കൊല്ലം: കാൽനട യാത്രക്കാരെ വാരിക്കുഴിയിൽ വീഴ്ത്താൻ വാ പിളർന്ന് നഗരത്തിലെ ഓടകൾ. കണ്ണൊന്ന് തെറ്റിയിൽ ഓടയിൽ വീണ് അപകടം സംഭവിക്കാം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ലാബ് തകർന്നും മൂടിയില്ലാതെയും അപകടത്തിലേക്ക് തുറന്നിരിക്കുകയാണ് ഓടകൾ.
കൊല്ലം വാട്ടർ അതോറിറ്രി ഓഫീസിന് സമീപത്തും ചിന്നക്കടയിൽ നിന്ന് ആശ്രാമത്ത് പോകുന്ന ഭാഗത്തും ജില്ലാ ജയിലിന് സമീപത്തുമെല്ലാം ഓടകളുടെ സ്ലാബുകൾ ക്രമം തെറ്റിയും തകർന്നും കിടക്കുകയാണ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലാണ് ഓടകൾ അപകടക്കെണിയാകുന്നത്.
ചില സ്ലാബുകളുടെ ഒരുവശം ഉയർന്ന് നിൽക്കുന്നതും ചിലയിടത്ത് സ്ലാബുകൾക്കിടയിൽ വിടവുള്ളതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. പൊങ്ങി നിൽക്കുന്ന സ്ലാബുകളിൽ തട്ടി വീഴാനുള്ള സാദ്ധ്യതയും കൂടുതലാണ്. രാത്രികാലങ്ങളിലാണ് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നത്. ചില ഭാഗങ്ങളിൽ വെളിച്ചക്കുറവ് മൂലം സ്ലാബ് തകർന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെടില്ല.
നടപ്പാതയിൽ പലഭാഗത്തും പുല്ല് മൂടിയ നിലയിലാണ്. ഇവിടങ്ങളിൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. നടപ്പാതയിൽ കുപ്പിച്ചില്ലുകളും മദ്യക്കുപ്പികളും കേബിളും മറ്റും കിടക്കുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ചിലയിടങ്ങളിൽ മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പെട്ട് ഓട വൃത്തിയാക്കിയെങ്കിലും ഓടയിലെ മാലിന്യങ്ങൾ ഇതിന്റെ വശങ്ങളിൽ തന്നെ കോരി വച്ചിരിക്കുകയാണ്.
ഓടകൾക്ക് മൂടി ഇല്ലാത്തതിനാൽ ചെറിയ മഴ പെയ്താൽ പോലും മാലിന്യം വിണ്ടും ഓടയിലേക്ക് നിറയുന്ന അവസ്ഥയാണ്. മഴക്കാലമെത്തും മുമ്പേ ഓടകൾ നന്നാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്ളാബുകൾ തകർന്ന നിലയിൽ
നഗരത്തിൽ പലയിടത്തും ഓടകൾ കെണിയായി
മഴക്കാലത്ത് ഓടകൾ തുറന്നുകിടക്കുന്നത് അപകടത്തിനിടയാക്കും
സ്ളാബുകൾ ക്രമം തെറ്റിക്കിടക്കുന്നു, കമ്പികൾ തെളിഞ്ഞു
റോഡിലേക്ക് ഇറങ്ങി സഞ്ചരിക്കേണ്ട അവസ്ഥ
രാത്രി യാത്ര ദുരിതം നിറഞ്ഞതാണ്. വെളിച്ചം ഇല്ലാത്തതുകൊണ്ട് സ്ലാബുകൾ കയറിയിറങ്ങി കിടക്കുന്നത് പെട്ടന്ന് ശ്രദ്ധയിൽപെടില്ല.
യാത്രക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |