തിരുവനന്തപുരം: മലയാള സിനിമയെ ലോകസിനിമയുടെ നെറുകയിലെത്തിച്ച വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ.കരുൺ (73) അന്തരിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. ഭാര്യ അനസൂയയും മക്കളും സമീപത്തുണ്ടായിരുന്നു. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10ന് കലാഭവനിൽ പൊതുദർശനം. വൈകിട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ സംസ്കാരം.
'പിറവി'യാണ് ഷാജി (1988) സംവിധാനം ചെയ്ത ആദ്യ ചിത്രം. പിറവി, സ്വം, വാനപ്രസ്ഥം എന്നിവ കാൻമേളയുടെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. ലോകസിനിമയിലെ അപൂർവ നേട്ടമാണിത്. അദ്ഭുതമായിരുന്നു 'പിറവി'. ഒരു ഇന്ത്യൻ സിനിമയും ഇത്രയേറെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. നാല് ദേശീയ അവാർഡുകളും വിഖ്യാതമായ ചാർളി ചാപ്ലിൻ അവാർഡും പിറവിക്കു ലഭിച്ചു. കാനിൽ ക്യാമറ ഡി ഓർ പ്രത്യേക പരാമർശവും നേടി.
കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദൻ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി. ഏഴു വീതം ദേശീയ പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്‌കാരങ്ങളും നേടി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്ക് ഫ്രഞ്ച് സർക്കാരിന്റെ 'ദ ഓർഡർ ഒഫ് ആർട്സ് ആൻഡ് ലെറ്റേഴ്സും' ലഭിച്ചു.
2011ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി സംസ്ഥാനം ആദരിച്ചത് ഈമാസം 16നായിരുന്നു. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകൾ. 40 ചിത്രങ്ങളുടെ ഛായാഗ്രാഹകനായി.
1976ൽ കെ.എസ്.എഫ്.ഡി.സിയിൽ ഫിലിം ഓഫീസറായ ഷാജി പിന്നീട് അതിന്റെ സാരഥ്യത്തിലെത്തി. 1998ൽ ചലച്ചിത്ര അക്കാഡമിയുടെ ആദ്യ ചെയർമാനായി.
1952 പുതുവത്സരദിനത്തിൽ കൊല്ലം പെരിനാട് കണ്ടച്ചിറയിൽ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്ത മകനായി ജനനം. 1963ൽ കുടുംബം തിരുവനന്തപുരത്ത് താമസമാക്കി. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദവും 1974ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമയും നേടി.
ഡോ. പി.കെ.ആർ. വാര്യരുടെ മകൾ അനസൂയയെ 1975 ജനുവരി 1ന് ജീവിതസഖിയാക്കി. മക്കൾ: അനിൽ (ഐസർ, തിരുവനന്തപുരം ), അപ്പു (ജർമ്മനി). മരുമക്കൾ: ഡോ.നീലിമ (സൈക്കോളിജിസ്റ്റ് ഐസർ ), ശീതൾ (സൈബർ സ്പെഷ്യലിസ്റ്റ്, ജർമ്മനി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |