കൊല്ലം: സ്ത്രീധനം കിട്ടാത്തതിന് യുവതിയെ പട്ടിണിക്കിട്ട് കൊന്ന ഭർത്താവിനും മാതാവിനും ജീവപര്യന്തം കഠിനതടവും 1,05,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തുഷാരയെ (28) കൊന്ന കേസിലാണ് പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവരെ കൊല്ലം അഡിഷണൽ ജില്ലാ ജഡ്ജി എസ്. സുഭാഷ് ശിക്ഷിച്ചത്.
കൊലപാതകത്തിനും സ്ത്രീധന മരണത്തിനുമാണ് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. അന്യായമായി തടങ്കലിൽ വച്ചതിന് രണ്ട് വർഷം കഠിനതടവും അയ്യായിരം രൂപ വീതം പിഴയും രണ്ട് പ്രതികൾക്കും വിധിച്ചിട്ടുണ്ട്. മൂന്നാം പ്രതിയായ ചന്തുലാലിന്റെ പിതാവ് ലാലിയെ മൂന്ന് മാസം മുമ്പ് ഇത്തിക്കരയാറ്റിൻ കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
2019 മാർച്ച് 21ന് രാത്രി 9.30നാണ് തുഷാരയെ മരിച്ച നിലയിൽ ഭർത്തൃവീട്ടുകാർ ഓട്ടോറിക്ഷയിൽ ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ രാത്രി 12നാണ് ഓട്ടോ ഡ്രൈവർ ബന്ധുക്കളെ വിളിച്ച് തുഷാരയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് അറിയിച്ചത്. ഇയാളെ തിരിച്ചു വിളിച്ചപ്പോഴാണ് മരിച്ചെന്നറിയിച്ചത്. പുലർച്ചെ ഒന്നോടെ തുഷാരയുടെ പിതാവും മാതാവും സഹോദരനും ആശുപത്രിയിലെത്തി. ശോഷിച്ച മൃതദേഹം കണ്ടെതിനെ തുടർന്ന് ഇവരാണ് പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയത്. പ്രോസിക്യുഷന് വേണ്ടി അഡ്വ. കെ.ബി. മഹേന്ദ്ര ഹാജരായി. ഡിവൈ.എസ്.പിമാരായ ദിനരാജ്, നാസറുദ്ദീൻ എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്. സി.പി.ഒമാരായ അജിത്, വിദ്യ എന്നിർ പ്രോസിക്യൂഷൻ സഹായികളായിരുന്നു.
തുഷാരയുടെ ഭാരം 21 കിലോഗ്രാം
പോസ്റ്റുമോർട്ടം നടത്തുമ്പോൾ തുഷാരയുടെ ഭാരം 21 കിലോഗ്രാം മാത്രമായിരുന്നു. ആമാശയത്തിൽ ഭക്ഷണവസ്തുവിന്റെ അംശമുണ്ടായിരുന്നില്ല. തൊലി എല്ലിനോട് ചേർന്ന നിലയിലായിരുന്നു. വയർ ഒട്ടി വാരിയെല്ല് തെളിഞ്ഞ് നട്ടെല്ലിനോട് ചേർന്നിരുന്നു. അയൽക്കാരുടെയും തുഷാരയുടെ മൂന്നരവയസുള്ള കുട്ടിയുടെ അദ്ധ്യാപികയുടെയും മൊഴികൾ കേസിൽ നിർണായകമായി. കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ അമ്മയെ അന്വേഷിച്ച ടീച്ചറോട് അവർ കിടപ്പ് രോഗിയാണെന്നാണ് പ്രതികൾ ധരിപ്പിച്ചത്. അമ്മയുടെ പേര് ഗീത എന്നും അദ്ധ്യാപികയെ വിശ്വസിപ്പിച്ചു. 2013ലായിരുന്നു തുഷാരയും ചന്തുലാലും തമ്മിലുള്ള വിവാഹം. വിവാഹം ഉറപ്പിക്കുമ്പോൾ മൂന്ന് വർഷത്തിനകം നൽകാമെന്ന് പറഞ്ഞിരുന്ന രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് മൂന്നാം മാസം മുതൽ തുഷാരയെയും കുടുംബത്തെയും മാനസികമായി പീഡിപ്പിച്ചു. കുടുംബവുമായി സഹകരിക്കാനും തുഷാരയെ സമ്മതിച്ചിരുന്നില്ല. തുഷാരയുടെ പെൺമക്കളെ കാണാനും വീട്ടുകാരെ അനുവദിച്ചിരുന്നില്ല. കുട്ടികളെ താലോലിക്കാൻ തുഷാരയെയും അനുവദിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |