കൊല്ലം: അഷ്ടമുടി കായലിലെ ഓളങ്ങളും അതിൽ തെളിഞ്ഞ സൂര്യകിരണങ്ങളുമാണ് കുട്ടിക്കാലത്ത് ഷാജി.എൻ.കരുണിന്റെ ഹൃദയത്തിൽ കാഴ്ചകളുടെ സൂര്യോദയം സൃഷ്ടിച്ചത്. ഷാജി.എൻ.കരുൺ ജനിച്ച കണ്ടച്ചിറയിലെ വീടിന്റെ പുമുഖം അഷ്ടമുടി കായലിനെ നോക്കിയായിരുന്നു.
അഷ്ടമുടി കായലിലെ ഓളങ്ങൾ കാട്ടിയും മീൻ കൊത്തിയെടുത്ത് പറക്കുന്ന കൊക്കുകളെ കാട്ടിയുമാണ് ഷാജി.എൻ.കരുണിന് കുഞ്ഞിലെ അമ്മ ചോറ് കൊടുത്തിരുന്നത്. ലോക്കൽ ഫണ്ട് ഓഡിറ്റിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛന് സ്ഥലം മാറ്റം ലഭിച്ചതോടെയാണ് ഷാജി.എൻ.കരുണും കുടുംബവും തിരുവനന്തപുരത്തേക്ക് താമസം മാറിയത്. പിന്നീട് മുത്തച്ഛനും മുത്തശ്ശിയും അടുത്തേക്ക് എത്താൻ വേനലവധിക്കായി ഷാജി.എൻ.കരുൺ കാത്തിരിക്കുമായിരുന്നു. അങ്ങനെ കണ്ടച്ചിറയിലെ കുട്ടിക്കാലത്ത് കണ്ട കാഴ്ചകളാണ് അദ്ദേഹത്തിന്റെ മനസിൽ ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടം വളർത്തിയത്. അഞ്ചാലുംമൂട്ടിലെ വായനശാലയിൽ നിന്ന് വേനലവധിക്കാലങ്ങളിൽ എടുത്ത് വായിച്ച പുസ്തകങ്ങളാണ് ചിന്തകളുടെ വാതിൽ തുറന്നത്.
കൊല്ലത്തെ ലോകത്തെ കാണിച്ചു
മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ച ഷാജി.എൻ.കരുൺ സംവിധാനം ചെയ്ത കുട്ടി സ്രാങ്കിന്റെ പ്രധാന ലൊക്കേഷൻ കൊല്ലമായിരുന്നു. പെരുമൺ, മൺറോത്തുരുത്ത് അടക്കമുള്ള അഷ്ടമുടിക്കായലിന്റെ തീരങ്ങളും ശാസ്താംകോട്ടയുമായിരുന്നു പ്രധാന ലൊക്കേഷൻ. അങ്ങനെ കുട്ടിസ്രാങ്കിലെ ഫ്രെയിമുകളിലൂടെ ഷാൻ.എൻ.കരുൺ കൊല്ലത്തെ ലോകത്തിന് കാണിച്ചു.
അഞ്ച് വിഖ്യാത കഥകൾ
കൊല്ലം ലോക സിനിമയ്ക്ക് സമ്മാനിച്ച നല്ല സിനിമകളുടെ മുതലാളി രവീന്ദ്രൻ നാഥൻ നായർ നിർമ്മിച്ച ആറ് സിനിമകളുടെ ക്യാമറാമാനായിരുന്നു ഷാജി.എൻ.കരുൺ. അതിൽ അരവിന്ദൻ സംവിധാനം ചെയ്ത കാഞ്ചനസീത, തമ്പ്, എസ്തപ്പാൻ, കുമ്മാട്ടി, പോക്കുവെയിൽ എന്നീ അഞ്ച് ചിത്രങ്ങളുടെയും അരവിന്ദൻ പറഞ്ഞ കഥകൾ ഷാജി.എൻ കരുൺ കേട്ടത് രവി മുതലാളിയുടെ കൊല്ലത്തെ വീട്ടിൽ വച്ചായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |