SignIn
Kerala Kaumudi Online
Saturday, 26 July 2025 11.00 AM IST

ഇടുക്കിയിൽ പരിഹരിക്കാൻ കുന്നോളം പ്രശ്നങ്ങൾ

Increase Font Size Decrease Font Size Print Page
idukki

ഒരിടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും ഇടുക്കി ജില്ലയിലെത്തിയപ്പോൾ മലയോരജനത നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങളാണ് അദ്ദേഹത്തിന് മുന്നിലെത്തിയത്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എത്തിയ മുഖ്യമന്ത്രി,​ തിങ്കളാഴ്ച നെടുങ്കണ്ടത്ത് നടത്തിയ സംവാദത്തിൽ ജില്ല നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങളാണ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

പട്ടയ പ്രശ്നം

ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജില്ലയിലെ പട്ടയ വിതരണം കോടതി നിർദേശപ്രകാരം നിറുത്തി വച്ചിരിക്കുകയാണ്. ആയിരക്കണക്കിന് പേർ പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. 2024 ജനുവരി 10നാണ് 1964ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയവിതരണം തടഞ്ഞ് ഹൈക്കോടതിയുടെ ഉത്തരവിറങ്ങിയത്. എന്നാൽ ഈ കേസിൽ കോടതിയെ യാഥാർത്ഥ്യം ബോദ്ധ്യപ്പെടുത്താൻ സർക്കാരിന് കഴിയാത്തതാണ് പട്ടയ നടപടികൾക്ക് വിലങ്ങുതടിയായതെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. 2024 ഒക്ടോബർ 24 നാണ് സി.എച്ച്.ആറിലെ പട്ടയം തടഞ്ഞ് സുപ്രീംകോടതിയുടെ ഉത്തരവിറങ്ങിയത്. ഇതോടെ ജില്ലയിലെ പട്ടയ വിതരണം പൂർണമായും നിലച്ചു. ഷോപ് സൈറ്റുകൾ, രാജാക്കാട് മേഖലയിലെ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങൾ, കല്ലാർകുട്ടിയിലെ 10 ചെയിൻ മേഖല, കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ വില്ലേജുകളിലെ മൂന്ന് ചെയിൻ മേഖലകൾ എന്നിവിടങ്ങളിൽ പട്ടയം നൽകാൻ നടപടിയുണ്ടായില്ല. ജില്ലയിൽ ഭൂരിഭാഗം പട്ടയങ്ങളും 1964ലെ ഭൂപതിവ് ചട്ടപ്രകാരവും 1993ലെ വനഭൂമി കുടിയേറ്റം ക്രമീകരിക്കൽ ചട്ടപ്രകാരവും പതിച്ചു നൽകിയതാണ്. ഭൂപതിവ് നിയമം ലംഘിച്ചുള്ള നിർമ്മാണങ്ങൾക്ക് വിലക്കേർപ്പെടുത്തി 2019 ആഗസ്റ്റ് 22ന് സർക്കാർ ഉത്തരവിറങ്ങിയതോടെ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സങ്കീർണമായി. 2023 സെപ്തംബർ 14ന് ഭൂപതിവ് നിയമഭേദഗതി നിയമസഭ പാസാക്കി. എന്നാൽ പുതിയ ചട്ടങ്ങൾ രൂപവത്കരിച്ച് നടപ്പാക്കാൻ ഇനിയും നടപടി ഉണ്ടായിട്ടില്ല.

നിർമ്മാണ നിരോധനം
ജില്ലയിലെ 13 വില്ലേജുകളിൽ ദുരന്തനിവാരണ നിയമപ്രകാരം നിർമ്മാണ നിയന്ത്രണം ഏർപ്പെടുത്തി 2024 ജൂണിൽ ജില്ലാ കളക്ടറുടെ അന്തിമ ഉത്തരവിറങ്ങി. ഈ പഞ്ചായത്തുകളിൽ റെഡ്, ഓറഞ്ച് സോണുകളിലാണ് നിർമ്മാണ നിയന്ത്രണമുള്ളത്. റെഡ് സോണിൽ 1614.5 ചതുരശ്രയടിയിൽ താഴെയുള്ള വീടുകൾ മാത്രമേ നിർമ്മിക്കാൻ അനുമതിയുള്ളൂ. ഓറഞ്ച് സോണിൽ മൂന്ന് നിലകൾ മാത്രം നിർമ്മിക്കാം. ഏലം പട്ടയ ഭൂമിയിലെ തൊഴിലാളി ലയം, ഏലം സ്റ്റോർ എന്നിവ നിർമ്മിക്കാൻ മുമ്പ് അനുമതി നൽകിയിരുന്നു. എന്നാൽ 2019 നവംബറിൽ ഏലം പട്ടയ ഭൂമിയിൽ നിർമ്മാണങ്ങൾ വിലക്കി സർക്കാർ ഉത്തരവിറക്കി. ഇത്തരം നിർമ്മാണങ്ങൾക്ക് അനുമതി നൽകിയാൽ പിന്നീട് ഫാം ഹൗസെന്ന പേരിൽ റിസോർട്ട് ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നായിരുന്നു സർക്കാർ വാദം.

വന്യമൃഗശല്യം രൂക്ഷം

അതിരൂക്ഷമായ വന്യമൃഗശല്യമാണ് ജില്ല നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധി. കാട്ടാനകളും കാട്ടുപന്നികളും ഇന്ന് കൃഷിയിടങ്ങളിലെ പതിവ് സാന്നിദ്ധ്യമായി. ജില്ലയിലെ ജനവാസ മേഖലകളിൽ കാട്ടുപന്നിയും കാട്ടുപോത്തും കാട്ടാനകളുമിറങ്ങി കൃഷി നശിപ്പിക്കുന്ന സംഭവങ്ങൾ പതിവാണ്. കാട്ടാനയുടെ ആക്രമണത്തിൽ പത്തോളം ജീവനുകളാണ് കഴിഞ്ഞ നാലുവർഷത്തിനിടെ നഷ്ടമായത്. കാട്ടുപന്നി ശല്യം നിയന്ത്രിക്കാൻ കൂടുതൽ വേട്ടക്കാരെ ഏർപ്പെടുത്തണമെന്നും ജില്ലയിൽ കൂടുതൽ ആർ.ആർ.ടി സംഘത്തെ നിയോഗിക്കണമെന്നും ആവശ്യമുണ്ട്.

കുടിയിറക്ക് ഭീഷണി

ജില്ലയിൽ 1837.10 ഏക്കർ റവന്യൂ ഭൂമിയാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംരക്ഷിത വനമായി കരട് വിജ്ഞാപനം ചെയ്തത്. ആകെ വിസ്തൃതിയുടെ പകുതിയോളം വനമുള്ള ജില്ലയിൽ വനവിസ്തൃതി വർദ്ധിപ്പിക്കുന്നത് കർഷകരെ കുടിയിറക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആശങ്കയാണ് ശക്തമാകുന്നത്. 21,5720 ഏക്കർ സി.എച്ച്.ആർ ഭൂമി വനമാണെന്നും ഇവിടത്തെ പട്ടയവും പാട്ടവും റദ്ദാക്കി ഭൂമിയേറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടന ഒരു പതിറ്റാണ്ട് മുമ്പ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഇപ്പോൾ അന്തിമ വാദം നടക്കുകയാണ്. കേസിൽ സർക്കാരിന് പ്രതികൂലമായ വിധി ഉണ്ടായാൽ ജില്ലയിലെ ലക്ഷക്കണക്കിന് കർഷകർ കുടിയിറങ്ങേണ്ടി വരും. ഇതിനിടെ പ്രളയത്തെയും കൊവിഡിനെയും അതിജീവിക്കാനായി ജില്ലയ്ക്കായി സർക്കാർ 12,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ആയിരം കോടി പോലും ഇതുവരെയും അനുവദിക്കപ്പെട്ടിട്ടില്ല.

എല്ലാത്തിനും മുഖ്യമന്ത്രിയുടെ ഉറപ്പ്

ഭൂ പതിവ് നിയമ ഭേദഗതിയുടെ ചട്ടങ്ങൾ ഉടൻ രൂപീകരിക്കുമെന്നും ഇതോടെ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകി. ഭൂപ്രദേശത്തിന്റെ പ്രത്യേകതകൾ, സവിശേഷ കാലാവസ്ഥ തുടങ്ങി ഇടുക്കിയ്ക്ക് നിരവധി പ്രത്യേകതകളുണ്ട്. ഇടുക്കിയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. 1960 ലെ ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ട രൂപീകരണം അന്തിമ ഘട്ടത്തിലാണ്. നിയമഭേദഗതി പ്രകാരം പട്ടയ ഭൂമിയിലെ വ്യവസ്ഥകളുടെ ലംഘനം ക്രമീകരിക്കാൻ കഴിയും. 1964ലെ കൃഷി ആവശ്യത്തിനായുള്ള പതിവ് ചട്ടം, 1995ലെ നഗരസഭ/ കോർപ്പറേഷൻ മേഖലയിലെ വീടിനും ചെറിയ കടകൾക്കുമുള്ള ഭൂമിയുടെ ഉപയോഗം എന്നിവയിലെ ഭൂമിയുടെ വക മാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിനും നിയമഭേദഗതിയിൽ വ്യവസ്ഥയുണ്ട്. മലയോര ജനത ജീവിത വൃത്തിക്കായി ഭൂമി തരം മാറ്റി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ലംഘനം ക്രമീകരിക്കാൻ കഴിയും. ഇതാണ് സർക്കാർ നിലപാട്. ഉപജീവനത്തിനായി ഭൂമി തരം മാറ്റി ഉപയോഗിച്ചത് ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങൾ ഭേദഗതിയിൽ ഉൾപ്പെടുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സഹകരണ സ്ഥാപനങ്ങൾ, പട്ടയഭൂമിയിൽ നിർമിച്ച സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങൾ, വായനശാലകൾ, ക്ലബുകൾ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന മറ്റു നിർമ്മിതികൾ തുടങ്ങി പൊതു ആവശ്യത്തിനായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ ക്രമീകരണം സംബന്ധിച്ച നടപടികൾക്കായി ഏകജാലക സംവിധാനം ഏർപ്പെടുത്തും. മതസ്ഥാപനങ്ങളുടെ നിർമ്മിതികൾ, സമുദായ സംഘടനയുടെ സ്ഥാപനങ്ങൾ, ഭിന്നശേഷി അവകാശ സംരക്ഷണ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങളുടെയും സർക്കാർ അർദ്ധസർക്കാർ ഭൂമിയിലെ പൊതു ആവശ്യത്തിനായുള്ള വാണിജ്യ കേന്ദ്രങ്ങളോട് കൂടിയ നിർമ്മിതികൾ എന്നിവ ഉൾപ്പെടുന്ന ഭൂമിയുടെ ക്രമീകരണം വേഗത്തിലാക്കാൻ നടപടികൾ ലഘൂകരിക്കും.

ഏത് ആവശ്യത്തിനാണോ തരം മാറ്റി ഉപയോഗിക്കുന്നത് ആ ഭൂമി ക്രമീകരിക്കാൻ അതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കണം. ഇതുമായി ബന്ധപ്പെട്ട കോടതി വിധികൾ പരശോധിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോടതി ഉത്തരവുകൾ പരിശോധിച്ച ശേഷമാകും ചട്ടങ്ങൾ രൂപീകരിക്കുക. വകമാറ്റി ഉപയോഗിച്ച ഭൂമിയുടെ ക്രമീകരണം, പുതുതായി മറ്റ് ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുന്നതിനുള്ള ചട്ടം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് ചട്ടങ്ങൾ രൂപീകരിക്കുക. നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫീസ് ഈടാക്കും. എന്നാൽ പിഴ ഈടാക്കില്ല. നിർമ്മാണ സാമഗ്രികൾക്കായി ക്വാറി അനുമതി സംബന്ധിച്ചും ഉടൻ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS: IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.