SignIn
Kerala Kaumudi Online
Saturday, 26 July 2025 7.55 PM IST

ജനം മാറുന്നു; പൊലീസും മാറണം

Increase Font Size Decrease Font Size Print Page
padmakumar

പൊലീസ് സേനയിൽ പരിഷ്കാരങ്ങളുടെ നായകനെന്നു വിളിക്കാവുന്ന ഡി.ജി.പി കെ. പദ്മകുമാർ 36 വർഷത്തെ സേവനത്തിനു ശേഷം ഇന്ന് വിരമിക്കുന്നു. ഐ.പി.എസിലേക്ക് വഴിതെറ്റി വന്നയാളല്ല പദ്മകുമാർ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഒന്നാംറാങ്കോടെ ഇക്കണോമിക്സ് ബിരുദം നേടിയ ശേഷം 1987ൽ ആദ്യശ്രമത്തിൽത്തന്നെ ഇന്ത്യൻ റവന്യു സർവീസിൽ. ഐ.ആർ.എസ് പരിശീലനത്തിനിടെ വീണ്ടും പരീക്ഷയെഴുതി ഐ.പി.എസ് നേടുകയായിരുന്നു. പൊലീസിലും ക്രൈംബ്രാഞ്ച്, ഇന്റലിജൻസ്, ട്രെയിനിംഗ്, ബറ്റാലിയൻ, ഗതാഗത കമ്മിഷണർ, തീരദേശ പൊലീസ്, ജയിൽ, പൊലീസ് അക്കാഡമി, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി എന്നിവിടങ്ങളിലെല്ലാം പ്രവർത്തിച്ചു. കെ. പദ്മകുമാർ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.

? മൂന്നര പതിറ്റാണ്ടത്തെ സേവനത്തിനു ശേഷം സേനയോട് വിട പറയുമ്പോൾ മനസിൽ.

 പൂർണ സംതൃപ്തി. ജനങ്ങൾക്കൊപ്പം നിന്ന് ഏറ്റവും കൂടുതൽ സഹായം ചെയ്യാനാവുന്ന സർവീസാണ് ഐ.പി.എസ്. അതിന് എനിക്കു കഴിഞ്ഞെന്ന വിശ്വാസമുണ്ട്. തിരുവനന്തപുരം സിറ്റിയിലടക്കം റസിഡൻസ് അസോസിയേഷനുകളുമായി ചേർന്ന് പ്രവർത്തിക്കാനും അതുവഴി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കഴിഞ്ഞു. തലസ്ഥാനത്ത് രണ്ടുതവണ കമ്മിഷണറായിരുന്നു. എല്ലാ രണ്ടാം ശനിയാഴ്ചയും റസിഡൻസ് അസോസിയേഷനുകളുടെ യോഗം ചേർന്ന് ഓരോയിടത്തെയും പ്രശ്നങ്ങൾ മനസിലാക്കി പരിഹരിച്ചു. ജോലിചെയ്ത എല്ലായിടത്തും കമ്മ്യൂണിറ്റി പൊലീസിംഗ് ശക്തമാക്കി.

?​ പൊലീസ്, ജയിൽ, ഫയർഫോഴ്സ്... എല്ലായിടത്തും. മികവു തെളിയിച്ചു. നടപ്പാക്കാൻ കഴിയാതെ പോയ പരിഷ്കാരങ്ങൾ ഏറെയുണ്ടോ.

 ജോലി ചെയ്തിടത്തെല്ലാം മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു. ഫയർഫോഴ്സിൽ പുതിയ ഉപകരണങ്ങൾ വാങ്ങുന്നതിനും വനിതാ ജീവനക്കാരെ സേനയിൽ ഉൾപ്പെടുത്തുന്നതിനും കഴിഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്കൂബാ ടീം തുടങ്ങി. സിവിൽ ഡിഫൻസ് സന്നദ്ധസേനയെ കേരളം മുഴുവൻ രക്ഷാദൗത്യങ്ങൾക്ക് സജ്ജമാക്കാൻ കഴിഞ്ഞു. വയനാട് ദുരന്തമേഖലയിലടക്കം ആദ്യ മണിക്കൂർ മുതൽ സജീവമായി രക്ഷാദൗത്യത്തിലുണ്ടായിരുന്നു. കെട്ടിടങ്ങൾക്ക് ഫയർ എൻ.ഒ.സി നൽകുന്നത് 'ഈസ് ഒഫ് ഡൂയിംഗ് ബിസിനസി"ന്റെ ഭാഗമായി വേഗത്തിലാക്കി. ഇതിനെല്ലാം സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പരിപൂർണ പിന്തുണ ലഭിച്ചു.

മോട്ടോർ വാഹന വകുപ്പിലായിരിക്കുമ്പോഴാണ് 'വാഹൻ സാരഥി" പോർട്ടലിലേക്ക് വാഹനവിവരങ്ങൾ മാറിയത്. ആദ്യം സാങ്കേതിക പ്രശ്നമുണ്ടായിരുന്നു. പിന്നീടത് പരിഹരിച്ചു. നിരവധി കേന്ദ്രപദ്ധതികളുടെ ഗുണം സംസ്ഥാനത്തിനു ലഭിച്ചു. ഗതാഗത കമ്മിഷണറായിരിക്കെ നടപ്പാക്കിയ 'സേഫ് കേരള" പദ്ധതിയുടെ ഭാഗമായി അപകടങ്ങൾ കുറയ്ക്കാനുള്ള എൻഫോഴ്സ്മെന്റ് വിഭാഗം സജ്ജമാക്കി. പൊലീസ് അക്കാഡമി ഡയറക്ടറായിരിക്കെ പരിശീലന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. പരിശീലനത്തിന് ആധുനിക ടെക്നോളജികൾ ഉൾപ്പെടുത്തി. ഇതെല്ലാം മനസിന് സന്തോഷം നൽകുന്നതാണ്. ജനങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റം മുന്നിൽക്കണ്ട് നടപ്പാക്കിയ പരിഷ്കാരങ്ങളാണ് എല്ലാം.

? കേസുകൾ കുറവുള്ള സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് തിരികെ നൽകുന്നത് പഠിച്ച കമ്മിറ്റി അദ്ധ്യക്ഷനായിരുന്നല്ലോ...

 പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ആയിരിക്കെ ആയിരുന്നു അത്. കേരളത്തിലെ എല്ലാ സ്റ്റേഷനുകളും കേസുകളുടെ അടിസ്ഥാനത്തിൽ കാറ്റഗറി തിരിച്ച് സമഗ്രമായ പഠന റിപ്പോർട്ട് സർക്കാരിന് നൽകിയിട്ടുണ്ട്. മേൽനോട്ടം സി.ഐയ്ക്ക് ആയിരിക്കണോ, എസ്.ഐയ്ക്ക് ആയിരിക്കണോ എന്ന ശുപാർശയോടെയാണ് ഇത്. പൊലീസിംഗിന്റെ മികവ് കൂട്ടുന്ന പരിഷ്കാരമായിരിക്കും അത്.

? സേനയിലെ വനിതാ പ്രാതിനിദ്ധ്യം ഉദ്ദേശിച്ചതു പോലെ വർദ്ധിപ്പിക്കാനായോ.

 സ്ത്രീകൾ പല മേഖലകളിലും മുൻപന്തിയിലുള്ള സംസ്ഥാനമാണ് കേരളം. സേനയിൽ അതിനനുസരിച്ചുള്ള പ്രാതിനിദ്ധ്യം നൽകാൻ കഴിഞ്ഞിട്ടില്ല. അടുത്തിടെ എസ്.ഐ റിക്രൂട്ട്മെന്റ് ഓപ്പൺ റിക്രൂട്ട്മെന്റാക്കി. നേരത്തേ പുരുഷന്മാർക്കു മാത്രമായിരുന്നു. നിരവധി സ്റ്റേഷനുകൾ ഭരിക്കുന്നത് സ്ത്രീകളാണ്. സ്ത്രീ പ്രാതിനിദ്ധ്യം 10 ശതമാനമാക്കുകയെന്ന ലക്ഷ്യം ക്രമേണ നടപ്പാക്കാനാവും. ഫയർഫോഴ്സിൽ അടുത്തകാലത്താണ് വനിതകളെ ഉൾപ്പെടുത്തിയത്.

? ഏറ്റവും സന്തോഷം തോന്നുന്ന അനുഭവങ്ങൾ...

 ബറ്റാലിയൻ എ.ഡി.ജി.പി ആയിരിക്കെ വർഷങ്ങളായി മുടങ്ങിക്കിടന്ന സ്ഥാനക്കയറ്റങ്ങൾക്ക് പരിഹാരമുണ്ടാക്കി. നിരവധി ഉദ്യോഗസ്ഥർ എസ്.ഐ റാങ്കിൽ വിരമിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ആ ദുരിതം മാറ്റിയെടുത്തു. വകുപ്പുതല സ്ഥാനക്കയറ്റത്തിനുള്ള സീനിയോറിറ്റി ലിസ്റ്റുണ്ടാക്കി, സ്ഥാനക്കയറ്റ സമിതി യോഗങ്ങൾ ചേർന്ന് പ്രശ്നങ്ങൾ പരിഹരിച്ചു. എസ്.ഐമാരായി വിരമിക്കേണ്ടിയിരുന്ന പലരും ഡെപ്യൂട്ടി കമൻഡാന്റുമാരായി വിരമിച്ചു. നീണ്ട വർഷങ്ങളിലെ ബാക്ക്ലോഗ് ക്ലിയർചെയ്തു. അതൊരു വലിയ ക്ഷേമപ്രവർത്തനമായി ഏറ്രെടുത്തു. സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും ഉറപ്പുവരുത്തിയതോടെ ബറ്റാലിയന്റെ മനോവീര്യം ഉയർത്താനായി. എല്ലാ ബറ്രാലിയനുകളിലും സ്വിമ്മിംഗ് പൂളുകൾ പണിതു. പൊതുജനങ്ങൾക്കും അവിടെ പരിശീലനം നൽകി. പൊലീസുകാരുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തി. മെസുകൾ പുതുക്കി. ഇതിലെല്ലാം വലിയ സന്തോഷമുണ്ട്.

?ഏറെക്കാലം ശബരിമലയിൽ സുരക്ഷ ഒരുക്കുന്ന ചീഫ് കോ-ഓർഡിനേറ്റർ ആയിരുന്നല്ലോ. ഇനി നടപ്പാക്കേണ്ട പരിഷ്കാരങ്ങൾ...

 ശബരിമലയിൽ ഏറ്രവും പ്രധാനം ഏകോപനമാണ്. കെ.എസ്.ഇ.ബി, ജല അതോറിട്ടി,​ വനം അടക്കം നിരവധി വകുപ്പുകളുണ്ട്. എല്ലാവരും ഒരേ മനസോടെ മുന്നോട്ടുപോയാലേ തീർത്ഥാടനം വിജയിപ്പിക്കാനാവൂ. കഴിഞ്ഞ സീസൺ മികവുറ്റതായിരുന്നു. വാഹന ഗതാഗതം, തീർത്ഥാടകരുടെ തിരക്കേറുന്നത്... അടക്കം നിരവധി പ്രശ്നങ്ങളുണ്ട്. ഇതെല്ലാം പൊലീസിന് വെല്ലുവിളിയാണ്.

?​ ജനങ്ങളോടുള്ള പെരുമാറ്റത്തിലടക്കം പൊലീസിന് പരിശീലനം നൽകേണ്ടതല്ലേ.

 പൊലീസ് പരിശീലനം കാലോചിതമായി മാറേണ്ടതുണ്ട്. ചുറ്റുമുള്ള സാഹചര്യങ്ങൾക്കും സാങ്കേതികവിദ്യകൾക്കും അനുസൃതമായി പരിശീലന രീതി മാറ്റാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങളടക്കം വർദ്ധിക്കുന്നു. സാമ്പത്തിക തട്ടിപ്പുകൾ പെരുകുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ തട്ടിപ്പുകൾ കണ്ടെത്താൻ സേന പര്യാപ്തമാവണം. പൊലീസ് ഉദ്യോഗസ്ഥർ സാങ്കേതികവിദ്യ ഉപയോഗിക്കാൻ പഠിക്കണം. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനും ഉദ്യോഗസ്ഥർക്ക് കഴിയണം. ജനങ്ങൾ നിയമത്തെക്കുറിച്ചടക്കം ബോധവാന്മാരാണ്. ജനങ്ങളോട് മാന്യമായി പെരുമാറാനും നല്ലരീതിയിൽ പ്രതികരിക്കാനും തുടർപരിശീലനവും ആവശ്യമാണ്. പത്തോ പതിനഞ്ചോ വർഷം മുമ്പുള്ളതുപോലത്തെ പെരുമാറ്റമല്ല ജനം പ്രതീക്ഷിക്കുന്നത്. അതിനനുസരിച്ചുള്ള മാറ്റം പൊലീസിൽ ഉണ്ടാകണം.

TAGS: PADMAKUMAR, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.