വളരെ സിംപിളായിരുന്നു ഷാജി എൻ. കരുണിന്റെ കലയും ജീവിതവും. വലിയ നിലയിൽ അംഗീകരിക്കപ്പെട്ടപ്പോഴും സാധാരണ മനുഷ്യനെപ്പോലെ യാതൊരു ജാടയുമില്ലാതെ അദ്ദേഹം മുന്നോട്ടു പോയി.
മലയാളത്തിലെ പ്രഗത്ഭ സംവിധായകരായ അരവിന്ദൻ, പദ്മരാജൻ, എം.ടി. വാസുദേവൻ നായർ, ഹരിഹരൻ എന്നിവരുടെയൊക്കെ പ്രിയപ്പെട്ട ഛായാഗ്രാഹകനായിരുന്നു ഷാജി എൻ. കരുൺ. ഷാജിയും അരവിന്ദനും തമ്മിൽ ഒരു കെമിസ്ട്രിയുണ്ടായിരുന്നു. വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്തിരുന്ന അരവിന്ദന്റെ ചിത്രങ്ങളിൽ ഷാജിയായിരുന്നു സ്ഥിരം ഛായാഗ്രഹകൻ. പദ്മരാജന്റെ 'കൂടെവിടെ"യിലും 'അരപ്പട്ട കെട്ടിയ ഗ്രാമ"ത്തിലും എം.ടിയുടെ മഞ്ഞിലും അദ്ദേഹമായിരുന്നു ക്യാമറ. അരവിന്ദന്റെ തമ്പിലൂടെയാണ് ആദ്യ നാഷണൽ അവാർഡ് ഷാജിയെ തേടിയെത്തുന്നത്.
സൂപ്പർസ്റ്റാറുകളുടെ പ്രിയപ്പെട്ട സംവിധായകൻ
സൂപ്പർ താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനെയും വച്ച് ഷാജി എൻ. കരുൺ സിനിമകൾ സംവിധാനം ചെയ്തു. വാനപ്രസ്ഥത്തിൽ കലാമണ്ഡലം കൃഷ്ണൻനായർ ആശാന് സമാനമായ ഒരാളെ തേടിയുള്ള ഷാജിയുടെ യാത്ര അവസാനിച്ചത് മോഹൻലാലിലാണ്. കൃഷ്ണൻനായർ ആശാന്റെ അതേ ഫിസിക്കും ലുക്കുമാണ് മോഹൻലാലിനെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആത്മാർത്ഥമായി മോഹൻലാൽ ആ വേഷം കൈകാര്യം ചെയ്തെന്നും റിഹേഴ്സലിലും മോഹൻലാലും ക്യാമറയിൽ കാണുന്ന ലാലും തികച്ചും വ്യത്യസ്തമാണെന്നും കൂട്ടിച്ചേർത്തു. സുന്ദരനായ ഒരു പുരുഷനെയായിരുന്നു കുട്ടിസ്രാങ്കിൽ അദ്ദേഹം തേടിയത്. ഒരിക്കൽ അദ്ദേഹം മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ട് 'നിങ്ങളുടെ മുഖത്ത് ടാർ ഉരുക്കി ഒഴിച്ചാലും നിങ്ങൾ സുന്ദരനായിരിക്കുമെന്ന്".
കരുണാകരനുമായി ഉടക്ക്
ചിത്രാഞ്ജയിലെ ലാബിലെ ജീവനക്കാരൻ മെനഞ്ഞ കള്ളക്കഥ കാരണമാണ് ഷാജി ലീഡർ കെ. കരുണാകരന്റെ കണ്ണിലെ കരടായത്. ലീഡർ പങ്കെടുത്ത സർക്കാർ പരിപാടിയുടെ പടം എടുക്കാൻ ഷാജി വിസമ്മതിച്ചെന്ന് പറഞ്ഞാണ് പ്രശ്നങ്ങളുടെ തുടക്കം. ജീവനക്കാരനെ ശകാരിച്ച ഷാജിയോട് അയാൾ പകരം വീട്ടിയത് ഇത്തരത്തിലായിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തെ കെ.എസ്.എഫ്.ഡി.സിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മൂന്നുവർഷം അത് നീണ്ടു.
'പിറവി" ഇറങ്ങുന്ന സമയത്ത് അത് തന്നെക്കുറിച്ചായിരുന്നോയെന്ന് കരുണാകരന് സംശയമുണ്ടായിരുന്നു. സിനിമ ഇറങ്ങാതിരിക്കാൻ അദ്ദേഹം ഗുരുവായൂരിൽ പോയി പ്രാർത്ഥിച്ചു എന്നുവരെ കഥയിറങ്ങിയിരുന്നു. കോഴിക്കോട് ചാത്തമംഗലം എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി രാജന്റെ തിരോധാനത്തെക്കുറിച്ചാണ് 'പിറവി" യുടെ കഥയെന്ന് ചിലർ പ്രചരിപ്പിച്ചിരുന്നു. രാജൻ കേസുമായി സിനിമയ്ക്കു ബന്ധമില്ലെന്ന് ഷാജി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. സിനിമ ഇറങ്ങിയ ശേഷമാണ് ലീഡർക്ക് അത് ബോദ്ധ്യമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |