തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതി രാജ്യത്തിന് സമർപ്പിച്ച ശേഷം മലയാളത്തിൽ പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ വീണ്ടും എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്‌തു.
മോദിയുടെ വാക്കുകൾ:
ഏവർക്കും എന്റെ നമസ്‌കാരം. ശ്രീ അനന്തപത്മനാഭന്റെ മണ്ണിലേക്ക് ഒരിക്കൽ കൂടി വരാൻ സാധിച്ചതിൽ സന്തോഷം. ആദിശങ്കരാചാര്യ ജയന്തി ആണിന്ന്. മൂന്ന് വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നു. കേരളത്തില്‍ നിന്ന് പുറപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മഠങ്ങള്‍ സ്ഥാപിച്ച് രാഷ്ട്രചൈതന്യം നിറയ്ക്കാന്‍ ശ്രമിച്ചു. ഈ ചരിത്രനിമിഷത്തില്‍ അദ്ദേഹത്തിന് മുന്നില്‍ ശിരസ് നമിക്കുന്നു.
കേരളത്തിലെ ജനങ്ങൾക്കും ദേശവാസികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. സുഹൃത്തുക്കളേ, കേരളത്തിന്റെ ഒരുഭാഗത്ത് വിശാലസാദ്ധ്യതകളുള്ള സമുദ്രം. മറുഭാഗത്ത് പ്രകൃതിരമണീയമായ പ്രദേശങ്ങള്‍. ഇതിനിടയിലാണ് പുതുതലമുറ വികസനത്തിന്റെ മാതൃകയായി വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത്. 8800 കോടി രൂപ മുതൽമുടക്കിയാണ് വിഴിഞ്ഞം പോർട്ട് സ്ഥാപിച്ചത്.
ഇപ്പോഴത്തെ ട്രാൻസ്‌ഷിപ്പ്‌മെന്റ് ഹബ് നിലവിലുള്ള ക്ഷമതയിൽ നിന്നും മൂന്നിരട്ടിയായി വരുംകാലത്ത് വർദ്ധിപ്പിക്കും. അതോടെ ലോകത്തിലുള്ള വലിയ ചരക്ക് കപ്പലുകൾക്ക് ഇവിടെ എത്തിച്ചേരാനാകും. ഇത്രയും കാലം ഭാരതത്തിന് പുറത്തുള്ള പോർട്ടുകളിലാണ് 75 ശതമാനത്തിലധികം ട്രാൻസ്‌ഷിപ്പ്‌മെന്റ് നടന്നിരുന്നത്. ഇതിലൂടെ രാജ്യത്തിന് വളരെയധികം സാമ്പത്തിക നഷ്‌ടം ഉണ്ടാകുമായിരുന്നു. ഈ സ്ഥിതിക്ക് ഇനി മാറ്റം കൊണ്ടുവരും. രാജ്യത്തിന്റെ പണം നമുക്കുതന്നെ പ്രയോജനപ്പെടും. പുറത്തേക്ക് ഒഴുകിയിരുന്ന പണം ഇനി കേരളത്തിനും വിഴിഞ്ഞം പോർട്ടിനും അതിലൂടെ ജനങ്ങൾക്കും പ്രയോജനപ്പെടും.
സമുദ്രവ്യാപാരത്തില്‍ കേരളത്തിന്റെ പങ്ക് മുന്‍പ് ഏറെ വലുതായിരുന്നു. അറബിക്കടലിലൂടെ വ്യാപാരത്തിനായി മറ്റു രാജ്യങ്ങളിലേക്ക് ആളുകള്‍ പോയിരുന്നു. ഈ ചാനല്‍ വീണ്ടും ശക്തിപ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
അദാനി വളരെ വേഗത്തിൽ തന്നെ വിഴിഞ്ഞം പോർട്ട് നിർമാണം പൂർത്തിയാക്കി. 30 വർഷമായി ഗുജറാത്തിൽ അദാനിയുടെ പോർട്ട് പ്രവർത്തിക്കുകയാണ്. എന്നാൽ, ഇത്രയും വലിയ പോർട്ട് അദ്ദേഹം നിർമിച്ചുനൽകിയത് കേരളത്തിലെ വിഴിഞ്ഞത്താണ്. അതിന് ഗുജറാത്തിലെ ജനങ്ങളുടെ പരാതി അദ്ദേഹം കേൾക്കേണ്ടിവരും.
ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളാണല്ലോ മുഖ്യമന്ത്രി പിണറായി വിജയനും ശശി തരൂരും. ഇന്നത്തെ ഈ ചടങ്ങ് പലരുടെയും ഉറക്കം കെടുത്തുന്നതാണ്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് രാജ്യത്തിന്റെ വന്‍ വികസന പദ്ധതികള്‍ നടക്കുന്നത്. തുറമുഖ മന്ത്രി പ്രസംഗിക്കുമ്പോള്‍ സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് അദാനിയെ ചൂണ്ടിപ്പറഞ്ഞു. ഒരു കമ്യൂണിസ്റ്റ് മന്ത്രിയാണ് ഇത് പറഞ്ഞത്. ഇതാണ് മാറുന്ന ഭാരതത്തിന്റെ സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |