും വേനൽ കനക്കുന്ന സാഹചര്യത്തിൽ കിണർ റീച്ചാർജ്ജിംഗ് നിർബന്ധമെന്ന മുന്നറിയിപ്പുമായി ഭൂജല വകുപ്പ്. നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം റിപോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഭൂഗർഭ ജലത്തിന്റെ അളവിൽ കാര്യമായ വെല്ലുവിളികളില്ലെന്ന് ഭൂജല വകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ മഴയുടെ ലഭ്യതയ്ക്കനുസരിച്ച് റീച്ചാർജ്ജിംഗ് കൃത്യമാക്കണമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്.
മുൻ മാസങ്ങളെ അപേക്ഷിച്ച് ഭൂഗർഭജലം ഏകദേശം ഒരു മീറ്റർ വരെ താഴ്ന്നിട്ടുണ്ട്. ഇത് വേനലിനോട് അടുക്കുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ കുറവാണ്. വേനൽ മഴ ലഭിക്കുമ്പോഴും മൺസൂണിലും അളവ് വീണ്ടും പൂർവ്വ സ്ഥിതിയിലേക്കെത്തും. ഇപ്പോൾ ജില്ലയിൽ അനുഭവപ്പെടുന്ന ജലക്ഷാമത്തിന്റെ പ്രധാന കാരണം വർദ്ധിച്ച ചൂട് തന്നെയെന്നാണ് ഭൂജല വകുപ്പ് വ്യക്തമാക്കുന്നത്.
വേനലിന്റെ കാഠിന്യം വർദ്ധിച്ചതോടെ ജില്ലയിൽ പലയിടത്തും കുടിവെള്ള ക്ഷാമം തുടങ്ങിയിട്ടുണ്ട്. വീടുകളിലെ കിണറുകളിലും ജലനിരപ്പ് കുറഞ്ഞ് തുടങ്ങിയത് ആശങ്കപ്പെടുത്തുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ വേനൽ കാലത്തേക്ക് ഒരു മുൻകരുതൽ എന്ന നിലയിൽ കിണർ റീച്ചാർജിംഗ് ചെയ്യേണ്ടത് അനിവാര്യമാവുകയാണ്.
വേനൽകാലത്ത് ജലലഭ്യത വർദ്ധിപ്പിക്കുന്നതോടൊപ്പം കിണറ്റിലേക്കുള്ള ഉറവകൾ ശക്തിപ്പെടുത്തുവാനും ഈ മാർഗം സഹായിക്കും. ഉപയോഗശൂന്യമായ കിണറുകളും കുഴൽകിണറുകളും ഇപ്രകാരം മഴവെള്ളം ഭൂജലത്തിലേക്ക് എത്തിക്കാൻ ഉപയോഗിക്കാവുന്നതാണ്. കാലക്രമേണ ഇവയിലും ഉറവകൾ എത്തിത്തുടങ്ങും. മഴവെളളം കൃഷിഭൂമിയിലെ മണ്ണിൽ ഊർന്നിറങ്ങാൻ അനുവദിച്ച് മണ്ണിലെ ഈർപ്പം നിലനിർത്തുന്നതും ചെലവുകുറഞ്ഞ ജലസംരക്ഷണരീതിയാണ്. മഴവെളളം ശേഖരിക്കാൻ കൃഷി സ്ഥലങ്ങളിൽ പലയിടത്തായി മഴക്കുഴികൾ എടുക്കുന്നതും ഫലപ്രദമാണ്.
കിണർ റീച്ചാർജിംഗ് എങ്ങനെ ചെയ്യാം
മേൽക്കൂരയിൽ നിന്നുള്ള മഴവെള്ളം പാത്തികളിലൂടെ അല്ലെങ്കിൽ പൈപ്പിലൂടെ കിണറിനരികത്തേക്ക് കൊണ്ടുവന്ന് ഫിൽറ്റർ സംവിധാനം ഘടിപ്പിച്ച് മഴവെള്ളം കിണറിനകത്തേക്ക് കൊടുക്കണം. മേൽക്കൂരയിലെ അഴുക്കുകൾ ഫിൽറ്റർ ചെയ്യുവാനുള്ള അരിപ്പ സംവിധാനം ഇതിലുണ്ട്. കിണറിനരികെയായി സുരക്ഷിത അകലം പാലിച്ച് (ഭൂമിയ്ക്ക് ചെരുവുണ്ടെങ്കിൽ കിണറിന്റെ ഉയർന്ന ഭാഗത്തായി) ഒരു കുഴിയെടുത്ത് ഒരു മീറ്റർ ക്യൂബ് വലിപ്പത്തിൽ ഫസ്റ്റ് ഫ്ളഷിലൂടെ വരുന്ന മഴവെള്ളം അതിലേക്ക് ഇറക്കണം. കാലവർഷത്തെയും തുലാവർഷത്തെയും മഴവെള്ളം ഈ വിധത്തിൽ കിണറിൽ ഇറക്കണം. എന്നാൽ വേനൽ മഴയ്ക്ക് കിട്ടുന്ന മഴവെള്ളമാണ് ഇതിനേക്കാൾ ഫലം ചെയ്യുക. ഇങ്ങനെ ചെയ്താൽ വേനലിൽ കിണറിൽ യഥേഷ്ടം വെള്ളം ഉണ്ടാകും.
കിണർ റീച്ചാർജ്ജിംഗിന് ചിലവ്
ഏകദേശം 7500 രൂപ
മഴവെള്ളം സംഭരിക്കാനും റീച്ചാർജ് ചെയ്യാനുമുള്ള ഇടപെടലുകൾ നടത്തണം. കൃത്യമായ ശ്രദ്ധയിലൂടെ പെയ്യുന്ന മഴവെള്ളം സംഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഭാവിയിൻ വരാൻ പോകുന്ന ബുദ്ധിമുട്ടികൾ ഒരു പരിധി വരെ പരിഹരിക്കാം.
ഭൂജല വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |