ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെ നശിപ്പിക്കാനുള്ള ചാവേറാകാനും യുദ്ധത്തിന് പോകാനും തയ്യാറെന്ന് കർണാടക ഭവന, ന്യൂനപക്ഷ ക്ഷേമ മന്ത്രി ബിസെഡ് സമീർ അഹമ്മദ് ഖാൻ. ഇന്നലെ ഒരു പത്രസമ്മേളനത്തിനിടെയാണ് മന്ത്രിയുടെ പരാമർശം. ഇതിന്റെ ദൃശ്യങ്ങൾ വളരെ വേഗം വൈറലായി.
'പാകിസ്ഥാൻ ഇപ്പോഴും ഇന്ത്യയുടെ ശത്രുവാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എന്നെ അനുവദിച്ചാൽ, ചാവേർ ബോംബായി പാകിസ്ഥാനിലേക്ക് പോയി ആക്രമണം നടത്താൻ ഞാൻ തയ്യാറാണ്. രാജ്യത്തിനായി ജീവൻ ത്യജിക്കാൻ ഞാൻ തയ്യാറാണ്. ഞാൻ ഇത് തമാശയായല്ല ഗൗരവമായി തന്നെയാണ് പറയുന്നത്. പഹൽഗാം ആക്രമണം ക്രൂരവും മനുഷ്യത്വരഹിതവുമാണ്. തീവ്രവാദത്തിനെതിരെ ഓരോ ഇന്ത്യക്കാരനും ഒന്നിക്കണം. കൂടുതൽ കർശനമായ ദേശീയ സുരക്ഷാ നടപടികൾ വേണം', ബിസെഡ് സമീർ അഹമ്മദ് ഖാൻ പറഞ്ഞു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിലപാടിന് വിരുദ്ധമായിരുന്നു മന്ത്രിയുടെ നിലപാട്. "യുദ്ധം പരിഹാരമല്ല. അത് ഇരുവശത്തും കൂടുതൽ ജീവൻ നഷ്ടപ്പെടാൻ മാത്രമേ ഇടയാക്കൂ. വൈകാരിക പൊട്ടിത്തെറികളല്ല, മറിച്ച് ദേശീയ താൽപ്പര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിവേകത്തോടെ പ്രവർത്തിക്കുകയുമാണ് വേണ്ടത്", എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.
കാശ്‌മീരിലെ പഹൽഗാമിൽ 2025 ഏപ്രിൽ 22നുണ്ടായ ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളാണ് മരിച്ചത്. 20ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |