തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുടാപ്പുകളുടെ വാട്ടർ ചാർജ് കുടിശികയായി കൈമാറിയ 770.24 കോടി രൂപ വകമാറ്റി സർക്കാർ. മാർച്ച് 29ന് അതോറിട്ടിയുടെ ട്രഷറി അക്കൗണ്ടിലെത്തിയ തുകയാണ് വകമാറ്റിയത്. ഇത് തിരികെ നൽകണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിട്ടി എം.ഡി ജീവൻ ബാബു ജലവിഭവ വകുപ്പ് അഡി. ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കമുള്ള ആനുകൂല്യങ്ങൾ നൽകാനുള്ളതാണെന്നും അടിയന്തരമായി തുക ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
പൊതുടാപ്പുകളുടെ കുടിശിക സംബന്ധിച്ച് വാട്ടർ അതോറിട്ടിയും തദ്ദേശവകുപ്പും തമ്മിൽ തർക്കം നിലനിൽക്കേയാണ് താത്കാലിക പരിഹാരമായി 719.15 കോടി രൂപ ധനകാര്യ കമ്മിഷൻ ഗ്രാന്റിൽ നിന്ന് സർക്കാർ അനുവദിച്ചത്.
പൊതുടാപ്പുകളിലൂടെ വെള്ളം നൽകുന്നതിന് എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 5.85 കോടിയും നിലവിലുള്ള വിവിധ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനുള്ള 45.22 കോടിയുമടക്കം 770.24 കോടി രൂപയാണ് അതോറിട്ടിയുടെ ട്രഷറി അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. എന്നാൽ, ഏഴ് ദിവസത്തിനകം ഈ തുക സർക്കാർ തിരിച്ചെടുക്കുകയായിരുന്നു.
പൊതുടാപ്പുകളുടെ എണ്ണത്തിലും കുടിശികയിലും വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വാട്ടർ അതോറിട്ടിയും തദ്ദേശവകുപ്പും തമ്മിൽ തർക്കമുണ്ടായിരുന്നത്. 2024 സെപ്തംബർ 30 വരെയുള്ള കണക്ക് പ്രകാരം 1,08,938 പൊതുടാപ്പുകളുണ്ടെന്നും 2020 ഏപ്രിൽ മുതലുള്ള കുടിശിക പ്രകാരം 1148.60 കോടി രൂപ നൽകണമെന്നും വാട്ടർ അതോറിട്ടി ആവശ്യപ്പെട്ടു.
എന്നാൽ, തങ്ങളുടെ കണക്കിൽ 88,676 ടാപ്പുകളേയുള്ളു എന്നും 905 കോടി മാത്രമാണ് കുടിശികയെന്നുമായിരുന്നു തദ്ദേശവകുപ്പിന്റെ വാദം. ഇതേത്തുടർന്ന് ഇരുവകുപ്പുകളും ചേർന്ന് ജിയോടാഗിംഗ് നടത്തി 1,28,502 ടാപ്പുകളുണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് സർക്കാർ തുക കൈമാറിയത്.
സമരത്തിന്
കെ.ഡബ്ല്യു.എ.എസ്.എ
വാട്ടർ അതോറിട്ടിയുടെ റവന്യു വരുമാനം അടക്കം കവർന്നെടുക്കുന്ന സർക്കാർ നടപടിക്കെതിരേ ശക്തമായ സമരം നടത്തുമെന്ന് പ്രതിപക്ഷ ജീവനക്കാരുടെ സംഘടനയായ കെ.ഡബ്ല്യു.എ.എസ്.എ അറിയിച്ചു. മേയ് 22ന് രാവിലെ 9ന് ജലഭവന് മുമ്പിൽ ധർണ നടത്തും. നോൺ പ്ളാൻ ഗ്രാൻഡ് വെട്ടിക്കുറയ്ക്കുകയും ജീവനക്കാരുടെ ക്ഷാമബത്ത കവർന്നെടുക്കുകയും ചെയ്യുന്ന സർക്കാർ വാട്ടർ അതോറിട്ടിയെ തകർക്കാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി പി.ബിജു പറഞ്ഞു.
ഫോട്ടോ:
കേരളകൗമുദി മാർച്ച് 29ന് പ്രസിദ്ധീകരിച്ച വാർത്ത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |