പാലക്കാട്: ജില്ലാ മൃഗ ആശുപത്രിയിൽ രാത്രികാല ചികിത്സ സൗകര്യമില്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണ് മൃഗപരിപാലകർ. രാത്രി എട്ടു മണിക്ക് ശേഷമാണ് ആശുപത്രിയിൽ സേവനമില്ലാത്തത്. അടിയന്തര ആവശ്യങ്ങൾക്കായി ആശുപത്രിയിലെത്തുമ്പോൾ ആശുപത്രി അടച്ചിട്ട സ്ഥിതിയാണ് ഉണ്ടാകാറെന്ന് നാട്ടുകാർ പറഞ്ഞു. എട്ടു മണിക്ക് ശേഷം ചികിത്സക്കായി പറളി മൃഗാശുപത്രിയെ ആശ്രയിക്കണം. അടിയന്തര സാഹചര്യങ്ങളിൽ നഗരത്തിലുള്ളവർ പറളി വരെ എത്തണമെന്നുള്ളത് മൃഗങ്ങൾക്ക് ഏറെ പ്രയാസകരമാകുന്നുണ്ടെന്ന് മൃഗപരിപാലകർ പരാതിപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലക്കാട് റെയിൽവേ കോളനിയിൽ ഗണേഷിന്റെ നാലുവയസുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട പെൺനായ പാമ്പ് കടിയേറ്റ് ചികിത്സ കിട്ടാതെ ചത്തത്. രാത്രി 11.30ന് നായയ്ക്ക് പാമ്പ് കടിയേറ്റയുടൻ മൃഗാശുപത്രി ഡോക്ടർമാരെ ബന്ധപ്പെട്ടെങ്കിലും ആരും ഫോൺ എടുത്തിരുന്നില്ലെന്ന് ഗണേഷ് പറഞ്ഞു. തുടർന്ന് ജില്ലാ മൃഗാശുപത്രിയിലും, ചിറ്റൂരിലെ മൃഗാശുപത്രിയിലും എത്തിച്ചെങ്കിലും രണ്ടിടങ്ങളിലും ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതിനാൽ തിരികെ വരേണ്ടി വന്നു. പുലർച്ചയോടെ നായ അവശയായി. അതിരാവിലെ തന്നെ ഡോക്ടർ വന്ന് പ്രതിരോധ നടത്തി മരുന്നു കുത്തിവയ്‌ച്ചെങ്കിലും ഏറെ വൈകാതെ ജീവൻ നഷ്ടമായി. ശരിയായ സമയത്ത് ചികിത്സ കിട്ടിയിരുന്നുവെങ്കിൽ നായ്ക്കുട്ടിയെ തങ്ങൾക്ക് നഷ്ടമാകില്ലായിരുന്നുവെന്ന് ഗണേഷ് വേദനയോടെ പറഞ്ഞു. ആശുപത്രിയിൽ എക്സ്‌റേ എടുക്കാനുള്ള സൗകര്യങ്ങളും ഇല്ല. ഇതുൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി ജില്ലാ ആശുപത്രിയിൽ 24 മണിക്കൂറും മൃഗ ചികിത്സ ലഭ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പാലക്കാട് ബ്ലോക്കിൽ രാത്രികാല വെറ്ററിനറി ഡോക്ടറുടെ സേവനം പറളിയിലാണ് ലഭ്യമാക്കിയിട്ടുള്ളത്.
ഒരു ബ്ലോക്കിൽ ഒരു സ്ഥാപനത്തിൽ മാത്രമ്രേ സേവനം ലഭ്യമാക്കാവൂ എന്നാണ് വ്യവസ്ഥ. ഡോ.എൻ.രാധാകൃഷ്ണൻ, ചീഫ് വെറ്ററിനറി ഓഫീസർ, പാലക്കാട്.
എന്റെ ആടിന് വൈകുന്നേരം വല്ലാതെ വെപ്രാളമുണ്ടായി. ചില നാടൻ മരുന്നുകൾ നൽകിയെങ്കിലും ശമനമുണ്ടായില്ല. രാത്രി 8.30ഓടെ ജില്ലാ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ആശുപത്രി പൂട്ടിക്കിടക്കുകയായിരുന്നു.
കെ.മണികണ്ഠൻ, മൃഗപരിപാലകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |